News
Friday, 23 December 2011
യാക്കോബായ സഭ നാലു പുതിയ ബിഷപ്പുമാരെ വാഴിക്കുന്നു
കൊച്ചി: യാക്കോബായ സുറിയാനി സഭയില്‍ നാലു പുതിയ മെത്രാപ്പോലീത്തമാരെ വഴിക്കുന്നതിന് പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കിസ് ബാവയുടെ അനുമതി.
ജനുവരി ആദ്യവാരം പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്റര്‍ മൈതാനിയില്‍ തയാറാക്കിയ പന്തലില്‍ മെത്രാന്‍ വാഴ്‌ച നടക്കും. ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ വാഴ്‌ചാ ശുശ്രൂഷയ്‌ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.
ഡോ. പുളിയന്‍ ഗബ്രിയേല്‍ റമ്പാന്‍ (വെങ്ങോല), ഫാ. സ്‌കറിയ കൊച്ചില്ലം (കുറിച്ചി), ഫാ. തോമസ് നേര്യന്തറ (പാണമ്പടി), ഫാ. ജോഷി ചിറ്റേത്ത് ചെമ്പകശേരി (നീണ്ടപാറ) എന്നിവരുടെയും ബന്യാമിന്‍ റമ്പാന്‍, റവ. ഡോ. ജോമി ജോസഫ് തുടങ്ങിയ പേരുകളുമാണ് സാധ്യതാ ലിസ്‌റ്റില്‍.
അങ്കമാലി മേഖല സഹായ മെത്രാപ്പോലീത്ത ഡോ. ഏബ്രഹാം മോര്‍ സേവേറിയോസിന്റെ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുള്ള ഗബ്രിയേല്‍ റമ്പാന്‍ വെങ്ങോല ബദ്‌സയ്‌ദ അരമനയുടെ ചുമതല വഹിക്കുന്നു. ഫാ.ജോഷി ചിറ്റേത്ത് നേര്യമംഗലം നീണ്ടപാറ ചെമ്പന്‍കുഴി സെന്റ് ജോണ്‍സ് ഇടവകാംഗമാണ്. ശെമ്മാശനായിരിക്കെ ദീര്‍ഘകാലം ദമാസ്‌കസില്‍ പരിശുദ്ധ പാത്രിയര്‍ക്കിസ് ബാവയുടെ മലങ്കരകാര്യങ്ങളുടെ സെക്രട്ടറിയായി സേവനം ചെയ്‌തിട്ടുണ്ട്.
കുറിച്ചി സെന്റ് മേരീസ് യാക്കോബായ പള്ളി ഇടവകാംഗമാണ് ഫാ. സ്‌കറിയ (ഷാജി) കൊച്ചില്ലം.
ഫാ. തോമസ് നേര്യന്തറ കോട്ടയം പാണമ്പടി സെന്റ് മേരീസ് ഇടവകാംഗമാണ്. വെല്ലൂര്‍ ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് രോഗികളുടെ ഇടയില്‍ ആതുരശുശ്രൂഷ ചെയ്യുന്ന പ്രസ്‌ഥാനത്തിന്റെ മുഖ്യ ചുമതലക്കാരനാണ്.
ദമാസ്‌കസില്‍ പരി. പാത്രിയര്‍ക്കിസ് ബാവയെ സന്ദര്‍ശിച്ചശേഷം ശ്രേഷ്‌ഠ കാതോലിക്ക ബാവയും എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. ജോസഫ് മോര്‍ ഗ്രിഗോറിയോസ്, ഏലിയാസ് മോര്‍ അത്താനാസിയോസ് എന്നിവരും ഇന്ന് മടങ്ങിയെത്തും. സഭാ മാനേജിംഗ് കമ്മറ്റിയോഗം ഇന്ന് ഉച്ചകഴിഞ്ഞ് പുത്തന്‍കുരിശ് പാത്രിയാര്‍ക്കാ സെന്ററില്‍ ചേരും.
പുതിയ മെത്രാന്മാര്‍ക്ക് മുബൈ, ഡല്‍ഹി ഭദ്രാസനങ്ങളുടെയും അങ്കമാലി ഭദ്രാസനത്തിലെ ഹൈറേഞ്ച്, കോതമംഗലം മേഖലകളുടെയും ചുമതല നല്‍കിയേക്കും.
Subscribe to:
Post Comments (Atom)
No comments:
Post a Comment