News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Tuesday 24 January 2012

മാര്‍ ഗുര്‍ഗാന്റെ അനുയായികള്‍ ഓര്‍ത്തഡോക്‌സ് സഭയിലേക്ക്‌

കൊച്ചി: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌, ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ്‌ എന്നിവര്‍ ചേര്‍ന്ന്‌ വാഴിച്ച വിവാദ ജര്‍മന്‍ മെത്രാന്‍ മൂസ ഗുര്‍ഗാന്‍ മാര്‍ സേവേറിയോസ്‌ കേരളത്തിലെ സഭാ പ്രവര്‍ത്തനം പൂര്‍ണമായി അവസാനിപ്പിക്കുന്നുവെന്നു കാണിച്ച്‌ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവയ്‌ക്ക് കത്തയച്ചു. ഗുര്‍ഗാന്‍ തലവനായ യൂറോപ്പിലെ അന്തോഖ്യന്‍ സഭയുടെ സുന്നഹദോസ്‌ തീരുമാനമനുസരിച്ചാണ്‌ കേരളത്തില്‍ സഭാപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്ന്‌ കത്തിലുണ്ട്‌. തന്റെ സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജോസഫ്‌ മാര്‍ ബത്തിലോമായിയും (വടാട്ടുപാറ), യൂഹാനോന്‍ മാര്‍ തീമോത്തിയോസും (രാജകുമാരി) മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനായ കാതോലിക്ക ബാവയുടേയും സുന്നഹദോസിന്റെയും നിര്‍ദേശാനുസരണം വിധേയപ്പെട്ട്‌ പ്രവര്‍ത്തിക്കുമെന്നും കത്തില്‍ പറയുന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയും അന്തോഖ്യന്‍ സഭയും തമ്മില്‍ കൂടുതല്‍ സ്‌നേഹത്തിലും സമാധാനത്തിലും കഴിയുന്നതിനാണ്‌ തന്റെ കീഴിലുള്ള മെത്രാന്മാരെ ഓര്‍ത്തഡോക്‌സ് സഭയ്‌ക്ക് നല്‍കുന്നതെന്ന്‌ കത്തില്‍ വ്യക്‌തമാക്കുന്നുണ്ട്‌. അന്തോഖ്യാ പാത്രിയര്‍ക്കീസ്‌ ബാവയുടെ കീഴിലുള്ള ആകമാന സുറിയാനി സഭയില്‍ നിന്ന്‌ പുറത്താക്കപ്പെട്ട ഗുര്‍ഗാന്‍ റമ്പാനെ 2007 ലാണ്‌ ഓര്‍ത്തഡോക്‌സ് സഭയിലെ രണ്ട്‌ മെത്രാന്മാര്‍ ചേര്‍ന്ന്‌ വാഴിച്ചത്‌. ഈ നടപടി വിവാദമായതിനെ തുടര്‍ന്ന്‌ ഓര്‍ത്തഡോക്‌സ് സഭയിലെ മെത്രാപ്പോലീത്തമാര്‍ വാഴ്‌ചയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തുവന്നിരുന്നു. പിന്നീട്‌ ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ്‌ മാര്‍ ഗുര്‍ഗാനെ ബിഷപ്പായി വാഴിച്ച നടപടി ശരിവച്ചു. ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകളിലെ ചില വൈദികരെ മാര്‍ ഗുര്‍ഗാന്‍ മെത്രാന്‍ പട്ടം കൊടുത്തതോടെ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം മാര്‍ ഗുര്‍ഗാനെതിരെ നടപടിയെടുത്ത്‌ അദ്ദേഹവുമായുള്ള ബന്ധങ്ങള്‍ വിച്‌ഛേദിച്ചിരുന്നു. ബിഷപ്പ്‌ മാര്‍ ഗുര്‍ഗാന്റെ സഭ പിന്നീട്‌ പിളര്‍ന്ന്‌ കോട്ടയം അമയന്നൂര്‍ കേന്ദ്രമായി മലങ്കര ഓര്‍ത്തഡോക്‌സ് സ്വതന്ത്ര സുറിയാനി സഭ നിലവില്‍വന്നു.

No comments:

Post a Comment