News
Monday, 16 January 2012
മലങ്കരയിലെ 'എഴുത്തച്ചന്‍'
യേശുവും പ്രാചീന സിറിയന്‍ ഭിക്ഷുക്കളും സംസാരിച്ചിരുന്ന അരമായ സുറിയാനി ഭാഷ അറിയാനും കൈകാര്യം ചെയ്യാനും കഴിവുള്ള ഏതാനും പേരേ ലോകത്തു തന്നെ ഉള്ളൂ. അതിലൊരാള്‍ കേരളത്തിലാണ്- മലങ്കര മല്‍പാന്‍ കണിയാംപറമ്പില്‍ ഡോ.കുര്യന്‍ കോറെപ്പിസ്‌കോപ്പ. ശിഷ്യന്മാരും ആരാധകരും ഒരേപോലെ കണിയാംപറമ്പിലച്ചന്‍ എന്ന് ആദരപൂര്‍വം വിളിക്കുന്ന അദ്ദേഹം നൂറാം വയസിന്റെ നിറവിലേക്കടുക്കുന്നു.
ഭാഷയുടെ ഉപാസകനാകാനാണ് തന്റെ ജന്മം എന്ന് കുട്ടിക്കാലത്തേ തെളിയിച്ച അപൂര്‍വ വ്യക്‌തിത്വമാണ് അച്ചന്‍. 15-ാം വയസില്‍ അദ്ദേഹം ഞായറാഴ്‌ച പ്രഭാത നമസ്‌കാരം സുറിയാനിയില്‍ നിന്ന് മലയാളത്തിലേക്കു മൊഴിമാറ്റം നടത്തി. ഇന്നു ലോകമെമ്പാടുമുള്ള യാക്കോബായ-ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളില്‍ ഞായറാഴ്‌ച കേള്‍ക്കുന്ന പ്രഭാത ഗീതങ്ങള്‍ അച്ചന്‍ ഭാഷാന്തരം ചെയ്‌തതാണ്. സുറിയാനിയില്‍ മാത്രമല്ല, മലയാളം കൂടാതെ ഇംഗ്ലീഷ്, സംസ്‌കതൃതം, ഹിന്ദി, മലയാളം, തമിഴ്, കന്നട തുടങ്ങിയ ഭാഷകളിലുള്ള പാടവം ആരെയും വിസ്‌മയിപ്പിക്കും.
പലതരം ബൈബിള്‍ വിവര്‍ത്തനങ്ങള്‍ മലയാളത്തിലുണ്ടെങ്കിലും പ്രാചീന അല്‍മായ(പ്‌ശീത്തോ) സമ്പൂര്‍ണ ബൈബിള്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്‌തതിന്റെ ബഹുമതി കണിയാംപറമ്പില്‍ അച്ചനുമാത്രമാണ്. 1994ലായിരുന്നു ഈ അപൂര്‍വ സമ്മാനം അദ്ദേഹം മലയാളത്തിനു നല്‍കിയത്. സുറിയാനി ഭാഷയെയും പാരമ്പര്യത്തെയും സ്‌നേഹിക്കുന്നവര്‍ക്ക് കണിയാംപറമ്പിലച്ചന്‍ വഴിയമ്പലമാണ്. സുറിയാനി പൈതൃകം, സുറിയാനിസഭ, വേദ പാരമ്പര്യം, ഭാഷ എന്നിവ സംബന്ധിച്ച് അദ്ദേഹത്തിന്റെ രചനകളുടെ ഔന്നത്യം സീനായ് ഗിരിയോളം.
സുറിയാനി ഇംഗ്ലീഷ് നിഘണ്ടു തയാറാക്കാന്‍ ഈ മലയാളിതന്നെ വേണ്ടിവന്നുവെന്നത് അദ്ദേഹത്തിന്റെ സുറിയാനി ഭാഷയിലെ വൈദഗ്‌ധ്യം വെളിപ്പെടുത്തുന്നു. ഇതിനെല്ലാം മകുടം ചാര്‍ത്തിക്കൊണ്ട് മര്‍ഗോനിനോ എന്ന പേരില്‍ സുറിയാനിയില്‍ നോവലും രചിച്ചു. പുതിയ നിയമ വ്യഖ്യാനം, സിറിയക് റീഡര്‍ ആന്‍ഡ് മെഡിറ്റേറ്റീവ് ലക്‌ചേഴ്‌സ്, പരിശുദ്ധ കൊച്ചുതിരുമേനി, ആലുവായിലെ വലിയ തിരുമേനിയുടെ ജീവചരിത്രം, 1001 പ്രഭാഷണങ്ങള്‍, രക്ഷപ്പെടുവാന്‍ നീ എന്തു ചെയ്യണം- എന്നിങ്ങനെ എണ്ണിയാല്‍ തീരാത്തത്ര രചനകള്‍ വേറേ.
പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാമാര്‍ക്കും കിഴക്കിന്റെ കാതോലിക്കമാര്‍ക്കും പ്രിയപ്പെട്ടവനും ഗുരുസ്‌ഥാനീയന്‍. വിശ്വാസികളായ സഭാംഗങ്ങള്‍ക്ക് നല്ലൊരു സുഹൃത്തും വഴികാട്ടിയും. ഉത്തമ കുടുംബനാഥനും പേരക്കുട്ടികള്‍ക്കും അവരുടെ മക്കള്‍ക്കും വാല്‍സല്യനിധിയായ കാരണവരും. അന്തോഖ്യയിലെ ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ് സഭ ഏറെ ആദരപൂര്‍വം ബഹുമാനിക്കുന്ന വിശിഷ്‌ട വ്യക്‌തി. അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകള്‍ മാനിച്ച് സഭാപിതാക്കന്മാര്‍ നിരവധി ബഹുമതികളും അംഗീകാരവും നല്‍കിയിട്ടുണ്ട്.
1913 ഫെബ്രുവരി 27ന് കാഞ്ഞിരമറ്റത്ത് ജനനം. മാതാപിതാക്കള്‍ പൗലോസും ഏലിയാമ്മയും. കാരിമറ്റം, മുളന്തുരുത്തി എന്നിവിടങ്ങളില്‍ സ്‌കൂള്‍ പഠനം. ഏഴാംക്ലാസ് പഠനം കഴിഞ്ഞ് കോടനാട് സീയോന്‍ ആശ്രമത്തിലെ ഔഗേന്‍ റമ്പാന്റെ കീഴിലാണ് സുറിയാനിയുടെ ആദ്യപാഠങ്ങള്‍ പഠിച്ചത്. ഇതിനു ശേഷമാണ് ഞായറാഴ്‌ചത്തെ പ്രഭാത ഗീതങ്ങള്‍ രചിച്ചത്.
സി.എം.എസ്. കോളജില്‍ പഠനത്തിനു ശേഷം 1931ല്‍ വിവാഹം. മുളന്തുരുത്തി കാട്ടുമങ്ങാട്ട് കട്ടപ്പിള്ളില്‍ സാറാമ്മയായിരുന്നു വധു. ഇക്കാലത്താണ് സുറിയാനി വ്യാകരണ പുസ്‌തകം പ്രസിദ്ധീകരിച്ചത്. അടുത്തവര്‍ഷം പരിശുദ്ധ പൗലോസ് മോര്‍ അത്താനാസിയോസ് (ആലുവായിലെ വലിയ തിരുമേനി) കശീശയായി (വൈദികന്‍) ഉയര്‍ത്തി. 1932ല്‍ പരിശുദ്ധ ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവ (മഞ്ഞനിക്കര) മലങ്കരയില്‍ എത്തിയപ്പോള്‍അദ്ദേഹത്തിന്റെ സെക്രട്ടറിയായിരിക്കാനും അപൂര്‍വഭാഗ്യമുണ്ടായി. മൂന്നുവര്‍ഷം കഴിഞ്ഞ് തിരുവല്ല കട്ടപ്രത്ത് പള്ളി വികാരി. അവിടെ 24 വര്‍ഷം. 1959ല്‍ തിരുവല്ല സെന്റ് ജോര്‍ജ് സിംഹാസന പള്ളി വികാരിയായി. 2006ല്‍ സ്വദേശമായ കാഞ്ഞിരമറ്റത്തേക്ക് താമസം മാറ്റുന്നതുവരെ തുടര്‍ന്നു.
