News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Friday 18 November 2011

'ഇടുക്കി, കോട്ടയം ജില്ലകളില്‍ വീണ്ടും ഭൂചലനം :മുല്ലപ്പെരിയാറില്‍ ചോര്‍ച്ച കൂടി

കട്ടപ്പന/കുമളി/ഈരാറ്റുപേട്ട: ഒരു മാസത്തെ ഇടവേളയ്‌ക്കുശേഷം ഇടുക്കി-കോട്ടയം ജില്ലകളില്‍ വീണ്ടും ഭൂചലനം. ഇന്നലെ പുലര്‍ച്ചെ അഞ്ചിനുശേഷം രണ്ടു തവണ അനുഭവപ്പെട്ട ഭൂചലനത്തില്‍ കട്ടപ്പന മേഖലയിലെ പത്തിലധികം വീടുകള്‍ക്കും കോതപാറ ക്രിസ്‌തുരാജ പള്ളിക്കും വളകോട്‌ മലനാട്‌ സഹകരണ ബാങ്ക്‌ മന്ദിരത്തിനും കേടുപാടു സംഭവിച്ചു.

ഉപ്പുതറ മേഖലയിലാണ്‌ ഏറെ നാശം വിതച്ചത്‌. ഉപ്പുതറ, കട്ടപ്പന, ഇടുക്കി, കുളമാവ്‌, മുട്ടം, തൊടുപുഴ, മുല്ലപ്പെരിയാര്‍ എന്നിവിടങ്ങളില്‍ കമ്പനം അനുഭവപ്പെട്ടു. കോട്ടയം ജില്ലയിലെ വെള്ളികുളം, തലനാട്‌, അടിവാരം, ഈരാറ്റുപേട്ട, അടുക്കം, പൂഞ്ഞാര്‍, വാഗമണ്‍, പാലാ തുടങ്ങിയ പ്രദേശങ്ങളിലും നേരിയ ചലനവും മുഴക്കവും അനുഭവപ്പെട്ടു.

2000 ഡിസംബര്‍ 12-നായിരുന്നു ഈ പ്രദേശത്ത്‌ ശക്‌തമായ ഭൂചലനം അനുഭവപ്പെട്ടത്‌. അന്ന്‌ നിരവധി വീടുകള്‍ക്ക്‌ നാശനഷ്‌ടം സംഭവിച്ചിരുന്നു. ഇന്നലെ പലയിടങ്ങളിലും പാത്രങ്ങള്‍ താഴെ വീണു. ചില സ്‌ഥലങ്ങളില്‍ ഭിത്തി ഉരുണ്ടുവീഴുന്ന പ്രതീതി അനുഭവപ്പെട്ടു. വളകോട്ടിലെ നിരവധി വീടുകള്‍ക്കു വിള്ളല്‍ വീണു. പല വ്യാപാരശാലകള്‍ക്കും കേടുപാടുണ്ടായി.

പുലര്‍ച്ചെ 5.27 നായിരുന്നു ആദ്യചലനം. ഒരു മിനിറ്റോളം നീണ്ടു. റിക്‌ടര്‍ സ്‌കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തി. 18 മിനിറ്റിനുശേഷം രണ്ടാം ചലനം. 3.4 തീവ്രത രേഖപ്പെടുത്തി. കമ്പനം ഒന്നര മിനിറ്റോളം നീണ്ടു. ആദ്യചലനത്തിന്റെ പ്രഭവകേന്ദ്രം ഉളുപ്പൂണിക്കടുത്തുള്ള വള്ളക്കാനമാണ്‌. രണ്ടാമത്തെ ചലനത്തിന്റെ പ്രഭവകേന്ദ്രം ഉപ്പുതറ വെഞ്ഞൂര്‍മേടാണ്‌. രണ്ടു കേന്ദ്രങ്ങളും തമ്മില്‍ പത്തു കിലോമീറ്ററിലധികം വ്യത്യാസമുണ്ട്‌. വെഞ്ഞൂര്‍മേട്‌ കേന്ദ്രീകരിച്ച്‌ മുമ്പും ചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ താഴ്‌വാരമാണ്‌ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രങ്ങള്‍. ഇന്നലെ മുതല്‍ അണക്കെട്ടില്‍ ചോര്‍ച്ച ശക്‌തമായി. പതിനേഴ്‌, പതിനെട്ട്‌ ബ്ലോക്കുകള്‍ക്കിടയിലും പതിനെട്ടാമത്‌ ബ്ലോക്കിനു തുടക്കത്തിലുമാണ്‌ പുതുതായി ചോര്‍ച്ച ദൃശ്യമായത്‌. പതിനഞ്ചാം നമ്പര്‍ ബ്ലോക്കില്‍ അണക്കെട്ടിന്റെ അസ്‌തിവാരത്തു പുതുതായി നീര്‍ച്ചാലുകള്‍ രൂപപ്പെട്ടത്‌ ഉറവയാണോ ഭൂചലനത്തിന്റെ പ്രതിഫലനമാണോയെന്നു ജലവിഭവവകുപ്പ്‌ പരിശോധിക്കും. ഇന്നലത്തെ ഭൂചലനം അണക്കെട്ടിനു ബലക്ഷയമുണ്ടാക്കിയിട്ടുണ്ടെന്നാണ്‌ ജലവിഭവവകുപ്പിന്റെ പ്രാഥമിക നിഗമനം. മുല്ലപ്പെരിയാര്‍ പ്രദേശത്ത്‌ ഭൂചലനത്തിന്റെ തീവ്രത 3.4 ല്‍ എത്തുന്നത്‌ ഇതാദ്യമാണ്‌. കഴിഞ്ഞ ജൂലൈ 26 നുണ്ടായ ഭൂചലന തീവ്രത 2.2 മാത്രമായിരുന്നു. അന്ന്‌ അണക്കെട്ടിന്റെ മുകള്‍പരപ്പില്‍ ആറിടങ്ങളിലാണ്‌ വിള്ളല്‍ ഉണ്ടാക്കിയത്‌. ഇന്നലെത്തെ ചലനത്തോടെ ഈ വിള്ളലുകള്‍ വലുതായി. ബേബി ഡാമിന്റെ അസ്‌തിവാരത്തും നീരൊഴുക്കു ശക്‌തമായി.

എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ ടോമി ജോര്‍ജ്‌, അസി. എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ ഡേവിസ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ അണക്കെട്ട്‌ സന്ദര്‍ശിച്ച്‌ ഭൂചലനത്തിന്റെ വിലയിരുത്തലുകള്‍ നടത്തിയത്‌.

ഭൗമശാസ്‌ത്ര പഠനസംഘം അടുത്തയാഴ്‌ച ആദ്യം മുല്ലപ്പെരിയാറിലെത്തും. അണക്കെട്ട്‌ ഗാലറിയിലെ ചോര്‍ച്ചയും സീപ്പേജ്‌ വാട്ടറിന്റെ തോതും വര്‍ധിച്ചത്‌ ജലവിഭവവകുപ്പിലെ വിദഗ്‌ദ്ധസംഘം പഠനവിധേയമാക്കും.

No comments:

Post a Comment