News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Sunday 31 July 2011

മലകയറിയെത്തുന്ന വിവാഹത്തട്ടിപ്പ്‌ വീരന്‍മാര്‍

ഇടുക്കി ജില്ലയില്‍ വിവാഹ തട്ടിപ്പു വീരന്‍മാര്‍ പിടിമുറുക്കുന്നു. കേരളത്തിന്റെ ഏതു കോണില്‍ വിവാഹ തട്ടിപ്പ്‌ കേസുണ്ടായാലും ഇരകളില്‍ ജില്ലക്കാരായ സ്‌ത്രീകളും ഉണ്ടാകും. നിരവധി സ്‌ത്രീകളെ വിവാഹം ചെയ്‌ത് തട്ടിപ്പു നടത്തിയ കേസില്‍ പിടിയിലായ ജോണ്‍സണ്‍ ഉള്‍പ്പെടെയുള്ളവരുടെ വലയില്‍ അകപ്പെട്ടവരില്‍ ഇടുക്കിക്കാരും ഉള്‍പ്പെട്ടിരുന്നു. ചിലര്‍ സ്‌ത്രീകളുടെ ശരീരം ലക്ഷ്യമാക്കി തട്ടിപ്പു നടത്തുമ്പോള്‍ മറ്റുചിലര്‍ എങ്ങനെയും പണമുണ്ടാക്കുകയെന്ന ഉദ്യേശത്തോടെയാണ്‌ 'വിവാഹ പരമ്പര'യില്‍ നായകനാകുന്നത്‌. ഇതിനൊപ്പമാണ്‌ ഐ.പി.എസ്‌. ഉദ്യോഗസ്‌ഥന്‍ മുതല്‍ പട്ടാളക്കാരന്‍ വരെ ചമഞ്ഞ്‌ തട്ടിപ്പു നടത്തുന്നവരുടെ കെണിയില്‍ അകപ്പെട്ടവരുടെ വിവരം പുറംലോകം അറിയുന്നത്‌. പണം ലക്ഷ്യമാക്കി സ്‌ത്രീകളെ വിവാഹം ചെയ്‌ത് കബളിപ്പിച്ച പത്തനംതിട്ട മൈലപ്ര സൂര്യഭവന്‍ സനില്‍കുമാര്‍ (36)വ്യാഴാഴ്‌ച പിടിയിലായത്‌. ഇതേമാതൃകയിലാണ്‌ പത്തനംതിട്ട പെരുമ്പട്ടി ഗണപതിയമ്പലത്തിനു സമീപമുള്ള തെനിയപ്ലാക്കല്‍ സജി (36) കഴിഞ്ഞ മെയ്‌ മാസത്തില്‍ കാഞ്ഞാര്‍ സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്യാനുള്ള ശ്രമത്തിനിടെ പിടിയിലായത്‌. സനില്‍ പട്ടാളക്കാരന്‍ ചമഞ്ഞെത്തിയപ്പോള്‍ സജിയെത്തിയത്‌ ഐ.പി.എസ്‌. ഉദ്യോഗസ്‌ഥനായി. ഇരുവരും പത്തനംതിട്ട സ്വദേശികളാണെന്നതും പുനര്‍വിവാഹത്തിന്‌ നല്‍കിയ പത്രപരസ്യം കണ്ടാണ്‌ എത്തിയതെന്നതും കേസുകളിലെ സാമ്യതയാണ്‌.




വിമുക്‌തഭടനായ സനില്‍കുമാര്‍ നാലാം വിവാഹശ്രമത്തിനിടെയാണ്‌ പിടിയിലായത്‌.



