News
Wednesday, 4 January 2012
കണ്യാട്ടുനിരപ്പ് പള്ളി പ്രശ്‌നം: ഇന്നു പ്രതിഷേധ യോഗം
കൊച്ചി: കണ്യാട്ടുനിരപ്പ് പള്ളിയില്‍ കഴിഞ്ഞ ദിവസമുണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിക്കാന്‍ യാക്കോബായ സഭ വിശ്വാസ സംരക്ഷണ സമിതി ഇന്നു കണ്യാട്ടുനിരപ്പില്‍ യോഗം ചേരും. വൈകിട്ട് അഞ്ചിനാണു യോഗം.
പുത്തന്‍കുരിശ്, മണ്ണത്തൂര്‍, മാമലശേരി, കണ്യാട്ടുനിരപ്പ് പള്ളികളില്‍ സമീപകാലത്തുണ്ടായ പോലീസ് ബലപ്രയോഗങ്ങളില്‍ ദുരൂഹതയുണ്ടെന്നാണു സഭയുടെ വിലയിരുത്തല്‍. പിറവം തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യാക്കോബായ സഭയ്‌ക്കു മുന്‍തൂക്കമുള്ള മേഖലകളില്‍ പള്ളികള്‍ക്കുനേരെ അതിക്രമമുണ്ടാകുന്നതില്‍ സിറിയന്‍ ക്രിസ്‌ത്യന്‍ അല്‍മായ അസോസിയേഷന്‍ എറണാകുളത്തു യോഗംചേര്‍ന്നു ഭാവിപരിപാടികള്‍ക്കു രൂപം നല്‍കും. സംഭവത്തേപ്പറ്റി ഉന്നതതല അന്വേഷണം നടത്തണമെന്നു സഭാനേതൃത്വം ആവശ്യപ്പെടുമെന്നാണു സൂചന.
കഴിഞ്ഞ യു.ഡി.എഫ്. ഭരണകാലത്തു മലേക്കുരിശ് ദയറാ അധിപന്‍ കുര്യാക്കോസ് മാര്‍ ദീയസ്‌കോറോസിനെ പള്ളിക്കകത്തുകയറി മര്‍ദിച്ചതും ആലുവ തൃക്കുന്നത്തു സെമിനാരിയില്‍ പോലീസ് കടന്നുകയറിയതും യാദൃശ്‌ചികമായി കാണാനാവില്ലെന്നാണു വിലയിരുത്തല്‍.
കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് പള്ളിയിലെ പോലീസ് നടപടിയില്‍ പുത്തന്‍കുരിശില്‍ ചേര്‍ന്ന യാക്കോബായ സഭ വിശ്വാസ സംരക്ഷണ സമിതി യോഗം പ്രതിഷേധിച്ചു. ് യാക്കോബായ സഭയുടെ പല ദേവാലയങ്ങളിലും ഓര്‍ത്തഡോക്‌സ് വിഭാഗം നടത്തുന്ന കൈയേറ്റ ശ്രമങ്ങളില്‍ പോലീസിന്റെ നിലപാട് നീതിപൂര്‍വമല്ലെന്നു യോഗം വിലയിരുത്തി.
കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് പള്ളിയില്‍ പ്രാര്‍ഥനയ്‌ക്കെത്തിയ യാക്കോബായ സഭാ വിശ്വാസികളെ പള്ളി അടച്ചിട്ടു ക്രൂരമായി പോലീസ് മര്‍ദിക്കുകയാണ് ഉണ്ടായതെന്ന് ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ. സഭാ വിശ്വാസികള്‍ക്കുനേരെയുള്ള പോലീസ് അതിക്രമം തുടരുകയാണ്. അതു കണ്ടുനില്‍ക്കാന്‍ സാധിക്കില്ലെന്നു ശ്രേഷ്‌ഠ ബാവ വ്യക്‌തമാക്കി. ഇതുസംബന്ധിച്ച് ആലോചിക്കാന്‍ സഭയുടെ സണ്‍ഡേ സ്‌കൂള്‍, യൂത്ത് അസോസിയേഷന്‍, മര്‍ത്തമറിയം വനിതാ സമാജം, കുടുംബ യൂണിറ്റുകള്‍, വിശ്വാസ സംരക്ഷണ സമിതി, ലീഗല്‍ സെല്‍ തുടങ്ങിയവയുടെ നേതൃത്വത്തിലുള്ളവരുടെ സംയുക്‌തയോഗം ഇന്നു നാലിനു പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ചേരുമെന്നു ശ്രേഷ്‌ഠ ബാവ അറിയിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment