ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിനു കീഴിലുള്ള ഡല്‍ഹി രാംമനോഹര്‍ ലോഹ്യ (ആര്‍.എം. എല്‍.) നഴ്‌സിങ് കോളേജിലെ മലയാളി വിദ്യാര്‍ഥിനിയുടെ യൂണിഫോം വനിതാ പ്രിന്‍സിപ്പല്‍ വലിച്ചുകീറുകയും നഗ്‌നയാക്കി നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അപമര്യാദയായി പെരുമാറിയ പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബി.എസ്‌സി. നഴ്‌സിങ് വിദ്യാര്‍ഥികള്‍ തുടങ്ങിയ സമരം അധികൃതരുടെ ഉറപ്പിനെത്തുടര്‍ന്ന് ശനിയാഴ്ച രാത്രിയോടെ നിര്‍ത്തി. മെഡിക്കല്‍ സൂപ്രണ്ടാണ് പ്രിന്‍സിപ്പലിനെതിരെ നടപടിയെടുക്കാമെന്ന് വിദ്യാര്‍ഥികള്‍ക്ക് ഉറപ്പുനല്‍കിയത്. എന്നാല്‍ ചൊവ്വാഴ്ചയ്ക്കകം നടപടിയില്ലെങ്കില്‍ സമരം തുടരുമെന്ന് വിദ്യാര്‍ഥികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രിമുഴുവന്‍ മെഡിക്കല്‍സൂപ്രണ്ടിന്റെ ഓഫീസിനു മുന്നില്‍ ധര്‍ണയിരുന്ന ഇരുനൂറോളം വിദ്യാര്‍ഥികള്‍ ശനിയാഴ്ച രാത്രിയാണ് സമരം നിര്‍ത്തിയത്. പോലീസില്‍ പരാതി നല്‍കിയെങ്കിലും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്തിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
വിദ്യാര്‍ഥിനിയെ അപമാനിച്ച പ്രിന്‍സിപ്പലിന്റെ ചുമതലയുള്ള വൈസ്പ്രിന്‍സിപ്പല്‍ നിര്‍മല സിങ്ങിനെയും കോ-ഓര്‍ഡിനേറ്റര്‍ സുഭാഷിണിയെയും പുറത്താക്കുംവരെ സമരം തുടരുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ അഡീഷണല്‍ മെഡിക്കല്‍സൂപ്രണ്ട് എം.എസ് ഗില്ലിന്റെ നേതൃത്വത്തില്‍ മൂന്നംഗ കമ്മീഷനെ നിയോഗിക്കുമെന്ന് മെഡിക്കല്‍സൂപ്രണ്ട് ടി. എസ് സിദ്ധി പറഞ്ഞു. വിദ്യാര്‍ഥികളില്‍നിന്ന് രണ്ടു പ്രതിനിധികളെ ഉള്‍പ്പെടുത്തി അഡ്മിനിസ്‌ട്രേറ്റീവ് കമ്മീഷനെയും നിയമിക്കും.
സമരംചെയ്യുന്ന വിദ്യാര്‍ഥികള്‍ സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ: വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംഭവം.
അസുഖത്തെത്തുടര്‍ന്ന് മൂന്നുദിവസം അവധിയിലായിരുന്ന മൂന്നാംവര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനി തിരികെ പ്രവേശിക്കുന്നതിന് അപേക്ഷ നല്‍കാനെത്തിയപ്പോള്‍ യൂണിഫോമില്‍ അഴുക്കുണ്ടെന്ന് പറഞ്ഞ് വിദ്യാര്‍ഥിനിയെ കോ-ഓര്‍ഡിനേറ്റര്‍ പരസ്യമായി അപമാനിച്ചു. തുടര്‍ന്ന് പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് പ്രിന്‍സിപ്പലും കോ-ഓര്‍ഡിനേറ്ററുംചേര്‍ന്ന് പെണ്‍കുട്ടിയോട് മോശമായ വാക്കുകള്‍ ഉപയോഗിച്ച് സംസാരിക്കുകയും അഴുക്കുപറ്റിയ വസ്ത്രം അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് വിസമ്മതിച്ചപ്പോള്‍ വിദ്യാര്‍ഥിനിയുടെ യൂണിഫോം വലിച്ചുകീറി. വസ്ത്രത്തിന്റെ ഒരുവശം തോള്‍മുതല്‍ അരഭാഗംവരെ വലിച്ചുകീറിയശേഷം മറുഭാഗവും കീറാന്‍ ശ്രമം നടത്തി. പാന്‍റ് കൂടി വലിച്ചുകീറുമെന്നും വരാന്തയിലൂടെ നഗ്‌നയായി നടത്തിക്കുമെന്നും പറഞ്ഞ് വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വസ്ത്രം മാറി ക്ലാസില്‍ പോയിരിക്കാന്‍ പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടു.
