News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Monday, 5 December 2011

തമിഴ്‌ അതിര്‍ത്തി യുദ്ധക്കളം‍‍

കട്ടപ്പന/കുമളി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെച്ചൊല്ലി കേരള-തമിഴ്‌നാട്‌ അതിര്‍ത്തി മേഖലകളില്‍ സംഘര്‍ഷം. നൂറോളം വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. നിരവധി യാത്രക്കാര്‍ക്കും പോലീസുകാര്‍ക്കും പരുക്കേറ്റു. അക്രമങ്ങള്‍ നിയന്ത്രിക്കാന്‍ കുമളിയിലും കമ്പംമെട്ടിലും മൂന്നു ദിവസത്തേക്കു നിരോധനാജ്‌ഞ. വെളളയാംകുടിയിലും കട്ടപ്പനയിലും കമ്പംമെട്ടിലും തമിഴ്‌- മലയാളി സംഘര്‍ഷം. അക്രമം ചെന്നൈ ഉള്‍പ്പടെ തമിഴ്‌നാടിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചു. തമിഴ്‌നാടിന്റെ പലഭാഗങ്ങളിലും മലയാളികളുടെ വാഹനങ്ങള്‍ കുടുങ്ങിക്കിടപ്പാണ്‌. കമ്പം, ഗൂഡല്ലൂര്‍ പ്രദേശങ്ങളില്‍ മലയാളികള്‍ വ്യാപക അക്രമത്തിനിരയായി. കമ്പത്ത്‌ മലയാളിയുടെ ഉടമസ്‌ഥതയിലുള്ള സുബിന്‍ ഹോട്ടലിനും മുത്തൂറ്റു ബാങ്കിനും നേരേ ആക്രമണമുണ്ടായി. സുബിന്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു. ഗൂഡല്ലൂരില്‍ മലയാളി നടത്തുന്ന ടയര്‍ ഫാക്‌ടറിക്കു നേരേയും അക്രമമുണ്ടായി. അതിര്‍ത്തി പ്രദേശങ്ങളിലാണു സ്‌ഥിതി ഏറെ രൂക്ഷം. ഇന്നലെ വൈകിട്ട്‌ ഏഴരയോടെ കുമളിയും കമ്പംമെട്ടും യുദ്ധക്കളമായി മാറി. തമിഴ്‌നാട്ടില്‍ നിന്ന്‌ ബൈക്കുകളിലെത്തിയ 200 അംഗ സംഘം കുമളിയില്‍ അക്രമം അഴിച്ചുവിട്ടതോടെയാണ്‌ സംഘര്‍ഷത്തിനു തുടക്കം. ഇതിനുപിന്നാലെ തമിഴ്‌നാട്ടില്‍ നിന്ന്‌ ആയിരത്തിലധികം പേര്‍ പ്രകടനമായി വന്ന്‌ അക്രമം അഴിച്ചുവിട്ടു. തുടര്‍ന്ന്‌ കുമിളിയില്‍ നാട്ടുകാര്‍ സംഘടിച്ച്‌ ചെറുത്തുനിന്നു. ഇന്ത്യാ റിസര്‍വ്‌ ബെറ്റാലിയനിലെ സുരക്ഷാഭടന്മാര്‍ ലാത്തിച്ചാര്‍ജ്‌ നടത്തിയാണ്‌ അക്രമികളെ പിന്തിരിപ്പിച്ചത്‌. 60 ബൈക്കുകളിലായി മൂന്നു പേര്‍ വീതമാണ്‌ എത്തിയത്‌. തമിഴ്‌നാട്‌ ചെക്ക്‌ പോസ്‌റ്റ് കടന്ന്‌ കേരള പോലീസിനെ വെട്ടിച്ച്‌ കുമളിയില്‍ എത്തിയ ഇവര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. ഇവരെ നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചതോടെ സംഘര്‍ഷം രൂക്ഷമായി. വ്യാപാര സ്‌ഥാപനങ്ങള്‍ ആക്രമിക്കുകയും കല്ലേറു നടത്തുകയും ചെയ്‌തതോടെ നാട്ടുകാര്‍ പ്രതിരോധവുമായി രംഗത്തുവരികയായിരുന്നു. സംഘര്‍ഷം നിയന്ത്രിക്കാനായി പോലീസ്‌ മൂന്നു തവണ ലാത്തിച്ചാര്‍ജ്‌ നടത്തി. എന്നിട്ടും പിന്‍വാങ്ങാന്‍ ജനങ്ങള്‍ തയ്യാറായില്ല. അക്രമം ഉണ്ടാക്കാതെ പിരിഞ്ഞുപോകണമെന്ന്‌ അഭ്യര്‍ഥിച്ച്‌ അനൗണ്‍സ്‌മെന്റ്‌ നടത്തിയ പോലീസ്‌ വാഹനം നാട്ടുകാര്‍ തല്ലിത്തകര്‍ത്തു. ബൈക്കിലെത്തിയവരെ തടഞ്ഞ നാട്ടുകാരെ പോലീസ്‌ മര്‍ദിച്ചതായും പരാതിയുണ്ട്‌. സ്‌ഥിതി നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ പോലീസ്‌ നിരോധനാജ്‌ഞ പുറപ്പെടുവിക്കുകയായിരുന്നു. എന്നിട്ടും സംഘര്‍ഷത്തിന്‌ അയവുവരാത്തതിനെത്തുടര്‍ന്ന്‌ ദ്രുതകര്‍മ സേന രംഗത്തെത്തി നാട്ടുകാരെ പിരിച്ചുവിടാനുള്ള ശ്രമത്തിലാണ്‌. രാത്രി വൈകിയും സ്‌ഥലത്ത്‌ സംഘര്‍ഷാവസ്‌ഥ നിലനില്‍ക്കുകയാണ്‌. കമ്പംമെട്ടില്‍ 60-ല്‍പ്പരം വാഹനങ്ങള്‍ തകര്‍ത്തു. ഒരു ടാറ്റാ സുമോ തീവച്ചു നശിപ്പിച്ചു. കല്ലേറില്‍ നാലു പോലീസുകാര്‍ക്കും ഒരു ബി.ജെ.പി. പ്രവര്‍ത്തകനും പരുക്കേറ്റു. കമ്പംമെട്ട്‌ എ.എസ്‌.ഐ: ഇ.എ മാത്യു, കോണ്‍സ്‌റ്റബിള്‍മാരായ കെ.എ. റഹിം, ടി.ഡി. മാത്യു, കെ.ടി. അനീഷ്‌കുമാര്‍ എന്നിവര്‍ക്കും ബി.ജെ.പി. പ്രവര്‍ത്തകനായ ഷാജി നെല്ലിപ്പറമ്പിലിനുമാണ്‌ പരുക്കേറ്റത്‌. ഇവര്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌. തോണ്ടിമലയ്‌ക്കു സമീപം ബൈക്ക്‌ യാത്രികരായ രണ്ടുപേര്‍ തമിഴ്‌നാടു ലോറിയുടെ ചില്ല്‌ എറിഞ്ഞുതകര്‍ത്തു. ഉമ്മന്‍ചാണ്ടിയുടെ കോലം കത്തിച്ച കമ്പം സ്വദേശി മുരുകനു പൊളളലേറ്റു. തമിഴ്‌നാട്ടില്‍ നിന്നു കേരളാതിര്‍ത്തിയിലേക്ക്‌ ഒരുസംഘം കയറിവന്നതോടെയാണ്‌ കമ്പംമെട്ടില്‍ അക്രമത്തിനു തുടക്കമായത്‌. കമ്പം മുതല്‍ കമ്പംമെട്ടുവരെ മലയാളികളുടെ വാഹനങ്ങള്‍ക്കുനേരെ അക്രമമുണ്ടായി. സ്‌ത്രീകളുടെ സ്വര്‍ണവും പണവും കവര്‍ന്നു. ഈ വാര്‍ത്ത പരന്നതോടെയാണ്‌ കമ്പംമെട്ടിലും അക്രമം ഉണ്ടായത്‌. തടിച്ചുകൂടിയ നാട്ടുകാര്‍ നിരവധി തമിഴ്‌വാഹനങ്ങള്‍ തകര്‍ത്തു. ചേറ്റുകുഴിമുതല്‍ തമിഴ്‌നാട്‌ വാഹനങ്ങള്‍ കൂട്ടമായിട്ടാണ്‌ പോലീസ്‌ അകമ്പടിയില്‍ കടത്തിവിട്ടത്‌. കേരള വാഹനങ്ങള്‍ കടത്തിവിടാത്തത്‌ സംഘര്‍ഷം രൂക്ഷമാക്കി. തമിഴ്‌നാട്‌ ഡിവൈ.എസ്‌.പി: വിജയ്‌ഭാസ്‌ക്കര്‍, കട്ടപ്പന ഡിവൈ.എസ്‌.പി: ജിജിമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂന്നുവട്ടം ലാത്തിച്ചാര്‍ജ്‌ നടത്തിയാണ്‌ സ്‌ഥിതിഗതികള്‍ നിയന്ത്രിച്ചത്‌. കട്ടപ്പനയിലെ തമിഴ്‌ വ്യാപാര സ്‌ഥാപനങ്ങള്‍ക്കു നേരേ കല്ലേറുണ്ടായി. പലയിടങ്ങളിലും നാട്ടുകാര്‍ തമിഴ്‌നാട്ടുകാരായ ആളുകളെ തേടിപ്പിടിച്ച്‌ ഭീഷണി മുഴക്കി. സംഭവത്തെത്തുടര്‍ന്ന്‌ കമ്പംമെട്ട്‌, കുമളി എന്നിവിടങ്ങളിലുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു. പിന്നീട്‌ ബോഡിമെട്ട്‌ വഴി ഗതാഗതം തിരിച്ചുവിട്ടിട്ടുണ്ട്‌.

No comments:

Post a Comment