News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Tuesday, 22 November 2011

എങ്ങോട്ടൊഴുകും പിറവം പിറവത്ത് ആര്‍ക്ക് വോട്ടുചെയ്യണമെന്ന് സഭാമക്കള്‍ക്ക് അറിയാം-ശ്രേഷ്ഠബാവ

കോലഞ്ചേരി: പിറവം ഉപതിരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ടുചെയ്യണമെന്ന് മണ്ഡലത്തിലെ അമ്പതിനായിരത്തോളംവരുന്ന യാക്കോബായ സഭാ വിശ്വാസികള്‍ക്ക് അറിയാമെന്ന് ശ്രേഷ്ഠ കാതോലിക്കാ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ പുത്തന്‍കുരിശില്‍ പറഞ്ഞു.

ആര്‍ക്ക് വോട്ടുചെയ്യണമെന്ന് സഭ പ്രത്യേക നിര്‍ദേശങ്ങള്‍ വച്ചിട്ടില്ല. സ്ഥാനാര്‍ഥിയെസംബന്ധിച്ചും പ്രത്യേക താല്പര്യങ്ങള്‍ മുന്നോട്ടുവച്ചിട്ടില്ല. ടി.എം. ജേക്കബ് മരിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തോട് സഭയുടെ അനുതാപപൂര്‍ണമായ സമീപനം അറിയിച്ചിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ്‌സര്‍ക്കാരും ഇപ്പോഴത്തെ യുഡിഎഫ്‌സര്‍ക്കാരും സഭയെ ഇതുവരെ സഹായിച്ചിട്ടുള്ളവരാണ്, സഹായിച്ചുകൊണ്ടിരിക്കുകയുമാണ്. സഭയെ സഹായിക്കുന്നവരെ സഭയും സഹായിച്ചിട്ടുണ്ട്. സഭ, ജയിക്കണമെന്ന് ആഗ്രഹിച്ചവര്‍ വിജയിച്ചിട്ടുമുണ്ട്. സഭ, തോല്‍ക്കണമെന്നാഗ്രഹിച്ചവര്‍ തോറ്റിട്ടുമുണ്ട്. സഭയില്‍ എല്ലാ രാഷ്ട്രീയ ചിന്താഗതിക്കാരുമുണ്ടാകാം. അതുകൊണ്ട് സഭ രാഷ്ട്രീയ നിലപാടുകള്‍ കൈക്കൊള്ളാറില്ല. എല്ലാ രാഷ്ട്രീയകക്ഷികളോടും സമദൂര നിലപാടാണുള്ളത്. രാജ്യത്തിനും സമൂഹത്തിനും പ്രയോജനപ്പെടുന്നവരെ തിരഞ്ഞെടുക്കാന്‍ ജനാധിപത്യപ്രക്രിയയില്‍ ജനങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട്. ഇതാണ് സഭയുടെ നിലപാടെന്നും ബാവ വ്യക്തമാക്കി.

1 comment: