News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Wednesday 23 November 2011

ഡാം 999

ന്യൂഡല്‍ഹി : അണക്കെട്ട്‌ തകര്‍ന്ന്‌ നിരവധിപേര്‍ മരിക്കുന്ന പ്രമേയവുമായി എത്തുന്ന 'ഡാം 999' എന്ന ഹോളിവുഡ്‌ ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ തമിഴ്‌നാട്ടില്‍നിന്നുള്ള ഡി.എം.കെ. അംഗങ്ങള്‍ ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി ബഹളംവച്ചു. അണക്കെട്ട്‌ മേഖലയില്‍ ഭൂകമ്പമുണ്ടായതും അണകെട്ടില്‍ വിള്ളല്‍ കണ്ടെത്തിയതും പ്രതിരോധത്തിലാക്കിയതു മറികടക്കാനെന്ന രീതിയിലായിരുന്നു ഇവരുടെ പ്രതികരണം. അതേസമയം, മുല്ലപ്പെരിയാര്‍ തര്‍ക്കത്തില്‍ മധ്യസ്‌ഥതവഹിക്കാന്‍ കേന്ദ്രം തയാറാണെന്നു കേന്ദ്രജലവിഭവ വകുപ്പു മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ ഇന്നലെ ഒരു ടി വി ചാനലിനോടു പറഞ്ഞു. സിനിമയുടെ പ്രമേയം മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടതാണെന്നും തമിഴ്‌നാടിന്റെ താല്‍പര്യങ്ങള്‍ക്ക്‌ എതിരാണെന്നും ചൂണ്ടിക്കാട്ടിയാണ്‌ എം.പിമാര്‍ ഇന്നലെ ബഹളം തുടങ്ങിയത്‌. കരാന്റെ അടിസ്‌ഥാനത്തില്‍ 999 വര്‍ഷം തമിഴ്‌നാടിന്റെ നിയന്ത്രണത്തത്തിലുളള അണക്കെട്ടിനെക്കുറിച്ച്‌ ഭീതിയുളവാക്കുന്ന വിധത്തില്‍ മലയാളിയായ സംവിധായകന്‍ സിനിമയെടുത്തശേഷം 'ഡാം 999' എന്ന പേര്‌ നല്‍കിയത്‌ പോലും മനഃപൂര്‍വമാണെന്നു ഡി.എം.കെ. ആരോപിക്കുന്നു. ഇരുസംസ്‌ഥാനങ്ങളിലേയും ജനങ്ങള്‍ തമ്മിലുളള ബന്ധം വഷളാക്കാന്‍ മാത്രമാണു സിനിമ ഉപകരിക്കുന്നതെന്നു ഡി.എം.കെ. മേധാവി കരുണാനിധി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സിനിമയെക്കുറിച്ച്‌ വാര്‍ത്തയുളള പത്രവും ഉയര്‍ത്തിപിടിച്ച്‌ ടി.ആര്‍. ബാലുവിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധം ശക്‌തമായതോടെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗും യു.പി.എ. അധ്യക്ഷ സോണിയാഗാന്ധിയും ബാലുവിനെ അടുത്തേക്കു വിളിച്ച്‌ കാര്യം ആരാഞ്ഞു. കേരളവും തമിഴ്‌നാടുമായി നിയമപോരാട്ടം നടക്കുന്നതിനിടെ ഇത്തരത്തില്‍ ചിത്രം പുറത്തിറങ്ങുന്നതു ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്ന്‌ ബാലു ഇവരെ ധരിപ്പിച്ചു. ഇക്കാര്യം വാര്‍ത്താപ്രക്ഷേപണ വകുപ്പു മന്ത്രിയുമായി ചര്‍ച്ചചെയ്യാമെന്ന്‌ ഇരുവരും അറിയിച്ചതോടെ ഡി.എം.കെ. അംഗങ്ങള്‍ പ്രതിഷേധത്തില്‍നിന്നു പിന്മാറി. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ പി.ടി. തോമസ്‌ എം.പി. സഭയില്‍ പ്ലാക്കാര്‍ഡ്‌ ഉയര്‍ത്തി പ്രതിഷേധിച്ചു.

