News
Thursday, 29 December 2011
മണര്‍കാടും, പരുമലയും ഉള്ളതുകൊണ്ട് തല്ക്കാലം പിടിച്ചു നില്‍ക്കാം .പാവം വിശ്വാസികളുടെ നേര്‍ച്ചപണം വക്കീലന്മാരുടെ കീശകളിലേക്ക്..നിസംഗരാകുന്ന പാവം സഭാവിശ്വാസികള്‍ !
മലങ്കര സഭയുടെ സ്വയ ശീര്‍ഷകത്തിനും, സ്വാതന്ദ്ര്യത്തിനും വേണ്ടിയുള്ള കേസുകള്‍ പില്‍ക്കാലത്ത് കാതോലിക്കേറ്റ് സ്ഥാപനവും, ഭരണ ഘടനയും, മലങ്കര മെത്രാപോലീത്താ സ്ഥാനവും എല്ലാം കോടതി വിധികളിലൂടെ അഗ്നിശുദ്ധി വരുത്തേണ്ടിവന്നു. എന്നിട്ടും ആര്‍ക്കും പരിഹരിക്കാന്‍ പറ്റാത്ത തപസ്യകളായി കക്ഷി വഴക്കുകള്‍ പുതിയ രൂപത്തിലും ഭാവത്തിലും ഉറഞ്ഞുതുള്ളുകയാണ്. ഒരു നൂറ്റാണ്ട് പഴക്കമുള്ള കേസുകള്‍ …മജിസ്ട്രറ്റ് കോടതിയില്‍ പരിഹാരമായില്ല ….ജില്ലാ കോടതിയില്‍ പരിഹാരമായില്ല …..ഹൈകോടതിയില്‍ പരിഹാരമായില്ല….ഭാരതത്തിന്റെ പരമോന്നത നീതി പീOമായ സുപ്രീം കോടതി വിധി ഉണ്ടായിട്ടും സമാധാനം ഉണ്ടായില്ലാ…സഭാ കേസ് മാത്രം നടത്താനായി ഒരു പ്രത്യേക കോടതി തന്നെ ഉണ്ടാക്കിയിട്ടും എവിടെ പരിഹാരം ?വീണ്ടും കോടതികളില്‍ നിന്ന് കോടതികളിലേക്ക്….കോടതിക്ക് പുറത്തു വച്ചു സമാധാനം ഉണ്ടാക്കെണമെന്ന് കോടതികള്‍ ..മധ്യസ്തരെ ഉള്‍പെടുത്തി പരിഹാരം നിര്‍ദേശിക്കണമെന്ന് കോടതികള്‍ .വിവിധ കോടതികളിലായി മുന്നൂറിലധികം കേസുകള്‍ …ഇരു സഭകള്‍ക്കും കൂടി കോടതി ചെലവുകള്‍ക്കായി കോടി കണക്കിന് രൂപ …മണര്‍കാടും, പരുമലയും ഉള്ളതുകൊണ്ട് തല്ക്കാലം പിടിച്ചു നില്‍ക്കാം .പാവം വിശ്വാസികളുടെ നേര്‍ച്ചപണം വക്കീലന്മാരുടെ കീശകളിലേക്ക്..നിസംഗരാകുന്ന പാവം സഭാവിശ്വാസികള്‍ ! പെന്തികൊസ്തു സഭകളിലും സ്വര്‍ഗീയ വിരുന്നിലും ബോണ്‍ എഗൈനിലും ചേക്കേറുന്നു. ആരോപണങ്ങള്‍ പ്രത്യാരോപണങ്ങള്‍… പ്രതിക്ഷേത പ്രകടനങ്ങള്‍.. റാലികള്‍.. ലക്ഷങ്ങളെ പങ്കെടുപ്പിച്ചു വലിയ സമ്മേളനങ്ങള്‍.. പോര്‍വിളികള്‍.. രക്തസാക്ഷികള്‍.. നിരാഹാരം .. കല്ലേറ്.. വാഹനം കത്തിക്കല്‍.. അങ്ങനെ വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാം .. സര്‍ക്കാരിനും പോലീസിനും പണി കൊടുക്കാം. അങ്ങനെ മുന്നോട്ടു പോകാം .. .പൊതു ഖജനാവിനും കുറെ പണം ചെലവാകട്ടെ …ഇത്രയും കേസുകള്‍ നടത്തിയിട്ട് ആര്‍ക്ക് എന്ത് പ്രയോജനം ഉണ്ടായി?
