News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Monday, 2 January 2012

അകലം കുറയുന്നു യാക്കോബായ-കത്തോലിക്ക സഭകള്‍ തമ്മില്‍ നാലു ധാരണകള്‍ കൂടി

തൃശ്ശൂര്‍:യാക്കോബായ സുറിയാനി സഭയും കത്തോലിക്കാസഭയും തമ്മില്‍ നാലു പ്രധാന കാര്യങ്ങളില്‍ക്കൂടി ധാരണയായി. ഇരുസഭകളുടെയും അംഗങ്ങള്‍ തമ്മില്‍ സഭ മാറാതെത്തന്നെ വിവാഹത്തിന് അനുമതി നല്കിയതിനു പിന്നാലെയാണ് പുതുവര്‍ഷത്തില്‍ നാലു ധാരണകള്‍ നിലവില്‍ വന്നത്. നിബന്ധനകള്‍ക്ക് വിധേയമായി യാക്കോബായ സുറിയാനി സഭയും കത്തോലിക്കാസഭയും ഇനി കേരളത്തിന് പുറത്ത് സെമിത്തേരികള്‍ പങ്കുവെയ്ക്കും. അതതു സഭയുടെ ദേവാലയം ഇല്ലാത്ത സ്ഥലത്ത് ഓരോ മതമേലദ്ധ്യക്ഷന്റെയും അനുമതിയോടെ ഇതരസഭയുടെ ദേവാലയമോ സെമിത്തേരിയോ ഉപയോഗിക്കാം. സ്വന്തം സഭയിലെ വൈദികനില്ലാത്ത സാഹചര്യത്തില്‍ അനുവാദത്തോടെ ഇതരസഭയിലെ വൈദികന് ശവസംസ്‌കാര ശുശ്രൂഷ നടത്താന്‍ കഴിയും. ദൈവശാസ്ത്ര-എക്യുമെനിക്കല്‍ ചര്‍ച്ചകള്‍ തുടരും. ഇരുസഭകളും ക്രിസ്തുവിജ്ഞാനത്തിലും ഐക്യം പ്രഖ്യാപിച്ചിട്ടുണ്ട്. അതത് സഭയുടെ വൈദികനെ ലഭിക്കാത്തപ്പോള്‍ ഇതര സഭയിലെ വൈദികനില്‍നിന്ന് കുമ്പസാരം, കുര്‍ബാന, രോഗീലേപനം എന്നിവ സ്വീകരിക്കാം. നിബന്ധനകള്‍ക്ക് വിധേയമായി സഭാന്തരവിവാഹം ആശീര്‍വ്വദിക്കുകയും ചെയ്യാം. പത്രോസ് ശ്ലീഹായുടെ സ്ഥാനം, സഭാശുശ്രൂഷകള്‍ എന്നിവ സംബന്ധിച്ചും പ്രാഥമിക ധാരണകള്‍ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞു. സാമൂഹിക വിഷയങ്ങളില്‍ പ്രതികരിക്കാന്‍ ഇനി ഇരു സഭകള്‍ക്കുമായി സംയുക്ത കമ്മീഷനുണ്ടാവും. യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കാബാവ ഡോ. ബസ്സേലിയോസ് തോമസ് പ്രഥമനും വത്തിക്കാന്റെ സഭൈക്യസംരംഭങ്ങള്‍ക്കുള്ള കാര്യാലയത്തിന്റെ മുഖ്യ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ബ്രയാന്‍ ഫാരലുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയുടെയും പാത്രിയാര്‍ക്കീസ് ബാവായുടെയും അനുമതിയോടെയാണിത്. യാക്കോബായ സഭയെ പ്രതിനിധാനം ചെയ്ത് ജോസഫ് മോര്‍ ഗ്രിഗോറിയോസ്, ഡോ. കുര്യാക്കോസ് മോര്‍ യൗസേബിയോസ്, മാത്യൂസ് മോര്‍ അപ്രേം, ഡോ. ഗീവര്‍ഗീസ് മോര്‍ കൂറിലോസ് എന്നീ മെത്രാപ്പോലീത്തമാരും റവ.ഡോ. ആദായി ജേക്കബ് കോര്‍-എപ്പിസ്‌കോപ്പ, റവ.ഡോ. കുര്യാക്കോസ് മൂലയില്‍ കോര്‍ എപ്പിസ്‌കോപ്പ എന്നിവരുമാണ് ചര്‍ച്ചകളില്‍ പങ്കെടുത്തത്. കത്തോലിക്കാ സഭയെ പ്രതിനിധാനം ചെയ്ത് ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ ജോസഫ് പവ്വത്തിലും മാര്‍ മാത്യു മൂലക്കാട്ടും തോമസ് മോര്‍ കൂറിലോസ് മെത്രാപ്പോലീത്തയും റവ. ഗബ്രിയല്‍ ക്വിക്കേ, റവ. ഡോ.ഫിലിപ്പ് നെല്‍പ്പുരപ്പറമ്പില്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു. യാക്കോബായ സഭയുടെ പുത്തന്‍കുരിശ് സുവിശേഷ മഹായോഗം ഡിസംബര്‍ 26ന് ഇക്കുറി ഉദ്ഘാടനം ചെയ്തതും മുഖ്യ പ്രഭാഷണം നടത്തിയതും മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ്. ഇരു സഭകളും തമ്മില്‍ വളര്‍ന്നുവരുന്ന സൗഹൃദം പ്രായോഗിക തലത്തിലേക്കും കടന്നുവരികയാണ്.

No comments:

Post a Comment