News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Monday 31 October 2011

ജേക്കബ്‌ മന്ത്രിയായിരിക്കെ മരിക്കുന്ന ഒമ്പതാമന്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മന്ത്രിയായിരിക്കെ മരിക്കുന്ന ഒന്‍പതാമനാണ്‌ ടി.എം.ജേക്കബ്‌. വി.കെ.വേലപ്പന്‍, എം.പി.എം. അഹമ്മദ്‌ കുരിക്കള്‍, കെ.ടി. ജോര്‍ജ്‌, ടി.കെ.ദിവാകരന്‍, കെ.എം.ജോര്‍ജ്‌, ഇ.ജോണ്‍ ജേക്കബ്‌, സി.എച്ച്‌.മുഹമ്മദ്‌ കോയ, വി.കെ.രാജന്‍ എന്നിവരാണ്‌ ഇതിനു മുമ്പ്‌ അധികാരത്തിലിരിക്കെ മരണമടഞ്ഞത്‌.

പട്ടം താണുപിള്ള മന്ത്രിസഭയില്‍ 60 മുതല്‍ 62 വരെ ആരോഗ്യ, വൈദ്യുതി വകുപ്പുകളുടെ ചുമതലയായിരുന്നു വി.കെ.വേലപ്പന്‌. വാഴൂര്‍ മണ്ഡലത്തില്‍ നിന്നാണ്‌ ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്‌. 1960 ഫെബ്രുവരി 22ന്‌ മന്ത്രിയായി ചുമതലയേറ്റ അദ്ദേഹം 1962 ഓഗസ്‌റ്റ് 26ന്‌ അന്തരിച്ചു. ഇ.എം.എസ്‌. മന്ത്രിസഭയില്‍ മുസ്ലിം ലീഗ്‌ പ്രതിനിധിയായിരുന്ന എം.പി.എം. അഹമ്മദ്‌ കുരിക്കള്‍ പഞ്ചായത്ത്‌, സാമൂഹ്യ വികസന വകുപ്പിന്റെ ചുമതലയാണ്‌ വഹിച്ചിരുന്നത്‌. 1967 മാര്‍ച്ച്‌ ആറിന്‌ മന്ത്രിയായ കുരിക്കള്‍ 1968 ഒക്‌ടോബര്‍ 24ന്‌ അന്തരിച്ചു. 1967ലും 70ലും പറവൂരില്‍ നിന്നാണ്‌ കെ.ടി. ജോര്‍ജ്‌ നിയമസഭയിലെത്തിയത്‌. 67-69 ല്‍ കോണ്‍ഗ്രസ്‌ നിയമസഭാകക്ഷി ചീഫ്‌ വിപ്പായിരുന്നു. 1971 സെപ്‌റ്റംബര്‍ 25ന്‌ അച്യുതമേനോന്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായി ചുമതലയേറ്റു. 1972 ഏപ്രില്‍ മൂന്നിന്‌ നിയമസഭയില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.

ആര്‍.എസ്‌.പി. നേതാവായിരുന്ന ടി.കെ.ദിവാകരന്‍ നിയമസഭയില്‍ കൊല്ലം മണ്ഡലത്തെ പ്രതിനിധീകരിച്ചു. അതിനു മുമ്പ്‌ 52ലും 54ലും തിരുക്കൊച്ചി നിയമസഭാംഗമായിരുന്നു. 1967ലെ ഇ.എം.എസ്‌. മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പ്‌ മന്ത്രിയായിരുന്നു. അച്യുതമേനോന്‍ മന്ത്രിസഭയില്‍ തൊഴില്‍, ടൂറിസം മന്ത്രിയായി 1970 ഒക്‌ടോബര്‍ നാലിന്‌ അധികാരമേറ്റു. 1976 ജനുവരി 19ന്‌ മന്ത്രിയായിരിക്കെ അന്തരിച്ചു. മൂവാറ്റുപുഴ അസംബ്ലി മണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തിയ കെ.എം. ജോര്‍ജ്‌ 1969 നവംബര്‍ ഒന്നിന്‌ അച്യുതമേനോന്‍ മന്ത്രിസഭയില്‍ അംഗമായി. ഗതാഗതവും ആരോഗ്യവുമായിരുന്നു ചുമതല. അടുത്ത അച്യൂതമേനോന്‍ മന്ത്രിസഭയിലും അദ്ദേഹം ഗതാഗത വകുപ്പിന്റെ ചുമതല വഹിച്ചു.

1976 ജൂണ്‍ 26ന്‌ ഗതാഗത മന്ത്രിയായ അദ്ദേഹം 1976 ഡിസംബര്‍ 11ന്‌ അന്തരിച്ചു. തിരുവല്ല നിയോജക മണ്ഡലത്തില്‍ നിന്നുമാണ്‌ 1967, 70,77 -ല്‍ ഇ. ജോണ്‍ ജേക്കബ്‌ നിയമസഭയില്‍ എത്തുന്നത്‌. 77ലെ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ്‌ മന്ത്രിയായിരുന്നു. തുടര്‍ന്ന്‌ വന്ന ആന്റണി മന്ത്രിസഭയിലും ഇതേ വകുപ്പാണ്‌ കൈകാര്യം ചെയ്‌തിരുന്നത്‌. 77 മാര്‍ച്ച്‌ 27ന്‌ മന്ത്രിയായ ഇ.ജോണ്‍ ജേക്കബ്‌ 78 സെപ്‌റ്റംബര്‍ 26ന്‌ അന്തരിച്ചു.

1982ലെ കരുണാകരന്‍ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്നു സി.എച്ച്‌.മുഹമ്മദ്‌ കോയ. 1960ല്‍ താനൂരില്‍ നിന്നാണ്‌ ആദ്യമായി നിയമസഭയില്‍ എത്തിയത്‌. 61ല്‍ സ്‌പീക്കറായി. അച്യുതമേനോന്‍,കരുണാകരന്‍, ആന്റണി മന്ത്രിസഭകളില്‍ അംഗമായിരുന്നു. 1983 സെപ്‌റ്റംബര്‍ 28ന്‌ ഉപമുഖ്യമന്ത്രിയായിരിക്കെയാണ്‌ അദ്ദേഹം മരണമടഞ്ഞത്‌. കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ നിന്നാണ്‌ വി.കെ.രാജന്‍ നിയമസഭയില്‍ എത്തിയത്‌. നായനാര്‍ മന്ത്രിസഭയില്‍ കൃഷി വകുപ്പ്‌ മന്ത്രിയായിരുന്നു. 96 മേയ്‌ 20ന്‌ മന്ത്രിയായ രാജന്‍ 97 മേയ്‌ 29ന്‌ അന്തരിച്ചു. മന്ത്രിയായി മരിക്കുന്ന ഏറ്റവും ഒടുവിലത്തെ ആളാണ്‌ ടി.എം.ജേക്കബ്‌.

No comments:

Post a Comment