News
Tuesday, 10 January 2012
കണ്യാട്ട്‌നിരപ്പ് പള്ളി സംഘര്‍ഷം ആസ്‌പത്രിയിലായവരെ അറസ്റ്റ് ചെയ്യാന്‍ ശ്രമം; ശ്രേഷ്ഠ ബാവ നിരാഹാരം തുടങ്ങി
കോതമംഗലം: കണ്യാട്ട്‌നിരപ്പ് പള്ളി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചികിത്സയില്‍ കഴിയുന്ന ഒമ്പതുപേരെ അറസ്റ്റു ചെയ്യാനെത്തിയ വന്‍ പോലീസ് സംഘത്തെ വിശ്വാസികള്‍ തടഞ്ഞു. സഭാ വിശ്വാസികള്‍ക്ക് നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ആസ്പത്രിയില്‍ നിരാഹാരം തുടങ്ങി.
പുതുവത്സര ദിനത്തില്‍ കൊടിയേറ്റ് ചടങ്ങുകള്‍ നടക്കുന്നതിനിടെ കണ്യാട്ട്‌നിരപ്പ് പള്ളിയില്‍ യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷമുണ്ടാവുകയായിരുന്നു. പുത്തന്‍കുരിശ് സി.ഐ ബിജു കെ. സ്റ്റീഫന് മര്‍ദനമേറ്റിരുന്നു. ഈ സംഭവത്തില്‍ പ്രതിപ്പട്ടികയില്‍ ഉള്ള ഒമ്പതുപേരും കോതമംഗലം മാര്‍ ബസേലിയോസ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരാണ്. ഇവരെ അറസ്റ്റ് ചെയ്യാനായി ചൊവ്വാഴ്ച രാവിലെ 10ന് മൂവാറ്റുപുഴ ഡിവൈ.എസ്.പി ടോമി സെബാസ്റ്റ്യന്‍, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സാബു മാത്യു എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം ആസ്പത്രിയില്‍ എത്തി അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.
സംഭവം അറിഞ്ഞെത്തിയ ശ്രേഷ്ഠ ബാവ, ആസ്പത്രിയില്‍ നിരാഹാരം ആരംഭിച്ചു. സര്‍ക്കാര്‍ ഇടപെടലും സ്വതന്ത്ര ഏജന്‍സി അന്വേഷണവും ആവശ്യപ്പെട്ടും അറസ്റ്റ്ഒഴിവാക്കുന്നതിനുമായാണ് ഉപവാസ സമരം. പോലീസ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുള്ളവരുടെ മുറിക്ക് പുറത്താണ് സമരം നടത്തുന്നത്. ഇത് അറസ്റ്റ്‌ചെയ്യാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ കുഴക്കി. ബലപ്രയോഗത്തിലൂടെ അറസ്റ്റ് നടപ്പാക്കിയാല്‍ സംഘര്‍ഷത്തിന് ഇടയാക്കിയേക്കുമോ എന്നുള്ളതുകൊണ്ട് പോലീസ് പിന്തിരിഞ്ഞു. ആസ്പത്രിക്കകത്തും പുറത്തും പോലീസിനെ വിന്യസിച്ചിട്ടുണ്ട്. രാവിലെ മുതല്‍ പോലീസ് വാഹനങ്ങളും പോലീസ് സംഘങ്ങളും ആസ്പത്രി പരിസരമാകെ ക്യാമ്പ് ചെയ്യുകയാണ്.
പരാതിക്കാര്‍ പോലീസ് ഉദ്യോഗസ്ഥരായതിനാല്‍ ലോക്കല്‍ പോലീസിന്റെ അന്വേഷണം നിഷ്പക്ഷമാകില്ലെന്നും കേസന്വേഷണം സ്വതന്ത്ര ഏജന്‍സികള്‍ക്ക് കൈമാറണമെന്നും സഭാ നേതൃത്വം ആസ്പത്രിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തില്‍ സുന്നഹദോസ് സെക്രട്ടറി ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ്, എബ്രഹാം മാര്‍ സേവേറിയോസ്, കുര്യാക്കോസ് മാര്‍ തയോഫിലസ്, ഏലിയാസ് മാര്‍ അത്തനേഷ്യസ്, സഭാ സെക്രട്ടറി തമ്പു തുകലന്‍ എന്നിവര്‍ പങ്കെടുത്തു.
Subscribe to:
Post Comments (Atom)
No comments:
Post a Comment