അടൂര്‍:20 വര്‍ഷം കൈപ്പിടിയിലായിരുന്ന അടൂര്‍ മണ്ഡലം നഷ്ടപ്പെട്ടത് കോണ്‍ഗ്രസ്സിന്റെ അനൈക്യംമൂലം. എ ഗ്രൂപ്പ് നേതാക്കള്‍ ഇവിടെ പരസ്യമായി കാലുവാരിയതായി അണികള്‍പോലും ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും വോട്ടെണ്ണല്‍ സെന്ററിലും എ ഗ്രൂപ്പ് നേതാക്കളോ പ്രവര്‍ത്തകരോ എത്തിയിരുന്നില്ല. പഴകുളം മധുവിന്റെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ മാത്രമായിരുന്നു പന്തളം സുധാകരന് ഒപ്പമുണ്ടായിരുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷം ലഭിച്ച പഞ്ചായത്തുകളില്‍പ്പോലും കോണ്‍ഗ്രസ് ഇക്കുറി വലിയതോതില്‍ താഴേയ്ക്കു പോയി. കഴിഞ്ഞ നാലുതവണ അടൂരിന്റെ എം.എല്‍.എ. ആയിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മണ്ഡലം മാറി പോയപ്പോള്‍ അവിടത്തെ തിരഞ്ഞെടുപ്പിന ്ചുക്കാന്‍പിടിച്ച പ്രമുഖരില്‍ പലരും അടൂരിലെനേതാക്കന്മാരായിരുന്നു. വോട്ടെണ്ണല്‍ നടക്കുന്ന ദിവസവും അടൂര്‍ മണ്ഡലത്തിലെ എ ഗ്രൂപ്പിലെ പല പ്രമുഖനേതാക്കന്മാരും കോട്ടയത്തായിരുന്നുവെന്നും പ്രവര്‍ത്തകര്‍ക്കിടയില്‍ ആരോപണമുണ്ട്. 5000 വോട്ടിനുമേല്‍ ഭൂരിപക്ഷം കോ ണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്ന അടൂര്‍ നഗരസഭയില്‍ പന്തളത്തിന് 2073 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്. അതില്‍ നഗരസഭയിലെ 73, 76, 85, 86, 89, 92 ബൂത്തുകളില്‍ മാത്രമാണ് ഭേദപ്പെട്ട ഭൂരിപക്ഷം ലഭിച്ചിട്ടുള്ളത്. പന്തളം സുധാകരന്റെ തട്ടകമായ പന്തളത്തും പന്തളം തെക്കേക്കരയിലും ചിറ്റയം ഗോപകുമാറിന് ലീഡ് ലഭിച്ചതും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അമ്പരപ്പിച്ചിട്ടുണ്ട്. നേതാക്കന്മാരുടെ പ്രവര്‍ത്തനത്തിലെ പോരായ്മയില്‍ പല സ്ഥലങ്ങളിലും വ്യക്തിപരമായി ലഭിക്കേണ്ട വോട്ടുകള്‍പോലും കോണ്‍ഗ്രസ്സിന് ലഭിക്കാതെ പോയിട്ടുണ്ട്. ഒരാഴ്ച മുന്‍പ് എ ഗ്രൂപ്പ് നേതാക്കന്മാരുടെ ഏകാധിപത്യ പ്രവണതയ്ക്കും പാര്‍ട്ടിയിലെ ഇവരുടെ മോശം പ്രവര്‍ത്തനത്തിലും അസംതൃപ്തരായ ഒരുവിഭാഗം ഇവിടെ പ്രത്യേക യോഗം ചേര്‍ന്ന് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ്സിന് അടൂരില്‍ ഉണ്ടായ ഈ തോല്‍വി വരുംദിവസങ്ങളില്‍ പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറിക്കു കാരണമാകുമെന്നും സൂചനയുണ്ട്.
No comments:
Post a Comment