News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Wednesday 25 January 2012

കുര്‍ബാനയ്‌ക്കുള്ള പ്രധാന ഉപകരണമായ തബലൈത്താ പലകയില്‍ കാസയും പിലാസയും സമര്‍പ്പിച്ചാണ്‌ ക്രമപ്രകാരം 20 മിനിറ്റുകൊണ്ട്‌ പൂര്‍ത്തിയാക്കാവുന്ന സുറിയാനിക്രമം ചൊല്ലി പൂര്‍ത്തീകരിച്ചത്‌

കൊച്ചി: ആലുവ തൃക്കുന്നത്ത്‌ സെമിനാരി സെന്റ്‌ മേരീസ്‌ പള്ളിയില്‍ യാക്കോബായ സഭയുടെ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ കുര്‍ബാനയര്‍പ്പിച്ചു. പള്ളിയുടെ കബര്‍മുറിയിലാണ്‌ ബാവ പ്രവേശിച്ച്‌ കുര്‍ബാന അര്‍പ്പിച്ചത്‌. 34 വര്‍ഷത്തിനുശേഷമാണ്‌ ഇവിടെ കുര്‍ബാന നടക്കുന്നത്‌. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി ഡോ. ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌, അങ്കമാലി ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ. ഏബ്രഹാം മോര്‍ സേവേറിയോസ്‌, ഇടവകാംഗം കൂടിയായ ഡോ. മാത്യൂസ്‌ മോര്‍ അന്തീമോസ്‌ എന്നിവരും കുര്‍ബാനയില്‍ സംബന്ധിച്ചു. തനിക്ക്‌ അനുവദിച്ച സമയത്ത്‌ താന്‍ കുര്‍ബാന അര്‍പ്പിച്ചതായി ശ്രേഷ്‌ഠ കാതോലിക്കാ ബാവാ പറഞ്ഞു. വൈകിട്ട്‌ 4.20 കബര്‍മുറിയില്‍ പ്രവേശിച്ച ബാവയും സംഘവും 4.42 നാണ്‌ പുറത്തിറങ്ങിയത്‌. ബാവ അനുവദിച്ചതിലും കൂടുതല്‍ സമയം പ്രാര്‍ഥന നടത്തിയതായി പോലീസ്‌ അധികൃതര്‍ സ്‌ഥിരീകരിച്ചു. 13 മിനിറ്റാണ്‌ പ്രാര്‍ഥനയ്‌ക്കായി അനുവദിച്ചിരുന്നത്‌. പ്രാര്‍ഥന നടത്താന്‍ മാത്രമാണ്‌ അനുമതി നല്‍കിയിരുന്നതെന്ന്‌ പോലീസ്‌ അധികൃതര്‍ വ്യക്‌തമാക്കി. എന്നാല്‍ തങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ട ആരാധനാസമയത്ത്‌ കുര്‍ബാന നടത്തുന്നതിനെ ഒരു കോടതിയും വിലക്കിയിട്ടില്ലെന്ന്‌ യാക്കോബായ സഭാ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌ പറഞ്ഞു. കുര്‍ബാനയ്‌ക്കുള്ള പ്രധാന ഉപകരണമായ തബലൈത്താ പലകയില്‍ കാസയും പിലാസയും സമര്‍പ്പിച്ചാണ്‌ ക്രമപ്രകാരം 20 മിനിറ്റുകൊണ്ട്‌ പൂര്‍ത്തിയാക്കാവുന്ന സുറിയാനിക്രമം ചൊല്ലി പൂര്‍ത്തീകരിച്ചത്‌. കുര്‍ബാന ചൊല്ലാന്‍ അധികൃതര്‍ അനുമതി നല്‍കുമെന്ന പ്രതീക്ഷയില്‍ ആലുവ മാസ്‌ ഹാളില്‍ ഇന്നലെ രാവിലെ മുതല്‍ ബാവ ഉപവാസത്തിലായിരുന്നു. കുര്‍ബാനയുടെ പ്രാരംഭഘട്ടം മാസ്‌ ഹാളില്‍ പൂര്‍ത്തീകരിച്ചശേഷമാണ്‌ ബാവ തൃക്കുന്നത്ത്‌ പള്ളിയിലെത്തിയത്‌. കറുത്ത കുപ്പായമണിഞ്ഞ്‌ കബര്‍മുറിയില്‍ പ്രവേശിച്ചശേഷം അവിടെവച്ച്‌ കുര്‍ബാനയ്‌ക്കായി കാപ്പ ഉള്‍പ്പെടെയുള്ള അംശവസ്‌ത്രങ്ങള്‍ അണിയുകയായിരുന്നു. ഈ സമയത്തൊന്നും പോലീസ്‌ തടഞ്ഞില്ല. കഴിഞ്ഞ വര്‍ഷം വൈകിട്ട്‌ 4.50 നാണ്‌ ബാവ പള്ളിയില്‍ കയറിയതെങ്കില്‍ ഇത്തവണ 4.20 മുതല്‍ സമയം അനുവദിച്ചത്‌. ഇതുമൂലം ബാവയ്‌ക്ക് കുര്‍ബാന നടത്താന്‍ വേണ്ടത്ര സമയം ലഭിച്ചു. ബാവ പുറത്തിറങ്ങിയശേഷം പോലീസ്‌ ഗേറ്റ്‌ പൂട്ടി. കഴിഞ്ഞ അഞ്ചുവര്‍ഷമായി പള്ളിയിലെ കബറില്‍ പ്രാര്‍ഥിക്കാന്‍ അനുമതി കിട്ടിയിരുന്നെങ്കിലും കുര്‍ബാനയ്‌ക്ക് അവസരം ലഭിച്ചിരുന്നില്ല. വൈകിട്ട്‌ മാസ്‌ ഹാളില്‍ യാക്കോബായ വിഭാഗം നവാഭിഷിക്‌തരായ മെത്രാന്മാര്‍ക്ക്‌ സ്വീകരണം നല്‍കി. രാവിലെ നടന്ന സുന്നഹദോസില്‍ 31 മെത്രാന്മാര്‍ സംബന്ധിച്ചു.

1 comment:

  1. Sreshtha pithave, avidunnu arppicha Vishuddha Qurbana, daivasannidhiyil angeekarikkapedukayum, aviduthe praarthanakalaal adiyangal sahayam prapikkumaaraakatte.

    ReplyDelete