News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Tuesday 6 December 2011

മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനെ തടഞ്ഞു മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശനം ഉപേക്ഷിച്ചു

കുമിളി: മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കാനെത്തിയ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജെ.ബി കോശിയെ മ്ലാമല സമരസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു. സമരക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അദ്ദേഹം അണക്കെട്ട് സന്ദര്‍ശനം ഉപേക്ഷിച്ചു. കോട്ടയത്തുനിന്ന് എത്തിയ അദ്ദേഹത്തെ കുമിളി എട്ടാം മൈലിലാണ് തടഞ്ഞത്. പൊതു പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ഹര്‍ജി പരിഗണിച്ചാണ് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ അണക്കെട്ട് സന്ദര്‍ശിക്കാന്‍ എത്തിയത്. ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് മടങ്ങിപ്പോവുകയാണെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ താന്‍ അണക്കെട്ട് സന്ദര്‍ശിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമരസമിതി പ്രവര്‍ത്തകര്‍ വാഹനത്തിന് ചുറ്റുംനിന്ന് മുദ്രാവാക്യം മുഴക്കിയതിനെ തുടര്‍ന്ന് അര മണിക്കൂറിലേറെ അദ്ദേഹം വഴിയില്‍ കുടുങ്ങി. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടാണ് സമര സമിതി പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയത്. ദേശീയപാതയിലൂടെയുള്ള ഗതാഗതം തടസപ്പെട്ടതിനാല്‍ മറ്റൊരു പാതയിലൂടെ അദ്ദേഹം പിന്നീട് കൊച്ചിയിലേക്ക് പോയി. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇതുവരെ ഇടപെടാതിരുന്നതില്‍ പ്രതിഷേധിച്ചാണ് ചെയര്‍മാനെ തടഞ്ഞതെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. അതിനിടെ മ്ലാമല സമരസമിതി പ്രവര്‍ത്തകര്‍ കൊല്ലം തേനി ദേശീയപാത ഉപരോധിച്ചതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. നൂറുകണക്കിന് പ്രവര്‍ത്തകരാണ് റോഡില്‍ കുത്തിയിരുന്ന് ഉപരോധ സമരം നടത്തിയത്. പിന്നീട് പോലീസ് സമരക്കാരെ നീക്കംചെയ്തു. കുമിളി ചെക്ക് പോസ്റ്റ് ചൊവ്വാഴ്ച ഉപരോധിക്കുമെന്ന് മ്ലാമല സമരസമിതി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രദേശത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചെക്ക് പോസ്റ്റിന് സമീപത്തേക്ക് പ്രവര്‍ത്തകരെ പോലീസ് കടത്തിവിട്ടില്ല. കുമിളിയിലും കമ്പംമേട്ടിലുമാണ് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

No comments:

Post a Comment