News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Sunday, 27 November 2011

കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിത്തര്‍ക്കം

സഭാതര്‍ക്കം തീര്‍ക്കാന്‍ വിശ്വാസികള്‍ക്കിടയില്‍ ഹിതപരിശോധന?
Image
കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിത്തര്‍ക്കം പരിഹരിക്കാന്‍ നടത്തിയ അനുരഞ്ജനശ്രമം പരാജയപ്പെട്ടു. യാക്കോബായ, ഓര്‍ത്തഡോക്‌സ് സഭാ കാതോലിക്കാ ബാവമാര്‍ നടത്തിവരുന്ന ഉപവാസ സമരം നാലാംദിവസത്തിലേക്കു കടന്നതോടെ സംഘര്‍ഷാവസ്ഥ രൂക്ഷമായി. ഇന്നലെ വൈകിട്ടോടെ ബാവാമാരെ അറസ്റ്റ് ചെയ്ത് നീക്കിയേക്കുമെന്നുള്ള അഭ്യൂഹം ശക്തമായിരുന്നു. കോലഞ്ചേരി പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്ന് യാക്കോബായ സഭ ആവശ്യപ്പെടുമ്പോള്‍, തങ്ങള്‍ക്കനുകൂലമായ കോടതി വിധി നടപ്പാക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭ ആവശ്യപ്പെടുന്നു.അതേസമയം സഭാതര്‍ക്കം രൂക്ഷമായ പള്ളികളില്‍ പ്രശ്‌നപരിഹാരത്തിനുവേണ്ടി വിശ്വാസികള്‍ക്കിടയില്‍ ഹിതപരിശോധന നടത്തണമെന്ന ആവശ്യവും സര്‍ക്കാര്‍ പരിഗണനയില്‍. തര്‍ക്കം ക്രമസമാധാനപ്രശ്‌നമായി വളര്‍ന്ന നിലയ്ക്കു പരിഹാരത്തിനു വേറേ വഴിയില്ലെന്ന വിദഗ്‌ധോപദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. ന്യൂനപക്ഷം ഭൂരിപക്ഷത്തിനുമേല്‍ അധികാരമുറപ്പിക്കാന്‍ ശ്രമിക്കുന്നതാണ് സംഘര്‍ഷത്തിലേക്കു നീങ്ങുന്നതെന്നാണ് സര്‍ക്കാരിനു ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കഴിയുന്നത്ര പള്ളികളില്‍ പൊതുയോഗം വിളിച്ചുകൂട്ടി തീരുമാനമെടുക്കാന്‍ അവസരമൊരുക്കാനാണ് ആലോചിക്കുന്നത്.
ഇടവകഭരണം ഇടവക പൊതുയോഗ തീരുമാനമനുസരിച്ചാകണമെന്ന 1995 ലെ സുപ്രീംകോടതിയുടെ അന്തിമവിധിയും സര്‍ക്കാര്‍ പരിഗണിക്കുന്നു. ഇടവകയോഗം അംഗീകരിക്കുന്ന ഭരണഘടനപ്രകാരം പള്ളിഭരണം നടത്തണമെന്നാണു സുപ്രീംകോടതി വിധി. 1934 ലെ ഭരണഘടന മലങ്കരയിലെ എല്ലാ പള്ളികള്‍ക്കും ബാധകമാണെന്ന പ്രചാരണവും അതു നടപ്പാക്കാന്‍ ശ്രമിക്കുന്നതും കക്ഷിവഴക്ക് രൂക്ഷമാക്കുകയാണ്. വിശ്വാസത്തിന്റെ പ്രശ്‌നമായതിനാല്‍ സഭാതര്‍ക്കം കോടതിവഴി പരിഹരിക്കാന്‍ ശ്രമിക്കുന്നതിനെ കോടതിയും നിരുല്‍സാഹപ്പെടുത്തുന്നു. ഇനി നൂറുവര്‍ഷംകൂടി കേസ് നടത്തിയാലും തര്‍ക്കം തീരില്ലെന്നാണു ഹൈക്കോടതി അഭിപ്രായപ്പെട്ടത്. മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹാരം കാണാന്‍ ശ്രമിക്കണമെന്നും ഹൈക്കോടതി നിര്‍ദേശമുണ്ട്.
