News
Wednesday, 28 December 2011
സിറിയക്കിന്റെ മരണം :റിയല്‍ എസ്‌റ്റേറ്റ്-ബ്ലേഡ്‌മാഫിയാ സംഘങ്ങള്‍ക്ക് പങ്കെന്ന് സൂചന
പാലാ/പൈക: മീനച്ചില്‍ പാലാക്കാട് വട്ടോത്ത് സിറിയക് ജോര്‍ജിന്റെ(അപ്പച്ചന്‍-50) മരണത്തില്‍ റിയല്‍ എസ്‌റ്റേറ്റ്-ബ്ലേഡ്‌മാഫിയാസംഘങ്ങള്‍ക്ക് പങ്കുണ്ടെന്ന് സൂചന. സിറിയക് എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ പാലായിലെ നാല് ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ വന്‍ തുക നല്‍കാനുണ്ടെന്നും വസ്‌തു തട്ടിയെടുത്തതായും കത്തില്‍ പറയുന്നു. ഇതിനിടെ അന്വേഷണം അട്ടിമറിക്കാന്‍ ഉന്നതതല നീക്കം ആരംഭിച്ചതായി ആരോപണമുയര്‍ന്നിട്ടുണ്ട്.
റിയല്‍ എസ്‌റ്റേറ്റ്-ബ്ലേഡ്‌മാഫിയാ സംഘം തട്ടിയെടുത്തുവെന്നു പറയുന്ന ഇടമറ്റത്തുള്ള പുരയിടത്തില്‍ 27-നു രാവിലെയാണ് സിറിയക്കിനെ സ്വന്തം കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേന്നു രാത്രിയിലാണ് പാലക്കാടുള്ള വീട്ടില്‍നിന്ന് സിറിയക് ഇടമറ്റത്തേക്കു പോന്നത്. വിഷം കഴിച്ച് രാത്രിയില്‍തന്നെ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സൂചന. എന്നാല്‍ രാവിലെ മൃതദേഹം കണ്ട ഉടന്‍തന്നെ സ്‌ഥലത്തുനിന്ന് നീക്കി. മരിച്ചിട്ടില്ലെന്ന സംശയത്താല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നു പറയുന്നു. മൃതദേഹവും മൃതദേഹം കിടന്ന കാറും പൊടുന്നനെ സംഭവസ്‌ഥലത്തുനിന്നു മാറ്റിയതിനു പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ്-ബ്ലേഡ്‌മാഫിയാ സംഘത്തിനു പങ്കുണ്ടെന്ന് ആരോപണമുണ്ട്.
സിറിയക്ക് രണ്ട് കത്തുകളെഴുതി ഷര്‍ട്ടിന്റെ പോക്കറ്റിലും അടിവസ്‌ത്രത്തിലും വച്ചിരുന്നു. പോക്കറ്റിലെ കത്ത് ആരെങ്കിലും നശിപ്പിക്കുമെന്ന് സംശയിച്ചാണ് അടിവസ്‌ത്രത്തിലും കത്ത് വച്ചത്. രണ്ട് കത്തിലും ഒരേ വിവരങ്ങളാണെന്നാണ് സൂചന. പോലീസ് കത്തിന്റെ കോപ്പി ബന്ധുക്കള്‍ക്ക് നല്‍കാന്‍ വിസമ്മതിച്ചിരുന്നു. അന്വേഷണം തുടക്കത്തില്‍തന്നെ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് ആരോപണമുണ്ട്. പിന്നീട് ബന്ധുക്കള്‍ മൃതദേഹവുമായി പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് കത്തിന്റെ പകര്‍പ്പ് നല്‍കാന്‍ പോലീസ് കൂട്ടാക്കിയത്.
കത്തിലെ സൂചനപ്രകാരം കടബാധ്യതയും വസ്‌തു തട്ടിയെടുത്തതിലുള്ള മനോവിഷമവുംമൂലം ജീവനൊടുക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. പൂവരണി വില്ലേജില്‍പെട്ട ഇടമറ്റത്ത് ഏഴേക്കറോളം റബ്ബര്‍ത്തോട്ടം മൂന്നു വര്‍ഷം മുന്‍പാണ് സിറിയക് വാങ്ങുന്നത്. സ്‌ഥലം വാങ്ങുന്നതിനും പ്ലോട്ടുകളാക്കി തിരിക്കുന്നതിനും ആധാരം പണയപ്പെടുത്തി പാലായിലെ ബ്ലേഡ്-റിയല്‍ എസ്‌റ്റേറ്റ് സംഘത്തില്‍നിന്ന് പണം കടം വാങ്ങിയിരുന്നു.
