News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Thursday, 20 October 2011

ദക്ഷിണേന്ത്യയിലെ ആദ്യ മെട്രോ ട്രെയിന്‍ സര്‍വീസ് 'നമ്മ മെട്രോ' ബാംഗ്ലൂരില്‍ ഓടിത്തുടങ്ങി

ബാംഗ്ലൂര്‍: ദക്ഷിണേന്ത്യയിലെ ആദ്യ മെട്രോ ട്രെയിന്‍ സര്‍വീസ് 'നമ്മ മെട്രോ' ബാംഗ്ലൂരില്‍ ഓടിത്തുടങ്ങി. കേന്ദ്ര നഗരവികസന മന്ത്രി കമല്‍നാഥാണ് സര്‍വീസ് ഫ്ലാഗ്ഓഫ് ചെയ്തത്. കര്‍ണാടക മുഖ്യമന്ത്രി സദാനന്ദ ഗൗഡ, മന്ത്രിമാര്‍, ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി തുടങ്ങിയവര്‍ എം.ജി റോഡ് സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു. ബയപ്പനഹള്ളി മുതല്‍ എം.ജി. റോഡ് വരെയാണ് ആദ്യഘട്ടത്തില്‍ മെട്രോ സര്‍വീസ്. വൈകിട്ട് നാല് മുതല്‍ സര്‍വീസ് പൊതുജനങ്ങള്‍ക്ക് സ്വന്തമാവും. ബയപ്പനഹള്ളി-എം.ജി റോഡ് സര്‍വീസിന് 14 മിനിട്ടാണെടുക്കുക. രാവിലെ 6 മുതല്‍ രാത്രി 10 വരെയാണ് സര്‍വീസ്.

2006-ല്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. 2007-ല്‍ നിര്‍മാണമാരംഭിച്ചപ്പോള്‍ 2012-ല്‍ ആദ്യ ഘട്ടം പൂര്‍ത്തിയാക്കാനാണ് അധികൃതര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, നാല് വര്‍ഷത്തെ കഠിന ശ്രമത്തിന് ശേഷം 2011-ല്‍ ആദ്യ റീച്ചിന്റെ ഉദ്ഘാടനം നടക്കുന്ന സാഹചര്യത്തില്‍ ഇരു ഘട്ടങ്ങളുടെയും നിര്‍മാണം പൂര്‍ത്തിയാകാന്‍ നാല് വര്‍ഷമെങ്കിലും വേണ്ടി വരുമെന്നാണ് സൂചന. ഇരു ഘട്ടങ്ങള്‍ക്കുമായി 11,600 കോടി രൂപയാണ് ചെലവ്. എലിവേറ്റഡ് ഭാഗത്തെ നിര്‍മാണത്തിന് കിലോമീറ്ററിന് 275 കോടി രൂപയും ഭൂഗര്‍ഭ പാതയ്ക്ക് കിലോമീറ്ററിന് 420 കോടി രൂപയുമാണ് ചെലവ്. ഓരോ സ്റ്റേഷനും 30 മുതല്‍ 40 വരെ കോടി രൂപയാണ് ചെലവ്. അതേസമയം മോടിപിടിപ്പിക്കലടക്കം ഓരോ കോച്ചിനും 30 കോടി രൂപയാണ് ചെലവ്.
<iframe width="480" height="360" src="http://www.youtube.com/embed/LhSMCzJM1vU" frameborder="0" allowfullscreen></iframe>

