News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Sunday, 8 May 2011

മുത്തൂറ്റ്‌ ആശുപത്രി ആക്രമണം: എട്ടു പേര്‍ക്കെതിരേ കേസ്‌

പത്തനംതിട്ട: അപകടത്തില്‍ പരുക്കേറ്റ പിഞ്ചുകുഞ്ഞിനു ചികില്‍സ നിഷേധിച്ചുവെന്നാരോപിച്ച്‌ മുത്തൂറ്റ്‌ മെഡിക്കല്‍ സെന്റര്‍ അടിച്ചു തകര്‍ക്കുകയും ജീവനക്കാരെ മര്‍ദിക്കുകയുംചെയ്‌ത സംഭവത്തില്‍ അഴൂര്‍ സ്വദേശി വിനോദ്‌, സെല്‍വന്‍ എന്നിവരടക്കം കണ്ടാലറിയാവുന്ന എട്ടുപേര്‍ക്കെതിരേ പോലീസ്‌ കേസെടുത്തു.



വെള്ളിയാഴ്‌ച രാത്രി 11 മണിയോടെയായിരുന്നു അക്രമം. പത്തരയോടെ കോളജ്‌ റോഡില്‍ പോസ്‌റ്റ് ഓഫീസിനു മുന്നില്‍ ടിപ്പര്‍ലോറിയും കാറും കൂട്ടിയിടിച്ച്‌ അഴൂര്‍ ഗോകുലത്തില്‍ ജി. ഗോപുവിന്റെ മൂന്നുമാസം പ്രായമുള്ള മകള്‍ക്കു പരുക്കേറ്റിരുന്നു. കുഞ്ഞുമായി മുത്തൂറ്റ്‌ ആശുപത്രിയില്‍ എത്തിയപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്‌ടര്‍ കുഞ്ഞിനെ ന്യൂറോ സര്‍ജനെ കാണിക്കണമെന്നു പറഞ്ഞതാണു പ്രശ്‌നങ്ങളുടെ തുടക്കം.



കുട്ടിക്ക്‌ കുഴപ്പമില്ലെന്നും സംശയമുണ്ടെങ്കില്‍ ന്യൂറോ സര്‍ജനെ കാണിക്കാനും ഡോക്‌ടര്‍ പറഞ്ഞു. ഇവിടെ ന്യൂറോ സര്‍ജനില്ലെന്നും പുഷ്‌പഗിരിയിലേക്കു കൊണ്ടുപോകാനും പറഞ്ഞതിനെത്തുടര്‍ന്നായിരുന്നു അക്രമമെന്ന്‌ ആശുപത്രിവൃത്തങ്ങള്‍ പറഞ്ഞു. വനിതാ ഡോക്‌ടറെ അസഭ്യം പറയുകയും കാഷ്വാലിറ്റി അടിച്ചുതകര്‍ക്കുകയും ചെയ്‌തു. പി.ആര്‍.ഒ. ദീപുവടക്കം അഞ്ചുപേരേ അക്രമികള്‍ മര്‍ദിച്ചു. ഇവര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്‌. അക്രമി സംഘത്തിന്റെ വിളയാട്ടം മുഴുവനും കാഷ്വാലിറ്റിയില്‍ സ്‌ഥാപിച്ചിരുന്ന കാമറയില്‍ പതിഞ്ഞിരുന്നു. ഇതാണു പോലീസിനു സഹായകരമായത്‌.



ആശുപത്രി ജീവനക്കാര്‍ വളരെ മോശമായിട്ടാണു തങ്ങളോട്‌ പെരുമാറിയതെന്ന്‌ അപകടത്തില്‍ പരുക്കേറ്റ കുട്ടിയുടെ പിതാവ്‌ ഗോപു പറഞ്ഞു. ഡോക്‌ടര്‍മാര്‍ കുട്ടിയെ നോക്കിയില്ലെന്നും ആശുപത്രി പി.ആര്‍.ഒ. കുട്ടിയെ എടുത്തുകൊണ്ടുനിന്ന തന്റെ ബന്ധുവിന്റെ കഴുത്തിനു പിടിച്ചു തള്ളിയെന്നും ഗോപു പറയുന്നു. കുഞ്ഞിനു ചികില്‍സ കിട്ടില്ലെന്നുവന്നപ്പോള്‍ ഉണ്ടായ ബന്ധുക്കളുടെ സ്വാഭാവിക പ്രതികരണം മാത്രമാണ്‌ അവിടെ നടന്നത്‌. വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് മുത്തൂറ്റ്‌ ആശുപത്രിയില്‍ ചികില്‍സയിലിരുന്ന മുത്തച്‌ഛനെ ഡിസ്‌ചാര്‍ജ്‌ ചെയ്‌തപ്പോള്‍ സ്‌ട്രച്ചറോ ലിഫ്‌റ്റോ ആംബുലന്‍സോ ആശുപത്രിക്കാര്‍ നല്‍കിയിരുന്നില്ല. ഇതേചൊല്ലി അപ്പോള്‍ ബഹളമുണ്ടായിരുന്നതായും ഗോപു പറഞ്ഞു. ഗോപുവിന്റെ വിശദീകരണം തെറ്റെന്നു തെളിയിക്കുന്നതാണു കാമറയിലെ ദൃശ്യങ്ങള്‍. അക്രമികള്‍ക്കായി പോലീസ്‌ അന്വേഷണം വ്യാപിപ്പിച്ചു.

No comments:

Post a Comment