ഈ സ്‌ഥലം പ്ലോട്ടുകളാക്കി വില്‌ക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ബ്ലേഡ് സംഘത്തിന് പലിശയടക്കം വന്‍ തുക നല്‍കാനുള്ള ബാധ്യതയുമുണ്ടായി. ഇതിനിടയില്‍ വീടിനു സമീപം പശയുണ്ടാക്കുന്ന ഫാക്‌ടറി തുടങ്ങാനും ലക്ഷ്യമിട്ടിരുന്നു.
ഇതിനായി സ്വകാര്യ ബാങ്കില്‍നിന്ന് രണ്ടു കോടിയോളം രൂപ വായ്‌പടെയുത്തിരുന്നു. എന്നാല്‍ ഫാക്‌ടറി പ്രവര്‍ത്തനം തുടങ്ങാനായില്ല. താമസിക്കുന്ന വീടും സ്‌ഥലവും സഹോദരന്റെ വസ്‌തുവും ഈടുവച്ചാണ് സ്വകാര്യ ബാങ്കില്‍നിന്ന് വായ്‌പ തരപ്പെടുത്തിയത്. ഇത് കുടിശികയായതോടെ ബാങ്ക് ജപ്‌തി നടപടികള്‍ ആരംഭിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് കടങ്ങള്‍ വീട്ടാന്‍ ഇടമറ്റത്തെ വസ്‌തു വില്‌ക്കാന്‍ സിറിയക്ക് വീണ്ടും നീക്കം നടത്തി. മുതലും പലിശയും തിരികെ നല്‍കുമ്പോള്‍ ഈടായി വാങ്ങിയ ഭൂമി തിരികെ നല്‍കാമെന്ന വ്യവസ്‌ഥയില്‍ ബ്ലേഡ്-റിയല്‍ എസ്‌റ്റേറ്റ് സംഘം ഇടമറ്റത്തെ സിറിയക്കിന്റെ വസ്‌തു തീറെഴുതി വാങ്ങിയിരുന്നതായി സൂചനയുണ്ട്. ഈ വസ്‌തു ഇതേ സംഘം എട്ടു കോടി രൂപയ്‌ക്ക് കച്ചവടം ഉറപ്പിച്ചു.
നേരത്തേ കടം വാങ്ങിയ തുകയും പലിശയും അഡ്വാന്‍സായി കണക്കാക്കി. ബാക്കി അഞ്ചു കോടിയോളം രൂപ സിറിയക്കിനു നല്‍കി വസ്‌തു എഴുതാന്‍ ബ്ലേഡ്-റിയല്‍ എസ്‌റ്റേറ്റ് സംഘം കൂട്ടാക്കിയില്ല. ഇതേത്തുടര്‍ന്ന് സ്‌ഥലം വേറെ ചിലര്‍ക്ക് വില്‌്ക്കാന്‍ സിറിയക് തീരുമാനിച്ചെങ്കിലും ആധാരം തിരികെ ലഭിച്ചില്ല. ഇതേത്തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോഴാണ് തന്റെ വസ്‌തു ബ്ലേഡ്-റിയല്‍ എസ്‌റ്റേറ്റ് സംഘം വില്ലേജില്‍നിന്ന് പേരില്‍ക്കൂട്ടി തട്ടിയെടുത്തതായി സിറിയക്കിനു മനസിലായത്. ഇടമറ്റത്തെ സ്‌ഥലവും കിടപ്പാടവുംകൂടി നഷ്‌ടപ്പെട്ടതോടെ സാമ്പത്തികമായും മാനസികമായും തകര്‍ന്ന സിറിയക്ക് ജീവനൊടുക്കുകയായിരുന്നുവെന്നാണ് കത്തിലെ സൂചനയെന്ന് അറിയുന്നു. ഇതിനിടയില്‍ സിറിയക് കുടുംബത്തോടൊപ്പം കൂട്ട ആത്മഹത്യക്ക് നീക്കം നടത്തിയിരുന്നതായും ഇത് പരാജയപ്പെട്ടതിനെത്തുടര്‍ന്ന് വീട്ടില്‍നിന്നിറങ്ങിപ്പോരുകയായിരുന്നുവെന്നും പറയപ്പെടുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment