News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Saturday 14 May 2011

ഗ്രൂപ്പിസവും അനൈക്യവും അടൂരില്‍ കോണ്‍ഗ്രസിന്‌ തിരിച്ചടിയായി

അടൂര്‍: കോണ്‍ഗ്രസിലെ ഗ്രൂപ്പിസവും അനൈക്യവും കാരണം അടൂരില്‍ ചുണ്ടിനും കപ്പിനുമിടയില്‍ വിജയം നഷ്‌ടമായി.



രണ്ട്‌ പതിറ്റാണ്ടായി യു.ഡി.എഫ്‌ കൈവശംവച്ചിരുന്ന സീറ്റ്‌ പിടിച്ചെടുത്തത്‌ എല്‍.ഡി.എഫിന്‌ ഇരട്ടിമധുരമായി.



20 വര്‍ഷക്കാലം അടൂരിനെ പ്രതിനിധീകരിച്ചിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ മണ്ഡലം മാറിയതോടെ അടൂരിന്റെ ഹൃദയം ഇടത്തേക്ക്‌ ചരിയുകയായിരുന്നു.



20 വര്‍ഷമായി എ ഗ്രൂപ്പിന്റെ ശക്‌തികേന്ദ്രമായ അടൂരില്‍ പന്തളം സുധാകരന്‍ എത്തുന്നതോടെ ഐ ഗ്രൂപ്പിന്റെ ആധിപത്യം ഉണ്ടാകുമെന്ന ചിന്ത എ വിഭാഗത്തെ അസ്വസ്‌ഥരാക്കിയിരുന്നു.



എ ഗ്രൂപ്പിലെ ബൂത്ത്‌ മണ്ഡലം കമ്മിറ്റികളില്‍ ചിലത്‌ നിഷ്‌ക്രിയമാവുകയോ മറ്റ്‌ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ പോകുകയോ ചെയ്‌തുവെന്ന ആരോപണം ഉണ്ട്‌.



ഏക്കാലവും നാലായിരത്തിലധികം വോട്ട്‌ യു.ഡി.എഫിന്‌് ഭൂരിപക്ഷം നല്‍കിവന്ന അടൂര്‍ നഗരസഭാ പ്രദേശത്തും ഇക്കുറി വലിയ തിരിച്ചടിക്കിടയാക്കി.



കടമ്പനാട്‌, പന്തളം, പള്ളിക്കല്‍, പന്തളം തെക്കേകര, കൊടുമണ്‍ പഞ്ചായത്തുകള്‍ യു.ഡി.എഫിനെ കൈവിട്ടു. തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനത്തില്‍ എ ഗ്രൂപ്പ്‌ വേണ്ടത്ര ശുഷ്‌കാന്തികാട്ടുന്നില്ലെന്ന്‌ പലവട്ടം ഐ ഗ്രൂപ്പ്‌ ചൂണ്ടിക്കാട്ടിയിരുന്നു.



കഴിഞ്ഞ നാല്‌ തെരഞ്ഞെടുപ്പുകളില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‌ അനായാസ വിജയം നേടിക്കൊടുത്ത അടൂര്‍ മണ്ഡലത്തിന്റെ രൂപത്തിലും ഭാവത്തിലും ചെറിയമാറ്റം കൈവരിച്ച അടൂരിന്റെ മണ്ണ്‌ ആര്‍ക്കൊപ്പമാകുമെന്നകാര്യം വോട്ടെണ്ണല്‍ നടക്കുംവരെ പ്രവചനാതീതമായി തുടര്‍ന്നു.



മണ്ഡലത്തില്‍ ഇടതുമുന്നണിക്ക്‌ ചരിത്രനേട്ടമാണ്‌ ഇക്കുറി ഉണ്ടായത്‌. സി.പി.ഐ-സി.പി.എം തര്‍ക്കം നിലനിന്ന അടുരില്‍ സി.പി.എം സീറ്റ്‌ വെച്ചുമാറി നടത്തിയ പരീക്ഷണമാണ്‌ ഇത്തവണ വിജയത്തിന്‌ കാരണമായത്‌.



ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ അടൂരിന്റെ മനസ്‌ സ്വന്തമാക്കാന്‍ എല്‍.ഡി.എഫ്‌ ഒറ്റക്കെട്ടായി നിന്നുവെന്നതാണ്‌ തെരഞ്ഞെടുപ്പ്‌ ഫലം ചൂണ്ടിക്കാട്ടുന്നത്‌.



കോണ്‍ഗ്രസ്‌ പ്രതീക്ഷിച്ചിരുന്ന പല പഞ്ചായത്തുകളും യു.ഡി.എഫിനെ നിഷ്‌കരുണം തള്ളുന്ന കാഴ്‌ചയാണ്‌ കണ്ടത്‌.അവസാനവട്ട വോട്ടെണ്ണല്‍ ഭാഗികമായി പൂര്‍ത്തിയായതോടെ വിജയം അറിഞ്ഞ്‌ എല്‍.ഡി.എഫ്‌ പ്രവര്‍ത്തകര്‍ ഒന്നൊന്നായി എത്തിത്തുടങ്ങി. പിന്നീട്‌ ചിറ്റയം ഗോപകുമാര്‍ ഹൈസ്‌കൂള്‍ ജംഗ്‌ഷനില്‍ എത്തിയതോടെ അണികളില്‍ ആവേശം അലതല്ലി.

No comments:

Post a Comment