News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Sunday, 16 October 2011

സമ്പന്നമായ കോലഞ്ചേരി പള്ളിയോടുള്ള താല്‍പര്യം സഭാ നേതൃത്വം പുത്തന്‍കുരിശ്‌ പള്ളിയില്‍ കാണിക്കുന്നില്ല എന്നതാണ്‌ ഓര്‍ത്തഡോക്‌സ് ഇടവകക്കാരുടെ പരാതി. പുത്തന്‍കുരിശില്‍ പള്ളി ഭരണസമിതിതന്നെ അനുവദിച്ച ആരാധനാ സ്വാതന്ത്ര്യം തിരസ്‌കരിച്ചത്‌ അവര്‍ക്കു താങ്ങാനായിട്ടില്ല

പുത്തന്‍കുരിശ്‌ പള്ളിയില്‍ ആരാധനയ്‌ക്കു ലഭിച്ച അവസരം വേണ്ടെന്നുവച്ച സഭാ നേതൃത്വത്തിന്റെ നിലപാടില്‍ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്‌തം. കോടതിവിധി മറുപക്ഷത്തിന്‌ എതിരായിട്ടും ആരാധനയ്‌ക്ക് അവസരം നല്‍കാമെന്ന്‌ കലക്‌ടര്‍ വിളിച്ച ചര്‍ച്ചയില്‍ യാക്കോബായ വിഭാഗം അറിയിച്ചിരുന്നു. ഇന്നലെ തങ്ങളുടെ ഊഴമായിട്ടും കുര്‍ബാന നടത്താന്‍ ഓര്‍ത്തഡോക്‌സ് വൈദികന്‍ തയാറായില്ല.

സമവായ ചര്‍ച്ച നടന്നുവരുന്ന കോലഞ്ചേരി പള്ളി തര്‍ക്കത്തില്‍ എടുത്ത നിലപാടിനു ഭംഗം വരാതിരിക്കാനാണ്‌ പുത്തന്‍കുരിശിലെ ഓര്‍ത്തഡോക്‌സ് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയ തീരുമാനം സഭാ നേതൃത്വം കൈക്കൊണ്ടതെന്നു കരുതുന്നു.

ഈ നിലപാട്‌ ഓര്‍ത്തഡോക്‌സ് വിഭാഗം കോലഞ്ചേരിയില്‍ സ്വീകരിക്കാത്തത്‌ പള്ളിക്കുള്ള സമ്പത്ത്‌ വിട്ടൊഴിയാന്‍ താല്‍പര്യമില്ലാഞ്ഞിട്ടാണെന്നും വിമര്‍ശനമുണ്ട്‌. മെഡിക്കല്‍ കോളജ്‌, എയ്‌ഡഡ്‌ കോളജ്‌, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തുടങ്ങി നിരവധി സ്‌ഥാപനങ്ങളാണ്‌ കോലഞ്ചേരി പള്ളിയുടെ നിയന്ത്രണത്തിലുള്ളത്‌.

സമ്പന്നമായ കോലഞ്ചേരി പള്ളിയോടുള്ള താല്‍പര്യം സഭാ നേതൃത്വം പുത്തന്‍കുരിശ്‌ പള്ളിയില്‍ കാണിക്കുന്നില്ല എന്നതാണ്‌ ഓര്‍ത്തഡോക്‌സ് ഇടവകക്കാരുടെ പരാതി. പുത്തന്‍കുരിശില്‍ പള്ളി ഭരണസമിതിതന്നെ അനുവദിച്ച ആരാധനാ സ്വാതന്ത്ര്യം തിരസ്‌കരിച്ചത്‌ അവര്‍ക്കു താങ്ങാനായിട്ടില്ല. ഭണ്ഡാരമെടുക്കാന്‍ അവകാശമില്ലാത്ത പള്ളിയില്‍ ആരാധനയും വേണ്ടെന്ന സഭാനേതൃത്വത്തിന്റെ നിലപാടില്‍ ആശയക്കുഴപ്പത്തിലാണവര്‍. ഇവിടെ തളികപ്പണം മാത്രമേ ഓര്‍ത്തഡോക്‌സ് വിഭാഗത്തിനുള്ളൂ.