സുപ്രീംകോടതിയുടെ അന്തിമവിധിക്ക്‌ കാത്തുനില്‍ക്കാതെ കോടതിക്കു പുറത്ത്‌ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ കേന്ദ്രം ഇടപെടണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടപ്പോള്‍ മനസ്‌ തുറക്കാതിരുന്ന കേന്ദ്ര ജലസേചന വകുപ്പ്‌ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ ടിവി ചാനലിനോട്‌ മധ്യസ്‌ഥതയ്‌ക്കുള്ള താല്‍പര്യം അറിയിച്ചു. തമിഴ്‌നാട്ടില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരേ കഴിഞ്ഞ ദിവസം എം.ഡി.എം.കെ.യും പി.എം.കെ.യും രംഗത്തിറങ്ങിയിരുന്നു. ചെന്നെയിലെ പ്രസാദ്‌ ലാബിന്റെ തിയറ്ററില്‍ നടത്താനിരുന്ന ട്രെയിലറിന്റെ റോളുകള്‍ പ്രതിഷേധക്കാര്‍ നശിപ്പിച്ചു. ഇതോടെ തമിഴ്‌നാട്ടില്‍ സിനിമ പ്രദര്‍ശിപ്പിക്കേണ്ടെന്നു തീയറ്റര്‍ ഉടമകള്‍ തീരുമാനിച്ചിരിക്കുകയാണ്‌.

മുല്ലപ്പെരിയാറല്ല വിഷയമെന്ന്‌ അണിയറക്കാര്‍

ന്യൂഡല്‍ഹി: മുല്ലപെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടതാണെന്ന തരത്തില്‍ യാതൊരുസൂചനയും 'ഡാം 999'എന്ന ചിത്രത്തിലില്ലെന്നു സിനിമയുടെ പ്രൊജക്‌ട് മാനേജരായ സുമേഷ്‌ രാമന്‍കുട്ടി 'മംഗള'ത്തോട്‌ പറഞ്ഞു. 2009 സെപ്‌റ്റംബര്‍ ഒന്‍പതിനു നടക്കുന്ന അണക്കെട്ട്‌ തകര്‍ച്ചയെന്ന രീതിയിലാണ്‌ സിനിമയില്‍ അവതരിപ്പിക്കുന്നത്‌. 2008 ല്‍ ചിത്രീകരിച്ച സിനിമ 2009 സെപ്‌റ്റംബര്‍ ഒന്‍പതിനുതന്നെ(9-9-9) പുറത്തിറക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതികപ്രശ്‌നങ്ങളാല്‍ നീണ്ടുപോകുകയായിരുന്നു. 9 കഥാപാത്രങ്ങളും 9 ഭാവങ്ങളും 9 രസങ്ങളുമാണ്‌ സിനിമയുടെ പ്രത്യേകത. 1975 ലെ ചൈനയിലെ ബാങ്കിയോ അണക്കെട്ട്‌ തകര്‍ച്ചയാണ്‌ സിനിമയ്‌ക്കു പ്രേരണ. 2009 ല്‍ പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രത്തെ നിലവിലെ സാഹചര്യവുമായി കൂട്ടിയിണക്കി രാഷ്‌ട്രീയ നേട്ടത്തിന്‌ ഉപയോഗിക്കുന്നത്‌ ശരില്ലെന്ന്‌ സുമേഷ്‌ പറയുന്നു. തീയറ്ററുടമകളുടെ സമരം മൂലം കേരളത്തില്‍ ചിത്രം റിലീസ്‌ ചെയ്യാന്‍ കഴിയുന്നില്ല. മലയാളിയായ സോഹന്‍റോയിയാണ്‌ സിനിമയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്‌.

No comments:

Post a Comment