ന്യൂയോര്‍ക്ക്: ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയിലെ മലങ്കര ആര്‍ച്ച് ഡയോസിസിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 26-മത് ഫാമിലി കോണ്‍ഫറന്‍സിന്റെ മുഖ്യാതിഥിയും പ്രധാന പ്രഭാഷകനുമായ അഭിവന്ദ്യ കുര്യാക്കോസ് മോര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്തയ്‌ക്ക് ന്യൂയോര്‍ക്കിലെ ജെ.എഫ്.കെ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ ആവേശോജ്വലമായ സ്വീകരണം നല്‍കി
മോര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്തയെ വൈദീക ശ്രേഷ്‌ഠര്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, ഭക്തസംഘടനാ ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഭദ്രാസന ജോയിന്റ് ട്രഷറര്‍ സാജു പൗലോസ് മാരോത്ത്, റവ. ഡീക്കണ്‍ ജോയല്‍ ജേക്കബ് എം.ഡി എന്നിവര്‍ ബൊക്കെ നല്‍കി സ്വീകരിച്ചു.
വിമാനത്താവളത്തിലെ സ്വീകരണത്തിനുശേഷം ഭദ്രാസന ആസ്ഥാനത്ത് എത്തിച്ചേര്‍ന്ന മെത്രാപ്പോലീത്ത അരമന ചാപ്പലില്‍ പ്രത്യേക പ്രാര്‍ത്ഥനയര്‍പ്പിച്ചു. മലേക്കുരിശ് ദയറായുടെ അധിപനും, സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്തയുമായ മോര്‍ ദിയസ്‌കോറസ് തിരുമേനി ഇത് രണ്ടാം തവണയാണ് മലങ്കര ആര്‍ച്ച് ഡയോസിസ് കണ്‍വെന്‍ഷന്റെ മുഖ്യ പ്രഭാഷകനാകുന്നത്. പ്രമുഖ വാഗ്‌മിയും വേദപണ്‌ഡിതനുമായ കുര്യാക്കോസ് മോര്‍ ദിയസ്‌കോറസ് തിരുമേനി നാലുദിനം നീളുന്ന കണ്‍വെന്‍ഷനില്‍ ചിന്താവിഷയത്തെ ആസ്‌പദമാക്കിയുള്ള വിവിധ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നതാണ്.
`കര്‍ത്താവേ വിശ്വസ്‌തന്‍: അവന്‍ നിങ്ങളെ ഉറപ്പിച്ച് ദുഷ്‌ടന്റെ കൈയില്‍ അകപ്പെടാത്തവണ്ണം കാത്തുകൊള്ളും’ (2 തെസ്സലോനിക്യാര്‍ 3:3) എന്നതാണ് ഈവര്‍ഷത്തെ കണ്‍വെന്‍ഷന്‍ തീം. ജൂലൈ 21 മുതല്‍ 24 വരെ ന്യൂയോര്‍ക്കിലെ പ്രമുഖ കണ്‍വെന്‍ഷന്‍ കേന്ദ്രമായ ഹഡ്‌സണ്‍വാലി റിസോര്‍ട്ടില്‍ വെച്ച് നടത്തപ്പെടുന്ന ഫാമിലി കോണ്‍ഫറന്‍സ് ഞായറാഴ്‌ച പ്രത്യേകം തയാറാക്കപ്പെട്ട ത്രോണോസില്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയോടെ സമാപിക്കുന്നതാണ്. മലങ്കര ആര്‍ച്ച് ഡയോസിസ് കൗണ്‍സിലിനാണ് കണ്‍വെന്‍ഷന്‍ നടത്തിപ്പിന്റെ മുഖ്യ ചുമതല.
ബിജു ചെറിയാന്‍ (മലങ്കര ആര്‍ച്ച് ഡയോസിസ്, പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍) അറിയിച്ചതാണിത്.
No comments:
Post a Comment