News
Sunday, 18 December 2011
യാക്കോബായഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ പുത്തന്‍കുരിശ് പളളിയില്‍ ഏറ്റുമുട്ടി
കോലഞ്ചേരി: പുത്തന്‍ കുരിശ് സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പളളിയില്‍ യാക്കോബായ-ഓര്‍ത്തഡോക്‌സ് സംഘര്‍ഷം. ഇന്നലെ രാവിലെ 11.30-നാണ് ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ വൈദികരടക്കം എട്ടുപേര്‍ക്ക് പരുക്കേറ്റു. യാക്കോബായ വിഭാഗത്തില്‍െ നെടുങ്ങാട്ടില്‍ ബെന്നി വര്‍ഗീസ്, പത്രോസ്, ചിറപ്പാട്ട് കുര്യാച്ചന്‍ എന്നിവര്‍ വടവുകോട് ആശുപത്രിയിലും ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ ഫാ. സഖറിയ ജോണ്‍, കുഞ്ഞമ്മ, പൈലിക്കുഞ്ഞ്, ജോയി എന്നിവര്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.
ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ ഫാ. സഖറിയ ജോണും വിശ്വാസികളും സെമിത്തേരിയില്‍ ധൂപപ്രാര്‍ത്ഥനയ്‌ക്ക് എത്തിയതാണ് സംഘര്‍ഷത്തിന് കാരണം. കോടതിവിധിയെ തുടര്‍ന്ന് പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പളളി യാക്കോബായ വിഭാഗത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ്. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ആരാധനാ സ്വാതന്ത്ര്യം നല്‍കാമെന്ന് യാക്കോബായ വിഭാഗം അറിയിച്ചിരുന്നുവെങ്കിലും ഓര്‍ത്തഡോക്‌സ് വിഭാഗം വിട്ടുനില്‍ക്കുകയായിരുന്നു.
എന്നാല്‍ ധാരണാ വിരുദ്ധമായി ഓര്‍ത്തഡോക്‌സ് വിഭാഗം പളളിയിലെത്തിയതോടെ പളളി ഭാരവാഹികളടക്കമുളളവര്‍ ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതു സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. കുര്‍ബാന കഴിഞ്ഞ് വിശ്വാസികള്‍ പിരിഞ്ഞശേഷമായിരുന്നു പളളിയിലേക്ക് ഓര്‍ത്തഡോക്‌സ് വിഭാഗമെത്തിയത്.
പളളിമണിയടിച്ച് യാക്കോബായ വിഭാഗം വിശ്വാസികളെ കൂട്ടിയതോടെ പുത്തന്‍കുരിശ് പോലീസെത്തി ഇരുവിഭാഗത്തെയും പിന്തിരിപ്പിക്കുകയായിരുന്നു. ഇതിനിടയില്‍ എസ്.ഐയുടെ നേതൃത്വത്തില്‍ യാക്കോബായ വിശ്വാസികളെ മര്‍ദിച്ചെന്ന് ആരോപിച്ച് ഏലിയാസ് മോര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ പുത്തന്‍കുരിശ് പോലീസ് സ്‌റ്റേഷനു മുമ്പില്‍ ഉപരോധം നടത്തി. നിയമവിരുദ്ധമായി പളളിയിലെത്തിയ വൈദികന് സംരക്ഷണം നല്‍കിയെന്നും ചോദ്യംചെയ്‌ത വിശ്വാസികളെ പോലീസ് മര്‍ദിച്ചെന്നും ആരോപിച്ചായിരുന്നു സ്‌റ്റേഷനു മുമ്പില്‍ വിശ്വാസികള്‍ ഉപരോധിച്ചത്. ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും സംഭവമറിഞ്ഞ് സ്‌റ്റേഷനു മുമ്പിലെത്തിയിരുന്നു.
സംഘര്‍ഷാവസ്‌ഥ രൂക്ഷമായതോടെ മൂവാറ്റുപുഴ ഡിവൈ.എസ്.പി. ടോമി സെബാസ്‌റ്റ്യന്റെ നേതൃത്വത്തില്‍ യാക്കോബായ നേതൃത്വവുമായി ചര്‍ച്ച നടത്തി എസ്.ഐക്കെതിരെ നടപടിയെടുക്കാമെന്ന ഉറപ്പിന്മേല്‍ വൈകിട്ട് നാലോടെയാണ് ഉപരോധം അവസാനിച്ചത്. ഇതിനുശേഷമാണ് ഓര്‍ത്തഡോക്‌സ് സഭയിലെ ശാമുവേല്‍ റമ്പാനെതിരെ കയ്യേറ്റമുണ്ടായത്. പുത്തന്‍കുരിശ് വട്ടക്കുഴി പാലത്തിന് സമീപത്തുവച്ചാണ് റമ്പാന്‍ സഞ്ചരിച്ചിരുന്ന വാഹനം ആക്രമിച്ചത്.
.
Subscribe to:
Post Comments (Atom)
No comments:
Post a Comment