വള്ളികുന്നം: കടമ്പനാട് കേന്ദ്രമാക്കി മലങ്കര ഓര്‍ത്തഡോക്‌സ് സ്വതന്ത്ര സുറിയാനി സഭ രൂപീകരിച്ചു മെത്രാനായി കഴിയുന്ന മാത്യൂസ് മാര്‍ കൂറിലോസിനെ ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ വള്ളികുന്നം ഇടവകയ്‌ക്കു മുന്നില്‍ തടഞ്ഞു.
ഇന്നലെ രാവിലെ 11 മണിയോടെയാണു സംഭവം. വള്ളികുന്നം സെന്റ്‌ജോര്‍ജ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളി ഇടവകയില്‍പെടുന്ന ചില കുടുംബങ്ങളുടെ ക്ഷണപ്രകാരമെത്തിയ മെത്രാന്‍ ഭവനസന്ദര്‍ശനത്തിനു ശേഷം കാറില്‍ മടങ്ങി വരുമ്പോഴാണ് ഇടവകയ്‌ക്കു മുന്നില്‍വച്ചു പള്ളി മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളും ഇടവക യുവജനപ്രസ്‌ഥാന പ്രവര്‍ത്തകരും ചേര്‍ന്നു തടഞ്ഞത്.ഓര്‍ത്തഡോക്‌സ് സഭയില്‍പെടുന്ന ഭവനങ്ങളില്‍ മെത്രാന്‍ കയറരുതെന്നു പരിശുദ്ധ കാതോലിക്കാ ബാവയുടെ കല്‍പ്പനയുണ്ടെന്ന് വിശ്വാസികള്‍ മെത്രാനെ ധരിപ്പിക്കുകയും താക്കീതു നല്‍കുകയും ചെയ്‌തു. ഇതിനിടെ സന്ദര്‍ശനം നടത്തിയ രണ്ടു വീട്ടില്‍നിന്നു മെത്രാന്‍ ഫോണില്‍ വിളിച്ചുവരുത്തിയ രണ്ടുപേര്‍ സ്‌ഥലത്തെത്തുകയും വിശ്വാസികളുമായി വാക്കേറ്റത്തിലേര്‍പ്പെടുകയും ചെയ്‌തു. വാക്കേറ്റത്തിനിടെ മെത്രാന്‍ സംഭവസ്‌ഥലത്തുനിന്നു മടങ്ങി.
എന്നാല്‍ പിന്നീട് അഞ്ചോളം വാഹനങ്ങളിലായി കൂടുതല്‍ ആളുകളുമായി സ്‌ഥലത്തെത്തിയ മെത്രാന്‍ രാവിലെ സന്ദര്‍ശനം നടത്തിയ വീടുകളില്‍ വീണ്ടുമെത്തിയതായി പറയപ്പെടുന്നു. മെത്രാനെ തടഞ്ഞ യുവജനപ്രസ്‌ഥാന പ്രവര്‍ത്തകരെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
No comments:
Post a Comment