News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Monday, 30 May 2011

എഴുപതിന്റെ നര്‍മം നിറച്ച് ബാബുപോള്‍; സൗഹൃദത്തിന്റെ പൂച്ചെണ്ടുമായി കൂട്ടുകാര്‍

തിരുവനന്തപുരം: ''അദ്ഭുത ലോകത്തിലെത്തിയ ആലീസിനെ പോലെയാണ് ഞാന്‍''-വി.ജെ.ടി.ഹാളിലെ തിങ്ങി നിറഞ്ഞ സദസിനെ നോക്കി തൂവെള്ള ജുബ്ബായണിഞ്ഞ് പ്രസംഗപീഠത്തിന് പിന്നില്‍ നിന്ന മുന്‍ ചീഫ് സെക്രട്ടറി ബാബുപോളിന്റെ വാക്കുകള്‍ക്ക് സദസ്സ് കാതുകൊടുത്തു.

''ഞാന്‍ ഡെപ്യൂട്ടി കളക്ടറായി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ സര്‍ക്കാരിന്റെ ചില പരിപാടികള്‍ക്ക് വി.ജെ.ടി. ഹാളില്‍ ആളെക്കൂട്ടാന്‍ പാടുപെട്ടിട്ടുണ്ട്. അന്ന് ഞാന്‍ പ്രയോഗിച്ച ചില തന്ത്രങ്ങള്‍ പില്‍ക്കാലത്ത് പലരും നടപ്പാക്കിക്കണ്ടു. ലോകാരോഗ്യ ദിനാഘോഷത്തിനും കുഷ്ഠരോഗ നിര്‍മാര്‍ജന ദിനത്തിനും ഒക്കെ ഇവിടെ ഇരുന്ന ആണുങ്ങള്‍ മുടി നന്നായി വെട്ടിയൊതുക്കിയവരും സ്ത്രീകള്‍ വെള്ള വസ്ത്ര ധാരികളും ആയിരുന്നു. എസ്.എ.പി.ക്യാമ്പില്‍ നിന്ന് പോലീസ് ട്രെയിനികളെയും നേഴ്‌സിങ് കോളേജില്‍ നിന്ന് വിദ്യാര്‍ത്ഥികളെയുമാണ് അന്ന് ഇറക്കിയിരുന്നത്. പോലീസുകാരായതിനാല്‍ പിന്നില്‍ നിന്ന് ആംഗ്യം കാണിച്ചാല്‍ കൈയടിക്കാനും ചിരിക്കാനും ഒക്കെ പ്രത്യേകം പറഞ്ഞുകൊടുക്കേണ്ടതില്ലായിരുന്നു. അങ്ങനെയൊക്കെയാണ് നല്ല സബ് കളക്ടര്‍ എന്ന പേരൊക്കെയെടുത്തത്''-സദസ്സിന്റെ പൊട്ടിച്ചിരിക്കൊപ്പം ബാബുപോള്‍ പറഞ്ഞുനിര്‍ത്തി.

സപ്തതി ആഘോഷിക്കുന്ന അദ്ദേഹത്തെ ആദരിക്കാന്‍ സുഹൃദ് സംഘവും സൂര്യയും ചേര്‍ന്നാണ് ചടങ്ങ് ഒരുക്കിയത്.

പതിനേഴാം വയസില്‍ തിരുവനന്തപുരം നഗരത്തില്‍ എത്തിയതാണ്. എല്ലാം കൂട്ടിക്കിഴിക്കുമ്പോള്‍ സന്തോഷം മാത്രമേ ഇവിടെനിന്ന് കിട്ടിയിട്ടുള്ളു. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് സ്വന്തം അച്ഛനാണ്. അമ്മയേയും അദ്ദേഹം കണ്ണുനീരോടെ ഓര്‍ത്തു. അധ്യാപകരേയും സര്‍വീസ് കാലത്ത് പരിചയപ്പെട്ട പലരേയും നന്ദിപൂര്‍വം ഓര്‍ത്തുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

യാക്കോബായ സുറിയാനി സഭാ ശ്രേഷ്ഠകാതോലിക്ക ബാവ ബസേലിയോസ് തോമസ് പ്രഥമന്‍ അധ്യക്ഷത വഹിച്ചു. അന്ത്യോഖ്യാ പാത്രിയാര്‍ക്കീസ് ബാവയുടെ പ്രതിനിധിയായി എത്തിയ യൂഹന്നാന്‍ മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. ഒരാള്‍ എത്ര വയസ്സ് ജീവിക്കുന്നുവെന്നതിലല്ല ദൈവേഷ്ട പ്രകാരം ജീവിക്കുന്നതാണ് പ്രധാനം എന്ന് സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. പാത്രിയാര്‍ക്കീസിന്റെ ചിത്രം ആലേഖനം ചെയ്ത മെഡല്‍ അദ്ദേഹം ബാബുപോളിന് സമ്മാനിച്ചു. മേയര്‍ അഡ്വ. കെ. ചന്ദ്രിക, ജി. കാര്‍ത്തികേയന്‍ എം.എല്‍.എ, എം.എ. ബേബി എം.എല്‍.എ, പി. ഗോവിന്ദ പിള്ള, ഒ. രാജഗോപാല്‍, സുഹൃദ് സംഘം കണ്‍വീനര്‍ പി.വി. മുരുകന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബിഷപ് ഡോ. സാമുവേല്‍ മാര്‍ ഐറേനിയസ്, സൂര്യ കൃഷ്ണമൂര്‍ത്തി തുടങ്ങിയവര്‍ ഉപഹാരം നല്‍കി. പോര്‍ട്രേറ്റ് രചന, മാജിക് ഷോ, സൂര്യ അവതരിപ്പിച്ച ലഘുനാടകം, രമേശ് നാരായണന്റെ മംഗളഗാനം തുടങ്ങിയവയും സംഘടിപ്പിച്ചിരുന്നു.

No comments:

Post a Comment