വിമുക്‌ത ഭടന്റെ മകനായി പിറന്ന ഇയാളും പിതാവിന്റെ പാത പിന്‍തുടര്‍ന്ന്‌ പട്ടാളത്തിലെത്തി. രണ്ട്‌ സഹോദരന്‍മാരും പട്ടാളക്കാരാണ്‌. എന്നാല്‍ എട്ടുവര്‍ഷത്തെ സേവനത്തിനുശേഷം പിരിഞ്ഞ ഇയാള്‍ നാട്ടിലെത്തിയതോടെ പുതിയ 'തൊഴില്‍' സ്വീകരിച്ചു. 14 വര്‍ഷം മുമ്പ്‌ തിരുവനന്തപുരം നെടുമങ്ങാട്‌ സ്വദേശിനിയെ വിവാഹം ചെയ്‌തായിരുന്നു ഹരിശ്രീ കുറിച്ചത്‌. ദൂര്‍ത്തടിച്ചുള്ള ഇയാളുടെ ജീവിതംമൂലം വന്‍തോതില്‍ സാമ്പത്തിക ബാധ്യതയുണ്ടായി. ഇതോടെ യുവതി ഇയാളില്‍ നിന്ന്‌ അകന്നു. ഈ ബന്ധത്തില്‍ ഇപ്പോള്‍ 13 വയസുള്ള ഒരു പെണ്‍കുട്ടിയുണ്ട്‌. ഇതിനുശേഷം പുതിയ മേച്ചില്‍പുറങ്ങള്‍ തേടി ഇയാള്‍ യാത്രയാരംഭിച്ചു.



പലയിടത്തായി വിവിധതരം തൊഴില്‍ ചെയ്‌തു. 2006 ല്‍ ഹരിപ്പാട്‌ സ്വദേശിനിയായ നഴ്‌സ് പുനര്‍വിവാഹത്തിന്‌ പത്ര പരസ്യം നല്‍കിയതുകണ്ട്‌ ഇയാള്‍ താല്‍പര്യം അറിയിച്ചു. പട്ടാളക്കാരനെന്ന്‌ പരിചയപ്പെടുത്തി എത്തിയ ഇയാളെ നഴ്‌സിനും കുടുംബക്കാര്‍ക്കും ഇഷ്‌ടമായി. ഇതോടെ ഒരു പെണ്‍കുട്ടിയുടെ മാതാവായ നഴ്‌സിനെ ഇയാള്‍ വിവാഹം ചെയ്‌തു. ഈ ബന്ധത്തില്‍ അഞ്ചു വയസുള്ള ആണ്‍കുട്ടിയുമുണ്ട്‌. എന്നാല്‍ വരണമാല്യം താഴെവയ്‌ക്കാന്‍ ഇതിനുശേഷവും ഇയാള്‍ തയാറായില്ല. 2009 ല്‍ വൈക്കം ചെമ്പ്‌ സ്വദേശിനിയും രണ്ടു കുട്ടികളുടെ മാതാവുമായ സ്‌ത്രീ നല്‍കിയ പത്രപരസ്യം കണ്ട്‌ വീണ്ടും വരനാകാന്‍ തയാറായി. പട്ടാളക്കാരനെന്നു പറഞ്ഞായിരുന്നു ഇവിടെയും രംഗപ്രവേശം ചെയ്‌തത്‌.



യുവതിയെയും കുടുംബക്കാരെയും പറഞ്ഞു വിശ്വസിപ്പിച്ചശേഷം രജിസ്‌റ്റര്‍ വിവാഹം ചെയ്‌തു. ഇതിനുശേഷം കന്യാകുമാരിയില്‍ വീട്‌ വാടകയ്‌ക്കെടുത്ത്‌ രണ്ടുമാസം ഒരുമിച്ചു താമസിച്ചു. ഒടുവില്‍ ഇവരുടെ 14 പവന്റെ സ്വര്‍ണാഭരണവും പണവും കവര്‍ന്ന്‌ മുങ്ങി. പിന്നീട്‌ പൊങ്ങിയത്‌ തൊടുപുഴ കാഞ്ഞിരമറ്റത്താണ്‌. പുനര്‍വിവാഹത്തിനായി പത്രപരസ്യം നല്‍കിയ കാഞ്ഞിരമറ്റം സ്വദേശിനിയെ ഇയാള്‍ സമീപിച്ചു. ബന്ധുക്കളാരും ഇല്ലെന്ന്‌ പരിചയപ്പെടുത്തിയാണ്‌ ഇവിടെയെത്തിയത്‌. ഇയാളുടെ വാചാലതയില്‍ വീണ ഈ കുടുംബവും വിവാഹത്തിന്‌ ഒരുക്കം നടത്തി. മാര്‍ച്ച്‌ 20 ന്‌ വിവാഹവും നിശ്‌ചയിച്ചു.



