News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Tuesday, 10 January 2012

ശ്രേഷ്‌ഠ കാതോലിക്ക ആശുപത്രി വരാന്തയില്‍ ഉപവാസം നടത്തി

കോതമംഗലം: കണ്യാട്ടുനിരപ്പ്‌ സെന്റ്‌ ജോണ്‍സ്‌ യാക്കോബായ പളളിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പോലീസ്‌ മര്‍ദനമേറ്റ്‌ ആശുപത്രിയില്‍ കഴിയുന്നവരെ പോലീസും അധികാരികളും പീഡിപ്പിക്കുന്നതായി ആരോപിച്ച്‌ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ കോതമംഗലം മാര്‍ ബസേലിയോസ്‌ ആശുപത്രിക്കുളളില്‍ ഉപവാസം നടത്തി. അനിശ്‌ചിതകാല ഉപവാസമാണു ബാവ പ്രഖ്യാപിച്ചതെങ്കിലും മൂവാറ്റുപുഴ ഡിവൈ.എസ്‌.പി. ഇടപെട്ട്‌ അറസ്‌റ്റിലായവര്‍ക്ക്‌ ആശുപത്രിയില്‍ യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും ഇവരുടെ അറസ്‌റ്റ് ഇന്ന്‌ രേഖപ്പെടുത്തി ആശുപത്രിയില്‍ ചികിത്സയില്‍ തുടരാന്‍ അനുവദിക്കുമെന്നും 15നു മുമ്പു ജാമ്യം എടുക്കാന്‍ ക്രമീകരണം ഉണ്ടാകുമെന്നും ഉറപ്പുനല്‍കിയതിന്റെ അടിസ്‌ഥാനത്തില്‍ ഇന്നലെ വൈകിട്ട്‌ ആറരയോടെ ഉപവാസം അവസാനിപ്പിച്ചു. ആശുപത്രി ഇടനാഴിയില്‍ പുല്‍പായ വിരിച്ച്‌ വേദപുസ്‌തക പാരായണത്തോടും പ്രാര്‍ഥനയോടും കൂടിയായിരുന്നു ഉപവാസം. ജനുവരി ഒന്നിന്‌ കണ്യാട്ടുനിരപ്പ്‌ പളളിയില്‍ പോലീസ്‌ മര്‍ദനമേറ്റ ഒന്‍പതു യാക്കോബായ വിശ്വാസികളെ പ്രവേശിപ്പിച്ചിരിക്കുന്ന വാര്‍ഡിനു മുന്നിലാണു ബാവ സത്യഗ്രഹം ഇരുന്നത്‌. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ കഴിയുന്നവരുടെ വീടുകളില്‍ പോലീസ്‌ എത്തി പരിശോധന നടത്തിയിരുന്നു. പുത്തന്‍കുരിശ്‌് സി.ഐ. ബിജു കെ. സ്‌റ്റീഫന്‌ കണ്യാട്ടുനിരപ്പ്‌ പളളിയിലുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റതില്‍ പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്നവരാണ്‌ ആശുപത്രിയില്‍ ചികിത്സയിലുളളത്‌. ഇവര്‍ ഇവിടെ പോലീസ്‌ കാവലിലാണ്‌ ചികിത്സയില്‍ കഴിയുന്നത്‌. ആശുപത്രിയില്‍നിന്ന്‌ ഡിസ്‌ചാര്‍ജ്‌ ചെയ്യുമ്പോള്‍ അറസ്‌റ്റ് ചെയ്യുന്നതിനാണ്‌ കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. കെട്ടിച്ചമച്ച കഥയുടെ പേരില്‍ പോലീസ്‌ യാക്കോബായ വിശ്വാസികളെ പീഡിപ്പിക്കുന്നത്‌ ഇനിയും കണ്ടുനില്‍ക്കാന്‍ ആകില്ലാത്തതുകൊണ്ടും ജീവിക്കാന്‍ പൊറുതിമുട്ടിയതുകൊണ്ടുമാണ്‌ താന്‍ ഉപവാസസത്യഗ്രഹം തുടങ്ങിയതെന്ന്‌ ശ്രേഷ്‌ഠ കാതോലിക്ക ബാവ പറഞ്ഞു. സംഘര്‍ഷാവസ്‌ഥയുണ്ടായ ദിവസം ഒരു സ്‌ത്രീയെ മര്‍ദിക്കുന്നതിനിടെ പിറകോട്ടു മറിഞ്ഞുവീണാണ്‌ സി.ഐയ്‌ക്ക് പരുക്കു പറ്റിയതെന്നു സഭാ വൃത്തങ്ങള്‍ ആരോപിച്ചു. ബാവ സത്യഗ്രഹം ആരംഭിച്ചതോടെ സഭാ സുന്നഹദോസ്‌ സെക്രട്ടറി ജോസഫ്‌ മാര്‍ ഗ്രീഗോറിയോസ്‌ മെത്രാപ്പോലീത്ത, ഡോ. എബ്രഹാം മോര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്ത, ഏലിയാസ്‌ മോര്‍ അത്തനാസിയോസ്‌ മെത്രാപ്പോലീത്ത, കുര്യാക്കോസ്‌ മോര്‍ തേയോഫിലോസ്‌ മെത്രാപ്പോലീത്ത, ഫാ. പീറ്റര്‍ വേലംപറമ്പില്‍ കോറെപ്പിസ്‌കോപ്പ, ടി.യു.കുരുവിള എം.എല്‍.എ. തുടങ്ങിയവര്‍ ആശുപത്രിയിലെത്തിയിരുന്നു. കണ്യാട്ടുനിരപ്പ്‌ പളളിയിലുണ്ടായ സംഭവം അന്വേഷിക്കാന്‍ സ്വതന്ത്ര അന്വേഷണ ഏജന്‍സിയെ ചുമതലപ്പെടുത്തണമെന്നു ജോസഫ്‌ മോര്‍ ഗ്രീഗോറിയോസ്‌ മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. യാക്കോബായ വിഭാഗത്തിനെതിരേ ഏകപക്ഷീയമായ നിലപാട്‌ കൈക്കൊളളുന്ന പുത്തന്‍കുരിശ്‌ സി.ഐയെ സംരക്ഷിക്കുന്ന നിലപാട്‌ സ്വീകരിക്കുന്ന ബെന്നി ബഹന്നാന്‍ എം.എല്‍.എ. ഉള്‍പ്പെടെയുളളവരുടെ സമീപനം പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയതായി ഏലിയാസ്‌ മാര്‍ അത്തനാസിയോസ്‌ മെത്രാപ്പോലീത്ത തുറന്നടിച്ചു.

No comments:

Post a Comment