കക്ഷി വഴക്കിന്റെ കാര്യത്തില്‍ മലങ്കര സഭക്ക് നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടാം. ഇത്രയും പൌരാണികമായ ഈ സഭയില്‍ നിന്ന് എന്നന്നേക്കുമായി കക്ഷി വഴക്കുകള്‍ ഇല്ലാതാക്കുവാന്‍ ഇരു വിഭാഗത്തിലെയും നേതാക്കള്‍ ഇനിയും അമാന്തിച്ചാല്‍ കാലം നമ്മോടു ക്ഷമിക്കില്ല. പരസ്പരം മല്ലടിച്ചു മുന്നേറാന്‍ എല്ലാവര്‍ക്കും അവരവരുടെ വാദമുഖങ്ങളുണ്ട്. ഇവിടെ നഷ്ട്ടമാകുന്നത് മലങ്കര സഭയുടെ സ്വത്വമാണ് എന്ന സത്യം നാം ഉള്‍കൊള്ളണം. സഭ ക്രിസ്തുവിന്റെ ഗാത്രം ആണെങ്കില്‍ അംഗങ്ങള്‍ ആയ നാമെല്ലാവരും യോജിച്ചു മുന്നോട്ടു പോകുവാന്‍ ഒരു മനസ്സോടെ പ്രാര്‍ഥിച്ചു തീരുമാനാമെടുക്കണം. വിട്ടുവീഴ്ചകള്‍ക് രണ്ടു കൂട്ടരും തയ്യാറാകണം!
പള്ളികള്‍ പൂട്ടിയിട്ടിരികുന്നതുമ്മൂലം എന്തെങ്കിലും പ്രയോജനം ഇരു കൂട്ടര്കും ഉണ്ടായോ? ദൈവത്തെ മഹാത്വപെടുതാതെ പള്ളികള്‍ പൂട്ടിയിട്ടു
ശാപം വരുത്തി വെയ്കുന്നതാണോ ക്രിസ്തീയ പ്രമാണം? അല്ലെങ്കില്‍ ക്രിസ്തീയ ധര്‍മം? ആതമീയതയും ലൌകികതയും യുക്തിയും ബുദ്ധിയും വൈരാഗ്യവും ഒക്കെ ചേര്‍ന്ന ഒരു അനുഭവം ആണ് ഈ തര്‍ക്കങ്ങളില്‍ മുഴുവന്‍. സമാധാന ഭംഗം മൂലം സഭയോട് അകന്നു നില്‍ക്കുന്ന മലങ്കര സഭ മക്കള്‍ വിചാരിച്ചാല്‍ 1000 പള്ളി പണിയാം. സ്വത്തുക്കള്‍ നഷ്ടമായത് ഒക്കെ ഇനിയും ഉണ്ടാക്കാം. സമാധാനമില്ലായ്മ ഇനി തുടര്‍ന്നാല്‍ അവരുടെ പിന്തലമുറ വേറെ വഴി തേടി പോകും. സംഭവിച്ച കാര്യങ്ങള്‍ ദൈവ സന്നിധിയില്‍ കണക്കു ബോധിപ്പിക്കേണ്ടി വരും എന്ന സത്യം നാം മറക്കരുത് .
കോടതികൾ നൽകിയ വിധികൾ നടപ്പിലാക്കുവാൻ സർക്കാരുകളും അറച്ചുനിൽക്കുന്ന ഇന്നത്തെ സ്ഥിതിയിൽ “നീ ഇടത്തോട്ടെങ്ങില്‍ ഞാന്‍ വലത്തോട്ട്” എന്ന സത്യം ഉള്‍കൊണ്ടുകൊണ്ട് വഴിപിരിയുകയാണ് അഭികാമ്യം. ഇനിയൊരു യോജിപ്പ് എന്നത് പ്രായോഗികമല്ല. ഇവിടെ മറ്റു പോംവഴികള്‍ ഇരു വിഭാഗവും കണ്ടെത്തണം. മലങ്കര സഭയുടെ സ്വത്തുക്കള്‍ സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ പരസ്പരം വിട്ടു വീഴ്ചകളോടെ വിഭജിച്ചു പിരിയുവാന്‍ തയ്യാറാകണം.
പരിഗണിക്കാവുന്ന ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നു
1 ഓരോ ദേവാലയങ്ങളിലും ഭൂരിപക്ഷം ഉള്ളവര്‍ ന്യുനപക്ഷത്തിനു ആരാധിക്കുവാനായി മാന്യമായ മറ്റു സൗകര്യങ്ങള്‍ ഒരുക്കികൊടുക്കണം. അതിനായി വ്യക്തമായ പദ്ധതികള്‍ മധ്യസ്ഥരുടെ സഹായത്തോടെ രൂപപ്പെടുത്തണം. ഭൂരിപക്ഷമുള്ള ഇടവകകൾ ഓരോ വിഭാഗവും നിലനിർത്തി, മറുവിഭാഗത്തിന് പുതിയ ദേവാലയം പണിതു നൽകുക.
2 ഇപ്പോള്‍ കൈവശത്തിലും പൂര്‍ണ നിയന്ത്രണത്തിലും ഉള്ള പള്ളികളും സ്ഥാപനങ്ങളും അവരവര്‍ക്ക് തന്നെ വിട്ടു കൊടുക്കുക. അതിന് സാധിക്കുന്നില്ലെങ്കില്‍ ഇരു കൂട്ടരും മധ്യസ്തരുടെ സാനിധ്യത്തില്‍ ഒരുമിച്ചിരുന്നു വ്യക്തമായി എഴുതി തയ്യാറാക്കിയ എഗ്രിമെന്റോട് കൂടി ഇപ്പോള്‍ നിലവില്‍ കേസുള്ള പള്ളികള്‍ക്ക് ഓരോന്നിനും മാന്യമായ വില നിശ്ചയിച്ച് ഓരോ പള്ളിയുടെയും പേരുകള്‍ ഞറുക്കിട്ട് എടുത്ത് ആര്‍ക്കു ലഭിക്കുന്നുവോ അവര്‍ ആ പള്ളി എടുക്കുകയും മറ്റേ വിഭാഗത്തിനു മുന്‍പ് നിശ്ചയിച്ച വില നല്‍കുകയും ചെയ്തു സമാധാനമായി പിരിയുന്നതല്ലേ ഉത്തമം.
3 അതല്ലെങ്കില്‍ കേസ്സുകള്‍ തീര്‍പ്പാകാതെ കിടക്കുന്ന തര്‍ക്കമുള്ള പള്ളികളില്‍ ഇരു കൂട്ടര്‍ക്കും ന്യൂനപക്ഷ ഭൂരിപക്ഷഭേദം ഇല്ലാതെ ഒന്നിട വിട്ടു ആരാധനയും പെരുന്നാളും നടത്താന്‍ സമ്മതിക്കുക.
4 സഹോദരീ സഭകള്‍ എന്ന നിലയില്‍ വിശ്വാസികള്‍ തമ്മില്‍ യോജിക്കാവുന്ന മേഘലകളില്‍ ഒരുമിച്ചു പോവുകയും, ഓരോ വിഭാഗവും അവരുടെ വിശ്വാസവും രീതികളും അനുസരിച്ചു വളരുവാനുമുള്ള സന്മനസ് നമുക്കുണ്ടാകണം.
5 പരസ്പരം മല്ലടിക്കാതെ സഹോദരീ സഭകളായി വേര്‍പിരിയുവാനുള്ള സന്മനസ് നേതാക്കന്മാര്‍ക്കുണ്ടാകണം.
6 രണ്ടു കൂട്ടരും പുതിയ കേസുകളും അപ്പീലുകളും കൊടുക്കാതിരിക്കുക.
7 കോടതി വിധി ഉള്ളിടത്ത് രണ്ടു കൂട്ടരും വിധി അനുസരിക്കാന്‍ സന്മനസ്സു കാട്ടുക.
8 മാമോദീസ, വിവാഹം, സംസ്കാരം തുടങ്ങിയ ശുശ്രൂഷകളില്‍ പരസ്പരം സഹകരിക്കണം.
9 പ്രകോപിത ഭാഷകളിലുള്ള പ്രതികരണങ്ങള്‍ ഇരു വിഭാഗവും ഒഴിവാക്കണം.
10. കോടതികളില്‍ നിലവിലുള്ള കേസുകള്‍ ഉപയസമ്മതപ്രകാരം ഇരുകൂട്ടരും പിന്‍വലിക്കുക
മലങ്കര സഭ ചെയ്യേണ്ടത്
1 മലങ്കര സഭയുടെ 1934 -ലെ ഭരണഘടനയില്‍ ആവശ്യമായ തിരുത്തലുകള്‍ ഉണ്ടാക്കണം. 1995 ലെ ബഹു. സുപ്രിം കോടതി നിര്‍ദേശം അനുസരിച്ച് ചില ഭേദഗതികള്‍ വരുതിയിട്ടുണ്ട് എന്ന് അല്ലാതെ, കാലാനുസൃതമായ ഒരു മാറ്റവും വരുത്തിയിട്ടില്ല. കേസ് നടക്കുന്നത് കൊണ്ട്, സഭ ഭരണഘടനയില്‍ മാറ്റം വരുത്താന്‍ കഴിയില്ല എന്ന് പറയുന്നത് ബാലിശമാണ്.
2 ഇടവകകളുടെ ദൈനം ദിന ഭരണത്തിനു ആവശ്യമായ ബൈലകള്‍ഉണ്ടാക്കണം
3 മലങ്കര സഭയുടെ പേര് “ഇന്ത്യന്‍ ഓര്‍ത്തഡോക്‍സ് ചര്‍ച്ച്” എന്ന് ഭരണഘടനയില്‍ തിരുത്തി എഴുതണം
4 “സിറിയന്‍” എന്ന പദം സഭയുടെ തലക്കെട്ടില്‍ നിന്ന് മാറ്റണം
5 പാത്രിയര്‍ക്കെസിന്റെ പേര് ഭരണ ഘടനയില്‍ നിന്ന് മാറ്റണം. അന്തിയോക്കിയ പാത്രിയര്കീസു- ആകമാന സുറിയാനി സഭയുടെ പ്രധാന തലവന്‍ എന്ന ഭാഗം മലങ്കര സഭ ഭരണ ഘടനയില്‍ നിന്നും, തുബുതെനില്‍ നിന്നും നീക്കുക.
6 ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ തലവന്‍റെ പേര് “പേട്രിയാര്‍ക്ക് ഓഫ് ഇന്ത്യന്‍ ഓര്‍ത്തോഡോക്സ് ചര്‍ച്ച്” എന്ന് മാറ്റണം
7 ഇപ്പോഴത്തെ കാതോലിക്കയെ ഇന്ത്യയുടെ പാത്രിയര്‍ക്കീസ് ആയി വാഴിക്കണം
8 മലങ്കര സഭയെ തുരുവനന്തപുരം കേന്ദ്രമാക്കി തെക്കന്‍ മേഖലയും , എറണാകുളം കേന്ദ്രമാക്കി മധ്യമേഖലയും കോഴിക്കോട് കേന്ദ്രമാക്കി വടക്കന്‍ മേഖലയും ദല്‍ഹി കേന്ദ്രമാക്കി Outside Kerala മേഖലയും America കേന്ദ്രമാക്കി Outside India മേഖലയും മാക്കി അഞ്ചു ആര്‍ച്ച് ടയോസിസുകള്‍ ഉണ്ടാക്കണം.
9 ഓരോ ആര്‍ച്ച് ടയോസിസുകള്‍ക്കും ഓരോ കാതോലിക്കമാരെ വാഴിക്കണം. സീനിയര്‍ മെത്രാപോലീത്തന്മാരില്‍ അഞ്ചു പേരെ കാതോലിക്കമാരായി തെരഞ്ഞെടുത്തു വാഴിക്കണം.
10 ഈ വരുന്ന മലങ്കര അസോസിയേഷനില്‍ അതിനായുള്ള ഭേദഗതികള്‍ പാസാക്കണം
Subscribe to:
Post Comments (Atom)
No comments:
Post a Comment