News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Thursday, 3 November 2011

യാക്കോബായ സുറിയാനി സഭാ വിശ്വാസികളില്‍ എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളിലും അംഗങ്ങളായിട്ടുള്ളവര്‍ ഉണ്ടാകാം. അതുകൊണ്ടുതന്നെ രാഷ്ട്രീയമായ ഒരു നിലപാടും സഭ കൈക്കൊള്ളാറില്ല. രാഷ്ട്രീയവിഷയങ്ങളില്‍ യാക്കോബായ സുറിയാനി സഭ എന്നും നിഷ്പക്ഷമായ സമീപനമാണ് കൈക്കൊണ്ടിട്ടുള്ളത്. സഭയുടെ ഔദ്യോഗിക നിലപാടും അതുതന്നെയാണെന്ന് സഭ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

കൂത്താട്ടുകുളം: പിറവം നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന് ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകളുട തീരുമാനങ്ങള്‍ ഇരുമുന്നണിക്കും നിര്‍ണായകമാകും. സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതുമുതലുള്ള കാര്യങ്ങളില്‍ സഭകളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കുന്ന വിധത്തില്‍ ഇരുമുന്നണികളുടെയും ചര്‍ച്ചകള്‍ സജീവമാകുന്നുവെന്നതാണ് ആദ്യഘട്ടത്തില്‍ ലഭിക്കുന്ന സൂചന.

ടി.എം.ജേക്കബിന്റെ കുടുംബത്തില്‍പ്പെട്ട ഒരാളെ സ്ഥാനാര്‍ഥിയാക്കണമെന്നും മന്ത്രിസഭയില്‍ യാക്കോബായ വിഭാഗത്തിന്റെ പ്രതിനിധിയുണ്ടാകണമെന്നുമുള്ള നിര്‍ദേശങ്ങള്‍ ഉയര്‍ന്നതോടെയാണ് ഇരുസഭകളുടെയും അഭിപ്രായങ്ങള്‍ക്ക് പരിഗണനയുണ്ടാകുമെന്ന വ്യക്തമായ സൂചനയുണ്ടായിരിക്കുന്നത്. ഓര്‍ത്തഡോക്‌സ് സഭയിലെ കണ്ടനാട് ഈസ്റ്റ്, കണ്ടനാട് വെസ്റ്റ്, ഭാഗികമായി കൊച്ചി എന്നീ ഭദ്രാസനപ്രദേശങ്ങളാണ് പിറവം നിയമസഭാമണ്ഡലത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. യാക്കോബായ സഭയിലെ കണ്ടനാട്, കൊച്ചി ഭദ്രാസനങ്ങളാണ് മണ്ഡലങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

മണ്ഡലത്തിലെ വിവിധ ദേവാലയങ്ങളില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. മാമ്മലശ്ശേരി, പിറവം, നെച്ചൂര്‍, മുളന്തുരുത്തി, കാഞ്ഞിരമറ്റം, കണ്യാട്ട്‌നിരപ്പ്, ഓണക്കൂര്‍, ആട്ടിന്‍കുന്ന്, വടകര, മണ്ണത്തൂര്‍, പിറമാടം പ്രദേശങ്ങളിലൊക്കെ സഭാതര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മാമ്മലശ്ശേരിയുള്‍പ്പെടെ ചില സ്ഥലങ്ങളില്‍ കഴിഞ്ഞദിവസവും തര്‍ക്കങ്ങള്‍ രൂക്ഷമായിരുന്നു.

കോലഞ്ചേരി പള്ളിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകളും സഭകളില്‍ സജീവചര്‍ച്ചയാകും. തര്‍ക്കങ്ങള്‍സംബന്ധിച്ച് സര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ നോക്കിക്കണ്ട് മണ്ഡലത്തില്‍ തീരുമാനമെടുക്കണമെന്നതാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍ നടക്കുന്ന ആദ്യചര്‍ച്ചകള്‍. പാമ്പാക്കുട, കിഴുമുറി പ്രദേശങ്ങള്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ശക്തമായ പിന്‍ബലമുള്ള കേന്ദ്രങ്ങളാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 157 വോട്ടുകള്‍മാത്രമാണ് യുഡിഎഫിന്റെ ഭൂരിപക്ഷം.

ഓര്‍ത്തഡോക്‌സ് സഭ എടുക്കുന്ന തീരുമാനങ്ങള്‍ ഇരുമുന്നണികളുടെ സ്ഥാനാര്‍ഥികളുടെയും ജയത്തിനോ തോല്‍വിക്കോ കാരണമാകുമെന്നും വടക്കന്‍മേഖലയില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് നിയമസഭാ പ്രതിനിധികളുടെ പിന്‍ബലമില്ലാത്തത് പ്രധാന പ്രശ്‌നമാണെന്നും ചര്‍ച്ചകളുണ്ട്. സഭാ മാനേജിങ് കമ്മിറ്റിയും ഭദ്രാസന കൗണ്‍സിലുമായിരിക്കും ഇതുസംബന്ധിച്ച ഭാവിതീരുമാനങ്ങളെടുക്കുക.

എന്നാല്‍, യാക്കോബായ വിഭാഗത്തിന് ശക്തമായ വേരോട്ടമുള്ള കൂത്താട്ടുകുളം മേഖലയും പിറവം മേഖലയും സഭാതീരുമാനങ്ങള്‍ക്ക് അനുകൂലമായി നിലകൊള്ളുമെന്ന് കരുതുന്നു.

അതേസമയം യാക്കോബായ സഭ ഒരു മുന്നണിക്കനുകൂലമായി നില്‍ക്കുന്നുവെന്നവിധത്തില്‍ ചില കേന്ദ്രങ്ങളില്‍നിന്ന് വന്ന വാര്‍ത്തകള്‍ സഭ ഔദ്യോഗികമായി തിരുത്തി.

യാക്കോബായ സുറിയാനി സഭാ വിശ്വാസികളില്‍ എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളിലും അംഗങ്ങളായിട്ടുള്ളവര്‍ ഉണ്ടാകാം. അതുകൊണ്ടുതന്നെ രാഷ്ട്രീയമായ ഒരു നിലപാടും സഭ കൈക്കൊള്ളാറില്ല. രാഷ്ട്രീയവിഷയങ്ങളില്‍ യാക്കോബായ സുറിയാനി സഭ എന്നും നിഷ്പക്ഷമായ സമീപനമാണ് കൈക്കൊണ്ടിട്ടുള്ളത്. സഭയുടെ ഔദ്യോഗിക നിലപാടും അതുതന്നെയാണെന്ന് സഭ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

രാഷ്ട്രീയപാര്‍ട്ടികളുടെ സ്ഥാനാര്‍ഥിനിര്‍ണയം അടക്കമുള്ള തീരുമാനങ്ങളില്‍ ഒരുതരത്തിലുമുള്ള സ്വാധീനം ചെലുത്തുവാന്‍ സഭ ആഗ്രഹിക്കുന്നില്ല. ജനാധിപത്യപ്രക്രിയയില്‍ സമുദായരാഷ്ട്രീയതാത്പര്യങ്ങള്‍ക്കതീതമായി രാജ്യത്തിനും സമൂഹത്തിനും പ്രയോജനപ്പെടുന്നവരെ തിരഞ്ഞെടുക്കുവാനുള്ള വിവേചനാധികാരം ജനങ്ങള്‍ക്കു മാത്രമുള്ളതാണെന്ന് യാക്കോബായ സഭ കരുതുന്നതായി അദ്ദേഹം വ്യക്തമാക്കി.

No comments:

Post a Comment