News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Wednesday 11 May 2011

റിയാദിലെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ വേദി 10 ലക്ഷം സമാഹരിക്കുന്നു

റിയാദ്: എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിനിരയായി മരിച്ചുജീവിക്കുന്ന ആയിരങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് റിയാദിലെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ജനകീയവേദിയുടെ പ്രഥമ യോഗം മുബാറക് ഓഡിറ്റോറിയത്തില്‍ നടന്നു.



കക്ഷിരാഷ്ട്രീയ ചിന്തകള്‍ക്കപ്പുറത്ത് എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി പത്തുലക്ഷം രൂപ സമാഹരിച്ച് ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്കാനും തീരുമാനിച്ചു.



28ന് കാസര്‍കോട് ടൗണ്‍ഹാളില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ റിയാദ് ജനകീയവേദിയുടെ ആഭിമുഖ്യത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന 50 കുടുംബങ്ങള്‍ക്ക് ഇരുപതിനായിരം രൂപ വീതം നല്കാന്‍ ജനകീയ വേദി തീരുമാനിച്ചു.



എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്കിയിരുന്ന എം.എ. റഹ്മാന്റെ മേല്‍നോട്ടത്തില്‍ കാസര്‍കോട്ടെ മത രാഷ്ട്രീയ നേതാക്കളുടെയും പൗരപ്രമുഖരുടെയും സാന്നിധ്യത്തില്‍ നടക്കുന്ന പരിപാടിയില്‍ റിയാദില്‍ നിന്നുള്ള വ്യത്യസ്ത സംഘടനാ നേതാക്കളും സംബന്ധിക്കും.



എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടത്തില്‍ ആദ്യാവസാനം പ്രവര്‍ത്തിച്ചിരുന്ന പുഞ്ചിരി ക്ലബ്ബിനെ ചടങ്ങില്‍ ആദരിക്കും. ഷാജി അരിപ്ര ചെയര്‍മാനായി അമ്പതംഗ കമ്മിറ്റി നിലവില്‍ വന്നു. ടി.പി. മുഹമ്മദ് (അല്‍ഹുദ ഗ്രൂപ്പ് ഓഫ് സ്‌കൂള്‍) വൈസ് ചെയര്‍മാന്‍, പക്കര്‍ കോയ (ലുലു) ജനറല്‍ കണ്‍വീനര്‍, രാമചന്ദ്രന്‍ (അറാബ്‌കോ കാര്‍ഗോ) കണ്‍വീനര്‍, അഷ്‌റഫ് വേങ്ങാട്ട് (മുബാറക് ഹോസ്പിറ്റല്‍) ട്രഷറര്‍, അഹ്മദ് കോയ (ഫ്ലീരിയ), ഡേവിഡ് ലൂക്ക് (സ്റ്റാര്‍ പ്രിന്റേഴ്‌സ്) മുഖ്യ രക്ഷാധികാരികള്‍ എന്നിവരോടൊപ്പം വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നാല്പതംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.



ഉബൈദ് എടവണ്ണ യോഗനടപടികള്‍ നിയന്ത്രിച്ചു. ഹംസക്കുട്ടി അരിപ്ര (സഫാമക്ക) അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കെ.എം.സി.സി., ഒ.ഐ.സി.സി., നവോദയ, റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍, തറവാട്, ഫ്രണ്ട്‌സ് ക്രിയേഷന്‍സ്, ലയണ്‍സ് ക്ലബ്, പി.എസ്.വി., ഫ്രറ്റേണിറ്റി ഫോറം, മിഅ, നാസ്, പ്രത്യാശ സാംസ്‌കാരിക വേദി, തനിമ, സംഗമം, ഗ്രാമശ്രീ, ഫോര്‍ക്ക, ന്യൂ സഫാ മക്ക പോളിക്ലിനിക്ക് എന്നിവയുടെ പ്രതിനിധികള്‍ സംബന്ധിച്ചു.



എന്‍ഡോസള്‍ഫാന്‍ മാരക കീടനാശിനിയുടെ ദൂരവ്യാപകമായ ഫലങ്ങള്‍ ദൃശ്യവല്ക്കരിക്കുന്ന വീഡിയോ പ്രദര്‍ശനവും നടന്നു. റിയാദിലെ കാസര്‍കോട് സ്വദേശികളുടെ കൂട്ടായ്മയായ കലാഫ് സമാഹരിച്ച ദുരിതാശ്വാസഫണ്ട് ചടങ്ങില്‍ കലാഫ് പ്രതിനിധി ഹൈദ്രുവും ശംസുദ്ദീനും പുതിയ കമ്മിറ്റിക്ക് കൈമാറി. അര്‍ഷദ് മേച്ചേരി സ്വാഗതവും അക്ബര്‍ വേങ്ങാട്ട് നന്ദിയും പറഞ്ഞു.

No comments:

Post a Comment