News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Monday 31 October 2011

ടി.എം. ജേക്കബ്‌: സഭയ്‌ക്കു സ്വത്ത്‌; സഭയുടെ സ്വത്ത്‌

കേരളാ കോണ്‍ഗ്രസ്‌ രാഷ്‌ട്രീയത്തിലൂടെ പൊതുരംഗത്തു കടന്നുവന്ന ടി.എം. ജേക്കബ്‌ സ്വന്തം പരിശ്രമത്തിലൂടെയാണ്‌ അധികാര രാഷ്‌ട്രീയത്തിന്റെ പടവുകള്‍ നടന്നുകയറിയത്‌.

വിദ്യാര്‍ഥിപ്രസ്‌ഥാനത്തിലൂടെയായിരുന്നു ജേക്കബിന്റെ സജീവ രാഷ്‌ട്രീയപ്രവേശം. ഇച്‌ഛാശക്‌തിയും പ്രായോഗികബുദ്ധിയും നിരന്തരമായ പരിശ്രമവുമായിരുന്നു ജേക്കബ്‌ എന്ന കുശാഗ്രബുദ്ധിയായ രാഷ്‌ട്രീയക്കാരന്റെ ഏറ്റവും വലിയ കൈമുതല്‍. എഴുപതുകള്‍ മുതല്‍ കേരള നിയമസഭ കണ്ട സാമാജികരില്‍ ഏറ്റവും പ്രഗത്ഭന്‍ എന്നു പരക്കെ അംഗീകരിക്കപ്പെട്ട ജേക്കബിനു ഭരണപരമായ നടപടികളും നിയമസഭാ നടപടികളും ഹൃദിസ്‌ഥമായിരുന്നു. കേരള നിയമസഭയുടെ ലൈബ്രറി ഏറ്റവുമധികം ഉപയോഗിച്ചിട്ടുള്ള സാമാജികരില്‍ ഒരാളാണു ജേക്കബ്‌. അനുഭവസമ്പത്തും ആര്‍ജിത വിജ്‌ഞാനവും തീരുമാനങ്ങളെടുക്കാനുള്ള തന്റേടവും കൂടിച്ചേര്‍ന്നതാണു ജേക്കബ്‌ എന്ന പാര്‍ലമെന്റേറിയന്‍.

നിയമസഭാ പ്രവര്‍ത്തനം ജേക്കബിനു കലയും കൗശലവുമായിരുന്നു. പ്രതിപക്ഷത്തിരിക്കുമ്പോഴാണു ജേക്കബിന്റെ പ്രാഗത്ഭ്യം ഏറ്റവും കൂടുതല്‍ തെളിയുന്നത്‌. ഭരണപക്ഷത്തുനിന്നു നടപടിക്രമങ്ങളിലോ മറുപടിയിലോ നേരിയ വീഴ്‌ചയുണ്ടായാല്‍ ശക്‌ധര്‍ ആന്‍ഡ്‌ കൗളിനെ ഉദ്ധരിച്ചും ക്രമപ്രശ്‌നങ്ങള്‍ ഉന്നയിച്ചും ഭരണപക്ഷത്തെ വെട്ടിലാക്കാന്‍ ജേക്കബിനുള്ള കഴിവ്‌ അനുപമവും അപാരവുമായിരുന്നു. നിയമസഭയില്‍ ഒട്ടേറെ റെക്കോഡുകളുടെ ഉടമയാണു ജേക്കബ്‌. 1977 ല്‍ 26-ാം വയസില്‍ ആയിരുന്നു നിയമസഭയിലെ കന്നിപ്രവേശം. യു.ഡി.എഫിന്റെ രൂപീകരണകാലം മുതല്‍ 2005 വരെ ആ മുന്നണിയില്‍ ഉറച്ചുനില്‍ക്കുകയും കോതമംഗലം, പിറവം എന്നീ മണ്ഡലങ്ങളില്‍ മാറിമാറി മത്സരിച്ചു ജയിക്കുകയും ചെയ്‌ത ജേക്കബ്‌ പരാജയപ്പെട്ട ഏക തെരഞ്ഞെടുപ്പ്‌ 2006 ലേതായിരുന്നു. ജേക്കബ്‌ ഗ്രൂപ്പ്‌ യു.ഡി.എഫ്‌. വിട്ട്‌ കെ. കരുണാകരന്റെ ഡി.ഐ.സിയില്‍ ചേരേണ്ടിവന്ന സാഹചര്യത്തിലായിരുന്നു ആ പരാജയം. പക്ഷേ, അസുഖം അലട്ടിയിട്ടും അഞ്ചുകൊല്ലം തെരഞ്ഞെടുപ്പു കേസുമായി സുപ്രീംകോടതിവരെ പോരാടിയ ജേക്കബ്‌ യു.ഡി.എഫില്‍ തിരിച്ചെത്തിയാണ്‌ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലൂടെ പിറവത്തുനിന്നു വീണ്ടും നിയമസഭയിലെത്തിയത്‌. കഴിഞ്ഞ നിയമസഭയ്‌ക്കു പ്രകടമായി കണ്ട പോരായ്‌മ ജേക്കബിന്റെ അഭാവമായിരുന്നു. ജേക്കബ്‌ സഭയിലുള്ള ദിവസങ്ങളിലെല്ലാം അദ്ദേഹത്തിന്റേതായ തനതു സംഭാവന സഭയ്‌ക്കു ലഭിച്ചിരുന്നു. പ്രതിപക്ഷത്തായിരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കുന്ന സ്വഭാവം ജേക്കബിനുണ്ടായിരുന്നു. സ്വതേ മിതഭാഷിയായ ജേക്കബ്‌ സഭയെ മൈതാനപ്രസംഗവേദിയാക്കിയില്ല. പിറ്റേന്നു സഭയില്‍ പ്രസംഗിക്കാനുണ്ടെങ്കില്‍ തലേന്നുതന്നെ നിയമസഭാ ലൈബ്രറിയിലെത്തി കുറിപ്പുകള്‍ തയാറാക്കും. എം.എല്‍.എ. ക്വാര്‍ട്ടേഴ്‌സിലെ മുറിയിലിരുന്ന്‌ പ്രസംഗം എഴുതിയശേഷം മൂന്നുതവണയെങ്കിലും വായിക്കും. കുറിപ്പുകള്‍ മേശപ്പുറത്തു വച്ചശേഷം ഒരാവര്‍ത്തികൂടി പ്രസംഗിച്ച്‌ സംശയം തീര്‍ത്തശേഷമേ ജേക്കബ്‌ ഉറങ്ങൂ. പിറ്റേന്നു സഭയിലെത്തുമ്പോള്‍ ജേക്കബ്‌ ആയിരിക്കും താരം.