രണ്ടുഘട്ടങ്ങളിലുമായി 42.3 കിലോമീറ്ററാണ് മെട്രോ ട്രെയിന്‍ സര്‍വീസ്. പദ്ധതിയുടെ എല്ലാ ഘട്ടവും പൂര്‍ത്തിയാകാന്‍ ഇനിയും മൂന്നോ നാലോ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരും. രണ്ടു ഘട്ടങ്ങളിലായാണ് വിവിധ ഭാഗങ്ങളെ ബന്ധപ്പെടുത്തി മെട്രോ ട്രെയിന്‍ നിര്‍മാണം നടക്കുന്നത്. ബയപ്പനഹള്ളി മുതല്‍ മൈസൂര്‍ റോഡ് ടെര്‍മിനല്‍ വരെയുള്ള കിഴക്ക്-പടിഞ്ഞാറ് ഘട്ടവും നാഗസാന്ദ്ര മുതല്‍ പുട്ടണഹള്ളി വരെയുള്ള വടക്ക്-തെക്ക് ഘട്ടവുമാണ് ഇവ. കിഴക്ക്-പടിഞ്ഞാറ് ഭാഗം 18.1 കിലോമീറ്ററും രണ്ടാം ഘട്ടം 24.2 കിലോമീറ്ററുമാണ് ദൂരം. ആകെ ദൂരത്തില്‍ 8.822 കിലോമീറ്റര്‍ ഭൂഗര്‍ഭ പാതയാണ്. സിറ്റി റെയില്‍ വേ സ്റ്റേഷന്‍ ( മജസ്റ്റിക് ) , വിധാന്‍ സൗധ, സിറ്റി മാര്‍ക്കറ്റ് എന്നിവിടങ്ങളിലാണ് മെട്രോയ്ക്ക് ഭൂഗര്‍ഭ പാത ഒരുങ്ങുന്നത്.

ഇവയെ നാല് റീച്ചുകളായി തിരിച്ചിട്ടുണ്ട്. ബയപ്പനഹള്ളി മുതല്‍ എം.ജി. റോഡ് വരെ ആദ്യ റീച്ച്, മൈസൂര്‍ റോഡ് മുതല്‍ മാഗഡി റോഡ് വരെ രണ്ടാം റീച്ച്, സ്വസ്തിക് മുതല്‍ പീനിയ വരെ മൂന്നാം റീച്ച്, കെ. ആര്‍ റോഡ് മുതല്‍ ആര്‍.വി. റോഡ് വരെ നാലാം റീച്ച് എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്. ബാംഗ്ലൂരിലെ മറ്റൊരു മലയാളികേന്ദ്രമായ ജാലഹള്ളി വഴിയാണ് രണ്ടാംഘട്ടം കടന്നുപോകുന്നത്. ഇതിന്റെ നിര്‍മാണവും പുരോഗമിക്കുകയാണ്.

കോച്ചുകളിലും സ്റ്റേഷനുകളിലും അത്യാധുനിക സൗകര്യങ്ങളാണ് ഉള്ളത്. സ്റ്റേഷനുകളും കോച്ചുകളും എയര്‍ കണ്ടീഷന്‍ഡാണ്. സ്റ്റേഷനുകളില്‍ ടിക്കറ്റ് കൗണ്ടറിന് പുറമെ അംഗവൈകല്യമുള്ളവര്‍ക്കും പ്രത്യേക സൗകര്യമുണ്ടാകും. സ്റ്റേഷനില്‍ 87 പടികള്‍, എസ്‌കലേറ്റര്‍, ലിഫ്റ്റ് സൗകര്യമുണ്ട്. കോച്ചുകളില്‍ വൈ-ഫൈ സേവനമുണ്ട്. ലാപ്‌ടോപ്പ്, ടാബ്ലെറ്റ് മൊബൈല്‍ ഇന്റര്‍നെറ്റ് എന്നിവയ്ക്ക് സൗകര്യമുണ്ടാകും. വെള്ളിയും പിങ്ക്-വയലറ്റ് നിറവും ഇട കലര്‍ന്നതാണ് കോച്ചുകള്‍. ഓരോ സ്റ്റേഷനിലും ട്രെയിന്‍ 30 സെക്കന്‍ഡ് നിര്‍ത്തും. തിരക്കുള്ള സമയങ്ങളില്‍ പത്ത് മിനിറ്റ് വ്യത്യാസത്തില്‍ ട്രെയിന്‍ സ്റ്റേഷനിലെത്തും.

No comments:

Post a Comment