ഭണ്ഡാരങ്ങളില്‍ വീഴുന്ന പണം യാക്കോബായ വിഭാഗത്തിന്റെ പള്ളി ഭരണസമിതിക്കാണ്‌. പള്ളി ഭരണവുമായി ബന്ധപ്പെട്ട്‌ പള്ളി പൊതുയോത്തിന്റെയും മാനേജിംഗ്‌ കമ്മിറ്റിയുടെയും തീരുമാനങ്ങള്‍ നടപ്പാകുന്നത്‌ വടക്കന്‍ ഭദ്രാസനങ്ങളില്‍ ഓര്‍ത്തഡോക്‌സ് സഭയ്‌ക്കു ദോഷമാകുമെന്ന ഭീതിയാണ്‌ പുത്തന്‍കുരിശിലെ സമവായ നിര്‍ദേശം തള്ളാന്‍ സഭാ നേതൃത്വത്തെ പ്രേരിപ്പിച്ചതെന്നറിയുന്നു. പുത്തന്‍കുരിശിലെപോലെ കോലഞ്ചേരിയിലും യാക്കോബായ വിഭാഗത്തിനു മൃഗീയ ഭൂരിപക്ഷമുണ്ട്‌. ന്യൂനപക്ഷമാണെങ്കിലും പള്ളി പൂര്‍ണമായും ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു ലഭിക്കണമെന്നാണ്‌ സഭയുടെ താല്‍പര്യം. സമീപകാലത്തുണ്ടായ എല്ലാ കോടതിവിധികളും ഇടവക പൊതുയോഗ തീരുമാനത്തെ മാനിക്കുന്നതാണ്‌. കോലഞ്ചേരി പള്ളി കേസില്‍ അനുരഞ്‌ജനം സാധ്യമാക്കാന്‍ സര്‍ക്കാരിനോട്‌ നിര്‍ദേശിക്കുകയാണ്‌ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ ചെയ്‌തത്‌. സമവായ ചര്‍ച്ചകള്‍ക്കായി മന്ത്രിസഭാ ഉപസമിതി മൂന്നു തവണ ചര്‍ച്ച നടത്തിയിട്ടും ഫലമുണ്ടായില്ല. ഇന്നു തിരുവനന്തപുരത്ത്‌ വീണ്ടും ചര്‍ച്ച നടക്കും.

കോലഞ്ചേരി പള്ളിയില്‍ ഏതെങ്കിലും ഒരു വിഭാഗം പള്ളി വയ്‌ക്കാനുള്ള സ്‌ഥലം സ്വീകരിച്ച്‌ പിരിഞ്ഞു പോകാനുള്ള സാധ്യതയാണ്‌ ഉപസമിതി ആരാഞ്ഞത്‌. പള്ളികളില്‍ നിന്നും പിരിഞ്ഞുപോകാന്‍ യാക്കോബായ വിഭാഗത്തിന്‌ 45 സെന്റ്‌ സ്‌ഥലം ഓര്‍ത്തഡോക്‌സ് വിഭാഗം വാഗ്‌ദാനം ചെയ്‌തപ്പോള്‍, തിരിച്ച്‌ 1.45 ഏക്കര്‍ സ്‌ഥലമാണ്‌ യാക്കോബായ വിഭാഗം വാഗ്‌ദാനം ചെയ്‌തത്‌. ഓര്‍ത്തഡോക്‌സ് വിഭാഗം ഇതു സ്വീകരിച്ചിട്ടില്ല.

സമവായ നിര്‍ദേശങ്ങള്‍ക്കായി ഉപസമിതി കാത്തിരിക്കുമ്പോഴാണ്‌ ശ്രേഷ്‌ഠ ബാവയുടെ നീക്കമുണ്ടായത്‌. തന്റെ മാതൃ ഇടവകയും 90 ശതമാനത്തോളം യാക്കോബായ വിശ്വാസികളുമുള്ള പുത്തന്‍കുരിശ്‌ പള്ളിയില്‍ തന്റെ നിര്‍ദേശം പ്രാവര്‍ത്തികമാക്കാന്‍ ബാവയ്‌ക്കു കഴിഞ്ഞു. എല്ലാ വാതിലും അടഞ്ഞിരിക്കെയാണ്‌ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്‌ മാനേജിംഗ്‌ കമ്മിറ്റിയുടെ വാഗ്‌ദാനം ലഭിച്ചത്‌.

ഈ നിര്‍ദേശം സ്വീകരിക്കേണ്ടിവന്നാല്‍ കോലഞ്ചേരിയിലും ഈ ഫോര്‍മുല പ്രാവര്‍ത്തികമാക്കേണ്ടിവന്നേക്കാം. ഇപ്പോള്‍ തന്നെ വിവിധ തലങ്ങളില്‍നിന്നും കോലഞ്ചേരിയിലും ഇരുവിഭാഗവും തുല്യമായി ആരാധനാ ക്രമീകരണം നടപ്പാക്കണമെന്ന്‌ സമ്മര്‍ദമുണ്ട്‌. ഇതര ക്രൈസ്‌തവസഭാ മേലധ്യക്ഷന്മാരും ഇക്കാര്യം വ്യക്‌തമാക്കിക്കഴിഞ്ഞു. പോലീസ്‌ നടപടിവഴി ന്യൂനപക്ഷത്തിന്‌ പള്ളി ഏറ്റെടുത്തുകൊടുക്കുന്നത്‌ അപ്രായോഗികമാണെന്ന യാഥാര്‍ഥ്യം സര്‍ക്കാരിനും ബോധ്യമായി.

മന്ത്രിസഭാ ഉപസമിതി മുമ്പാകെയുള്ള ഓര്‍ത്തഡോക്‌സ് സഭാ നിലപാടും നിരീക്ഷിക്കപ്പെടുകയാണ്‌. പുത്തന്‍കുരിശില്‍ ഏറെ സ്വീകാര്യമാകേണ്ട സമവായ നിര്‍ദേശം തള്ളുകവഴി ഉപസമിതിയുടെ സമവായ ശ്രമങ്ങളെ പരിഹസിക്കുകയാണ്‌ സഭ ചെയ്‌തതെന്ന പരാതിയുമുണ്ട്‌. ഹൈക്കോടതി നിര്‍ദേശിച്ച സമവായ മാര്‍ഗത്തെയാണ്‌് ഓര്‍ത്തഡോക്‌സ് സഭ അവഗണിക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു.

No comments:

Post a Comment