ഭരണപക്ഷത്താണെങ്കില്‍ പ്രതിപക്ഷത്തിന്റെ കടന്നാക്രമണങ്ങളെ അതേ നാണയത്തില്‍ ചെറുത്തു തോല്‍പ്പിക്കാന്‍ ജേക്കബിനു കഴിഞ്ഞിട്ടുണ്ട്‌. 1982 ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസമന്ത്രിയായിരിക്കെ നിയമസഭയില്‍ ചോദ്യോത്തരവേള മുഴുവന്‍ ഒരു ചോദ്യത്തിനും അതിന്റെ ഉപചോദ്യങ്ങള്‍ക്കുമായി പ്രമുഖനേതാക്കള്‍ക്കെല്ലാം മറുപടി നല്‍കിക്കൊണ്ട്‌ റെക്കോഡിട്ടതു ജേക്കബാണ്‌. 1986 ജൂണ്‍ 29 നായിരുന്നു നിയമസഭാ ചരിത്രത്തില്‍ രജതരേഖയിലെഴുതിയ ആ സംഭവം. കേരളരാഷ്‌ട്രീയത്തില്‍ വിവാദം സൃഷ്‌ടിച്ച പ്രീഡിഗ്രി ബോര്‍ഡിനേപ്പറ്റിയുള്ള 30 ചോദ്യങ്ങള്‍ക്കാണ്‌ ഒരു മണിക്കൂര്‍കൊണ്ടു ജേക്കബ്‌ മറുപടി നല്‍കിയത്‌. അന്നു മറ്റൊരു ചോദ്യവും പരിഗണിക്കാന്‍ സഭയ്‌ക്കു കഴിഞ്ഞില്ല. തുടര്‍ന്നു വന്ന അടിയന്തരപ്രമേയവും സബ്‌മിഷനും മറ്റൊരു ശ്രദ്ധക്ഷണിക്കലും കൈകാര്യം ചെയ്‌തതും ടി.എം. ജേക്കബ്‌ തന്നെ. രാവിലെ എട്ടര മുതല്‍ പതിനൊന്നര വരെ ജേക്കബ്‌ തന്നെയായിരുന്നു സഭയില്‍ നിറഞ്ഞുനിന്നത്‌. ചെയര്‍മാന്‍ പാനലില്‍പ്പെട്ട ഒരാള്‍ കേരളനിയമസഭയില്‍ ഒരു ദിവസം മുഴുവന്‍ അധ്യക്ഷത വഹിച്ച ചരിത്രവും ജേക്കബിന്റെ പേരില്‍ത്തന്നെ. പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന എം.എല്‍.എമാര്‍ക്കു നിയമനിര്‍മാണം സംബന്ധിച്ചു ലഭിക്കുന്ന ഏറ്റവും ആധികാരികമായ ക്ലാസ്‌ ജേക്കബിന്റേതായിരിക്കും. നിയമസഭാ ചട്ടങ്ങളെ സംബന്ധിച്ചും കീഴ്‌വഴക്കങ്ങളെ സംബന്ധിച്ചും ജേക്കബിനു കൃത്യമായ ബോധ്യമുണ്ട്‌. ബില്ലിന്‍മേലുള്ള ചര്‍ച്ചയിലാണു ജേക്കബ്‌ വിശ്വരൂപം കാട്ടുന്നത്‌.

No comments:

Post a Comment