ഇതനുസരിച്ച്, കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി വിദ്യാര്‍ഥിനി ക്ലാസിലേക്ക് കരഞ്ഞുകൊണ്ട് ഓടിക്കയറി തന്റെ കോട്ട് എടുത്തിടുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് മറ്റു വിദ്യാര്‍ഥികളോട് അപ്പോള്‍ പറഞ്ഞിരുന്നില്ല. വൈകിട്ട് വിവരമറിഞ്ഞ് മുഴുവന്‍ വിദ്യാര്‍ഥികളും മെഡിക്കല്‍സൂപ്രണ്ടിന്റെ ഓഫീസിനു മുന്നില്‍ സമരം തുടങ്ങുകയായിരുന്നു. വെള്ളിയാഴ്ച രാത്രിമുഴുവന്‍ വിദ്യാര്‍ഥികള്‍ ഉറക്കമൊഴിച്ച് ധര്‍ണയിരുന്നു. ശനിയാഴ്ച രാവിലെമുതല്‍ സമരം നഴ്‌സിങ് ഹോസ്റ്റലിനുമുന്നിലേക്ക് മാറ്റി.
ഡോ. ആര്‍.എം.എല്‍. കോളേജ് ഓഫ് നഴ്‌സിങ്ങിലെ നാലിലൊരുഭാഗം വിദ്യാര്‍ഥികളും മലയാളികളാണ്. വിദ്യാര്‍ഥിനിയുടെ വസ്ത്രത്തില്‍ ഭക്ഷണം കഴിക്കുമ്പോള്‍ കറിയുടെ അവശിഷ്ടം അല്‍പ്പം വീണിരുന്നുവെന്നല്ലാതെ വലിയ അഴുക്കൊന്നും ഉണ്ടായിരുന്നില്ലെന്ന് സഹപാഠികള്‍ പറഞ്ഞു. മൂന്നുവര്‍ഷമായി പ്രിന്‍സിപ്പലിന്റെ ഭാഗത്തുനിന്ന് ഇത്തരം അപമാനങ്ങള്‍ സഹിച്ചുവരികയാണെന്നും ഇനിയതിന് കഴിയില്ലെന്നും സമരംചെയ്യുന്ന വിദ്യാര്‍ഥികള്‍ പറഞ്ഞു.
കേന്ദ്രമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കും - വി.എസ്.
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആര്‍.എം.എല്‍. നഴ്‌സിങ് കോളേജിലെ മലയാളിവിദ്യാര്‍ഥിനിയെ പ്രിന്‍സിപ്പല്‍ അപമാനിച്ച സംഭവത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഗുലാംനബി ആസാദിനും ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനും പരാതി നല്‍കുമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. വിദ്യാര്‍ഥിനിയുടെ വസ്ത്രം വലിച്ചുകീറിയ പ്രിന്‍സിപ്പലിന്റെ നടപടി തികച്ചും തെറ്റാണെന്ന് വി.എസ്. പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് സമരംചെയ്യുന്ന വിദ്യാര്‍ഥികള്‍ കേരള ഹൗസിലെത്തി വി.എസ്സിനെക്കണ്ട് പരാതി നല്‍കി. വിദ്യാര്‍ഥികളോട് പ്രിന്‍സിപ്പല്‍ അപമര്യാദയായി പെരുമാറിയ വിഷയം ബന്ധപ്പെട്ടവരെ അറിയിച്ച് നടപടിയെടുക്കാന്‍ ആവശ്യപ്പെടുമെന്ന് വി.എസ് പറഞ്ഞു.
No comments:
Post a Comment