1950ല്‍ 37-ാം വയസില്‍ കോറെപ്പിസ്‌കോപ്പയായി. വിവാഹിതനായ വൈദികന് ലഭിക്കാവുന്ന ഉയര്‍ന്ന സ്‌ഥാനം. അന്ന് മലങ്കരയിലെ അന്തോഖ്യാ സിംഹാസന സ്‌ഥാനപതിയായിരുന്ന ഏലിയാസ് മോര്‍ യൂലിയോസ് ബാവയാണ് ഉയര്‍ത്തിയത്. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവമാരായിരുന്ന അപ്രേം ഒന്നാമന്‍, യാക്കൂബ് മൂന്നാമന്‍, സഖാ പ്രഥമന്‍ എന്നിവരില്‍ നിന്ന് മെഡലും സ്‌ഥാനങ്ങളും ലഭിച്ചു.
സുറിയാനിയിലും വേദശാസ്‌ത്രത്തിലും ആരാധനാക്രമത്തിലും സഭാ ചരിത്രത്തിലും അച്ചന്റെ അവഗാഹവും അദ്ദേഹം ചെയ്‌ത സംഭാവനകളും മാനിച്ച് 1978ല്‍ യാക്കൂബ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവ മലങ്കര മല്‍പാന്‍ (ഡോക്‌ടര്‍ ഓഫ് മലങ്കര ചര്‍ച്ച്) പദവി നല്‍കി. സുറിയാനി വിജ്‌ഞാനപട്ടമായ കോനാട്ട് മാത്തന്‍ മല്‍പാനുശേഷം പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ നിയമിച്ചാക്കിയ മലങ്കര മല്‍പ്പാന്‍. കോനാട്ട് കുടുംബത്തിനു വെളിയില്‍ മലങ്കര മല്‍പാന്‍ ബഹുമതി ലഭിച്ച രണ്ടുപേരില്‍ ഒരാളും.
1982ല്‍ സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് കോറൂസോ ദശറോറോ ബഹുമതിയും കാലം ചെയ്‌ത ശ്രേഷ്‌ഠ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവാ നാഥാനിയേല്‍ ബഹുമതിയും നല്‍കി. 1979ല്‍ സ്വീഡനിലെ സെന്റ് എപ്രേം ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ നിന്ന് ഡോക്‌ടറേറ്റ് ബഹുമതി. രചനകള്‍ക്കു പുറമേ നിരവധി പദവികളും വഹിച്ചു. ഓള്‍ ട്രാവന്‍കൂര്‍ സിറിയക് അസോസിയേഷന്‍, ഓള്‍ മലങ്കര ക്ലേര്‍ജി അസോസിയേഷന്‍, സിറിയന്‍ ചര്‍ച്ച് റിവൈവല്‍ മൂവ്‌മെന്റ്, 30 വര്‍ഷം മലങ്കര സിറിയന്‍ സണ്‍ണ്ടേ സ്‌കൂള്‍ അസോസിയേഷന്‍ ഡയറക്‌ടര്‍ ജനറല്‍.... ദ സിറിയന്‍ ചര്‍ച്ച് ലീഫ്‌ലെറ്റ്‌സ്, ദ സിറിയന്‍ ചര്‍ച്ച്, മലങ്കര സഭാ മിത്രം, സിറിയന്‍ സന്ദേശം, അന്തോഖ്യന്‍ സന്ദേശം തുടങ്ങി നിരവധി സഭാ മാസികകളുടെ എഡിറ്റര്‍. കേരള, മഹാത്മഗാന്ധി സര്‍വകലാശാലകളുടെ സുറിയാനി വകുപ്പില്‍ 40 വര്‍ഷക്കാലം ബോര്‍ഡ് അംഗമായിരുന്നു. 1977 മുതല്‍ 1994 വരെ തുടര്‍ച്ചയായും 2002ല്‍ പുതിയ അസോസിയേഷന്‍ രൂപീകരിച്ചപ്പോള്‍ മുതല്‍ ഇപ്പോഴും യാക്കോബായ സഭയുടെ വൈദിക ട്രസ്‌റ്റിയായി പ്രവൃത്തിക്കുന്നു.
ഇതര സഭകളിലെ വൈദികര്‍ തുടങ്ങി ബിഷപ്പുമാര്‍വരെ അച്ചന്റെ ശിഷ്യരാണ്. വേള്‍ഡ് ക്രിസ്‌ത്യന്‍ കൗണ്‍സില്‍ സമ്മേളനങ്ങളില്‍ പലതവണ പങ്കെടുത്തു. അമേരിക്കന്‍, യൂറോപ്യന്‍, ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
Subscribe to:
Post Comments (Atom)
No comments:
Post a Comment