News
Friday, 13 January 2012
കുരിശും തൊട്ടി ഇനി പൊതു ഭണ്ഡാരം
റാന്നി: വൈക്കം സെന്റ് മേരീസ് ക്‌നാനായ പള്ളിയോട് ചേര്‍ന്നു തിരുവാഭരണ പാത കൈയേറിയ സ്‌ഥലം ഇടവകാംഗങ്ങളുടെ നേതൃത്വത്തില്‍ ഒഴിപ്പിക്കല്‍ തുടങ്ങി. തിരുവാഭരണ പാതയിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതു സംബന്ധിച്ച് ഇന്നലെ ജില്ലാ കളക്‌ടറുടെ മധ്യസ്‌ഥതയില്‍ നടന്ന ചര്‍ച്ചയിലെ തീരുമാനപ്രകാരമാണു വൈകുന്നേരം തന്നെ ഒഴിപ്പിക്കല്‍ പണികള്‍ ആരംഭിച്ചത്.
കലക്‌ടറുടെ മധ്യസ്‌ഥതയില്‍ നടന്ന ചര്‍ച്ചയില്‍ ഇരുവിഭാഗവും പരമാവധി വിട്ടുവീഴ്‌ചയ്‌ക്കു സന്നദ്ധമായതോടെയാണു പ്രശ്‌നപരിഹാരം സാധ്യമായത്.
മതസൗഹാര്‍ദത്തിന്റെ ഈറ്റില്ലമായ ശബരിമലയുമായി ബന്ധപ്പെട്ട തിരുവാഭരണപാതയുടെ കാര്യത്തില്‍ മതവിഭാഗങ്ങള്‍ തമ്മിലുള്ള ഐക്യം കൂടുതല്‍ മെച്ചപ്പെടണമെന്ന കലക്‌ടറുടെ അഭ്യര്‍ഥന പാതസംരക്ഷണ സമിതിയും ക്രൈസ്‌തവ ദേവാലയ അധികൃതരും അംഗീകരിക്കുകയായിരുന്നു. ഇതനുസരിച്ച് നിലവിലെ ദേവാലയ കെട്ടിടത്തിനു ദോഷകരമാകാത്ത വിധം അനുബന്ധ നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കുന്നതും മണ്ണിട്ട് ഉയര്‍ത്തിയ സ്‌ഥലങ്ങള്‍ നിരപ്പാക്കുന്നതുമായ ജോലികളാണ് ഇന്നലെ വൈകുന്നേരം മുതല്‍ ഇടവകാംഗങ്ങളുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കുന്നത്.
വൈക്കം സെന്റ് മേരീസ് ക്‌നാനായ പള്ളിയുടേതായി തിരുവാഭരണ പാതയില്‍ സ്‌ഥാപിച്ചിട്ടുള്ള കുരിശ് പൊളിച്ചു നീക്കേണ്ടതില്ലെന്നു യോഗത്തില്‍ തീരുമാനമുണ്ടായി. ഇവിടെ ഭണ്ഡാരം സ്‌ഥാപിച്ച് മതസൗഹാര്‍ദ സങ്കേതമായി കാത്തു സൂക്ഷിക്കാനാണു യോഗത്തില്‍ തീരുമാനിച്ചത്.
ഈ പൊതു ഭണ്ഡാരത്തില്‍ അയ്യപ്പ ഭക്‌തന്മാരും മറ്റുളളവരും നിക്ഷേപിക്കുന്ന പണം അന്നദാനമടക്കമുള്ള തീര്‍ത്ഥാടക ക്ഷേമത്തിനും നിരാലംബരായ ആളുകള്‍ക്ക് ആശ്വാസപ്രദമായ കാര്യങ്ങള്‍ ചെയ്യാനുമായി വിനിയോഗിക്കും. റാന്നി വൈക്കം ഗവ.യു.പി സ്‌കൂളിന്റെ ചുറ്റുമതില്‍ തിരുവാഭരണ പാതയിലാണെന്നു സര്‍വേയില്‍ കണ്ടെത്തിയിരുന്നു. ഇതു പൊളിച്ചു മാറ്റി പുതിയ മതില്‍ കെട്ടി നല്‍കാനും യോഗത്തില്‍ തീരുമാനമായി.
ഏറെക്കാലമായി പാത കൈയേറ്റം മൂലം പരമ്പരാഗത പാതയില്‍ വ്യത്യാസമുണ്ടാകുകയും ഘോഷയാത്ര മെയിന്‍ റോഡുവഴി യാത്ര തുടരുകയുമാണ് ചെയ്‌തിരുന്നത്. ഇവിടെ പാതയിലെ കൈയേറ്റം പൂര്‍ണമായി ഒഴിപ്പിച്ച് ഇക്കുറി പരമ്പരാഗത വഴിയിലൂടെ തന്നെ തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്നതിനും തീരുമാനമായി.
ഇതിന്റെ ഭാഗമായി ദേവസ്വം കമ്മീഷണര്‍, അസി.കമ്മീഷണര്‍ എന്നിവര്‍ ഇന്നലെ കീക്കൊഴൂരിലെ തിരുവാഭരണ പാത സന്ദര്‍ശിച്ചു. പാതയില്‍ കീക്കൊഴൂര്‍ വയലത്തല ഹൈന്ദവ സേവാ സമിതിയുടെ നേതൃത്വത്തില്‍ വഴിവിളക്കുകള്‍ സ്‌ഥാപിക്കാനും ധാരണയായി.
Subscribe to:
Post Comments (Atom)
No comments:
Post a Comment