പള്ളികളില്‍ നിലവിലുള്ള അധികാരാവകാശങ്ങള്‍ ഉപേക്ഷിക്കാന്‍ ഇരുപക്ഷവും തയാറാകാത്ത സ്ഥിതിക്ക് പ്രശ്‌നപരിഹാരത്തിനു മധ്യസ്ഥ ഇടപെടലിനെ ആശ്രയിക്കാവുന്നതാണ്. ഇതു കണക്കിലെടുത്താണ് എറണാകുളം ജില്ലാ കലക്ടര്‍ ഹൈക്കോടതി മീഡിയേഷന്‍ സെല്ലിന്റെ സഹായം തേടിയത്. മധ്യസ്ഥ ചര്‍ച്ചയ്ക്കായി അഭിഭാഷകരായ ധര്‍മ്മദന്‍, ശ്രീലാല്‍ വാര്യര്‍ എന്നിവരെ നിയോഗിച്ചെങ്കിലും ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു യോജിപ്പില്ല. യാക്കോബായ വിഭാഗം മധ്യസ്ഥ ചര്‍ച്ചകള്‍ക്കു സന്നദ്ധത അറിയിച്ചിട്ടുണ്ട്.
തൃക്കുന്നത്ത് സെമിനാരിപ്പള്ളി ഇടവകയല്ലെന്നും 1934 ലെ ഭരണഘടനാപ്രകാരം ഭരിക്കപ്പെടേണ്ടതല്ലെന്നും നേരത്തേ പള്ളികോടതി വിധിച്ചതാണ്. എന്നിട്ടും ഓര്‍ത്തഡോക്‌സ് പക്ഷം സെമിനാരിയില്‍നിന്നു മാറിയിട്ടില്ല. അവിടെ തല്‍സ്ഥിതി തുടരുമ്പോള്‍ ഇതേ കോടതിയുടെ തന്നെ വിധി കോലഞ്ചേരിയില്‍ എങ്ങനെ നടപ്പാക്കാന്‍ കഴിയുമെന്നാണു ചോദ്യം. മുളന്തുരുത്തി മാര്‍ത്തോമന്‍ കത്തീഡ്രലില്‍ പള്ളിഭരണം യാക്കോബായ വിഭാഗത്തിനാണ്. എന്നാല്‍ മാസത്തില്‍ ഒരാഴ്ച ഓര്‍ത്തഡോക്‌സ് പക്ഷത്തിനു കോടതി അനുവദിച്ചിട്ടുണ്ട്.
അതുപോലെ കോലഞ്ചേരിയില്‍ ഭരണം ഓര്‍ത്തഡോക്‌സ് പക്ഷത്തിനും മാസത്തില്‍ ഒരാഴ്ച യാക്കോബായ വിഭാഗത്തിനും നല്‍കാവുന്നതാണെന്ന വാദവും ഇന്നലെ ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടു. എന്നാല്‍ കോടതിക്കു പുറത്തുള്ള തീരുമാനങ്ങള്‍ക്കു തയാറല്ലെന്ന് ഓര്‍ത്തഡോക്‌സ് പക്ഷം അറിയിച്ചു. കോലഞ്ചേരിക്കു സമീപമുള്ള വലമ്പൂര്‍ പള്ളിയില്‍ ഇരുവിഭാഗങ്ങളും സമാധാനമായി വീതംവച്ചു പിരിഞ്ഞത് അടുത്തിടെയാണ്. ഇതേ സാഹചര്യമാണ് കോലഞ്ചേരി പള്ളിയിലുള്ളത്.
കോലഞ്ചേരി പള്ളിക്ക് 1913ല്‍ തയാറാക്കിയ ഉടമ്പടിയുണ്ട്. 1959 ലാണ് കോലഞ്ചേരി പള്ളി പൊതുയോഗം 1934 ലെ ഭരണഘടന അംഗീകരിച്ചത്. 1934 നും 1959 നുമിടയിലെ 25 വര്‍ഷം പള്ളിഭരണം 1913 ലെ പള്ളിഭരണഘടന അനുസരിച്ചായിരുന്നു. 1959 ല്‍ ഇരുവിഭാഗവും യോജിച്ചാണ് 1934 ലെ ഭരണഘടന സ്വീകരിച്ചത്. 1971 ലാണ് കോലഞ്ചേരി പള്ളിയില്‍ രണ്ടുകക്ഷിയും ഒന്നിച്ച് പൊതുയോഗം ചേര്‍ന്നത്. തര്‍ക്കമുണ്ടായപ്പോള്‍ നിലവിലുള്ള സ്ഥിതി കോടതിക്ക് അംഗീകരിക്കേണ്ടിവന്നു.
തര്‍ക്കശേഷം ഒന്നിച്ചുള്ള പൊതുയോഗം ചേരാന്‍ കഴിയാത്തതിനാല്‍ 1934 ലെ ഭരണഘടന തള്ളണമെന്നോ കൊള്ളണമെന്നോ എന്നു നിര്‍ണയിക്കാന്‍ കഴിയാത്ത അവസ്ഥയാണ് കോലഞ്ചേരി ഇടവകയ്ക്കുള്ളത്. കോടതിയും സര്‍ക്കാരും ഇടപെട്ട് പൊതുയോഗം വിളിച്ചുചേര്‍ത്താല്‍ ഈ പ്രശ്‌നം പരിഹരിക്കാമെന്ന് അഭിപ്രായമുള്ളവര്‍ രണ്ടുപക്ഷത്തുമുണ്ട്. നിയമാനുസൃതം ഇരുകൂട്ടരും നിരീക്ഷകന്റെ മേല്‍നോട്ടത്തിലെടുക്കുന്ന പൊതുയോഗ തീരുമാനം എല്ലാവര്‍ക്കും സ്വീകാര്യവുമാകും. ഇരുവിഭാഗത്തിന്റെയും ഇടവക ലിസ്റ്റില്‍നിന്ന് വോട്ടര്‍പട്ടികയുണ്ടാക്കാനും വിഷമമില്ല. പള്ളിയിലെ ഭൂരിപക്ഷം കണക്കാക്കി വീതം നിശ്ചയിച്ചു പിരിയുകയാണ് അഭികാമ്യമെന്നാണ് അധികൃതരുടെ അഭിപ്രായം.

No comments:

Post a Comment