News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Monday, 9 May 2011

ക്രിസ്‌ത്യന്‍-മുസ്ലിം കലാപം: ഈജിപ്‌തില്‍ 12 മരണം

കെയ്‌റോ: ക്രിസ്‌ത്യന്‍-മുസ്ലിം പ്രണയത്തേത്തുടര്‍ന്ന്‌ ഈജിപ്‌തിലുണ്ടായ കലാപത്തില്‍ 12 പേര്‍ മരിച്ചു. ഇരുന്നൂറിലധികം പേര്‍ക്കു പരുക്കേറ്റു. കലാപകാരികള്‍ രണ്ടു ക്രിസ്‌ത്യന്‍ പള്ളികള്‍ക്കു തീവച്ചു.



ഈജിപ്‌ത് അടുത്തകാലത്തു നേരിടേണ്ടി വന്ന ഏറ്റവും വലിയ വര്‍ഗീയ ലഹളയേത്തുടര്‍ന്ന്‌, ബഹ്‌റൈന്‍, യു.എ.ഇ. സന്ദര്‍ശനം റദ്ദാക്കിയ പ്രധാനമന്ത്രി ഇസാം ഷറഫ്‌ കലാപത്തേക്കുറിച്ചു ചര്‍ച്ചചെയ്യാന്‍ അടിയന്തര മന്ത്രിസഭായോഗം വിളിച്ചു. ലഹളയുമായി ബന്ധപ്പെട്ട്‌ അറസ്‌റ്റിലായ 190 പേരെ സൈനികവിചാരണ ചെയ്യുമെന്നു പട്ടാളഭരണകൂടം അറിയിച്ചു. ഇംബാബയിലുണ്ടായ അനിഷ്‌ട സംഭവങ്ങളേക്കുറിച്ചു ചര്‍ച്ചചെയ്യാനാണു പ്രധാനമന്ത്രി അടിയന്തരയോഗം വിളിച്ചതെന്നു മന്ത്രിസഭാ വക്‌താവ്‌ അഹമ്മദ്‌ അല്‍ സമാന്‍ പറഞ്ഞു.



ഈജിപ്‌തിലെ പരമ്പരാഗത കോപ്‌റ്റിക്‌ ക്രിസ്‌ത്യന്‍ കുടുംബത്തില്‍പെട്ട യുവതി മുസ്ലിം യുവാവിനെ വിവാഹം കഴിച്ചെന്ന അഭ്യൂഹം പടര്‍ന്നതോടെയാണ്‌ അക്രമപരമ്പരകളുടെ തുടക്കം. യുവതിയെ ഭര്‍ത്താവില്‍നിന്നു വേര്‍പെടുത്താന്‍ ബന്ധുക്കള്‍ പള്ളിയിലേക്കു കൊണ്ടുപോയി. വിവരമറിഞ്ഞു പള്ളിയിലെത്തിയ യുവാവിന്റെ കുടുംബത്തിനുനേരേ പെണ്‍വീട്ടുകാര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ്‌ ഒരു കഥ. ഇസ്ലാമിലേക്കു പരിവര്‍ത്തനം ചെയ്‌തെന്നു പ്രഖ്യാപിച്ചതിനേത്തുടര്‍ന്നു യുവതിയെ പള്ളിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നും പ്രചരിക്കുന്നുണ്ട്‌.



സംഭവത്തേക്കുറിച്ച്‌ ഊഹാപോഹങ്ങള്‍ പ്രചരിച്ചതോടെ ഒരു സംഘം ഇംബാബയിലെ സെന്റ്‌ മിനാസ്‌ പള്ളിയിലേക്കു നടത്തിയ പ്രകടനം വര്‍ഗീയ ലഹളയില്‍ കലാശിക്കുകയായിരുന്നു. അക്രമാസക്‌തരായ ജനക്കൂട്ടം വീടുകള്‍ക്കും കടകള്‍ക്കും പള്ളികള്‍ക്കുംനേരേ ബോംബെറിഞ്ഞു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സൈന്യവും പോലീസും കണ്ണീര്‍വാതകം പ്രയോഗിച്ചു. തങ്ങള്‍ക്കുനേരേ വെടിയുതിര്‍ക്കാന്‍ ക്രിസ്‌ത്യാനികള്‍ ഉപയോഗിച്ചെന്നാരോപിച്ച്‌ സെന്റ്‌ മിനാസ്‌ പള്ളിക്കു സമീപത്തെ ആറുനിലക്കെട്ടിടം മുസ്ലിംകള്‍ തീവച്ചു നശിപ്പിച്ചു. ലഹളയില്‍ 186 പേര്‍ക്കു പരുക്കേറ്റെന്നും പതിനൊന്നുപേരുടെ നില ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്‌ഥന്‍ അറിയിച്ചു.



ഹോസ്‌നി മുബാറകിന്റെ സര്‍ക്കാരിനെ നീക്കിയശേഷം അക്രമികള്‍ ഈജിപ്‌തില്‍ അഴിഞ്ഞാടുകയാണ്‌. അക്രമികളാണു കലാപം അഴിച്ചുവിട്ടതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു

No comments:

Post a Comment