കല്യാണക്കുറി അടക്കമുള്ള എല്ലാ ഒരുക്കവും പൂര്‍ത്തിയാക്കി. ഇതിനിടെ എസ്‌.എന്‍.ഡി.പി. ശാഖയില്‍ നിന്നു പത്രിക കൈമാറണമെന്ന്‌ യുവതിയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പട്ടാളത്തില്‍ പരിശീലനം ഉണ്ടെന്നും വീട്‌ മോശമാണെന്നും അടക്കമുള്ള കാരണങ്ങള്‍ നിരത്തി ഇയാള്‍ പിന്‍വലിഞ്ഞു. തുടര്‍ന്ന്‌ വീടിന്റെ അറ്റകുറ്റപ്പണി നടത്താനെന്ന വ്യാജേന 30,000 രൂപ ഇവരോട്‌ ആവശ്യപ്പെട്ടു. ഇതിനായി 10,000 രൂപ യുവതിയുടെ വീട്ടുകാര്‍ നല്‍കി. പിന്നീട്‌ മിലിട്ടറിയില്‍ ഫാമിലി ക്വാര്‍ട്ടേഴ്‌സ് തരപ്പെടുത്താനെന്നു വിശ്വസിപ്പിച്ച യുവതിയുടെ ഒന്‍പതു ഫോട്ടോയും വാങ്ങി മുങ്ങി മുങ്ങുകയായിരുന്നു. ഇതില്‍ സംശയം തോന്നി ഇവര്‍ എ.എസ്‌.പിക്ക്‌ നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ ഇയാള്‍ പിടിയിലായത്‌.



സന്തോഷ്‌കുമാര്‍, സുഭാഷ്‌, സുനില്‍കുമാര്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെട്ടിരുന്ന സനില്‍കുമാര്‍ ഫോര്‍ട്ട്‌ കൊച്ചിയില്‍ പെയിന്റിംഗ്‌ തൊഴിലാളിയാണ്‌. ഇതിനുമുമ്പ്‌ ഹരിപ്പാട്‌, എറണാകുളം തുടങ്ങിയ സ്‌ഥലങ്ങളില്‍ ഹോട്ടലുകളിലും ജോലി ചെയ്‌തിരുന്നു. പുനര്‍വിവാഹത്തിന്‌ താല്‍പര്യപ്പെടുന്ന യുവതികളെ കബളിപ്പിച്ച്‌ വിവാഹം ചെയ്‌ത് ഒപ്പം താമസിപ്പിച്ചശേഷം പണവും ആഭരണവുമായി മുങ്ങുകയായിരുന്നു ഇയാളുടെ പതിവ്‌.



ഓരോ സ്‌ഥലത്തും വ്യത്യസ്‌ത പേരില്‍ പരിചയപ്പെടുത്തി തട്ടിപ്പു നടത്തിയിരുന്ന ഇയാളെ ഫോര്‍ട്ട്‌കൊച്ചിയിലെ വാടക വീട്ടില്‍ നിന്നാണ്‌ കസ്‌റ്റഡിയില്‍ എടുത്തത്‌. ഈ സമയം രണ്ടാം ഭാര്യയും ഈ ബന്ധത്തിലുള്ള കുട്ടിയും ഒപ്പമുണ്ടായിരുന്നു. ഇയാളുടെ ബന്ധുക്കളായി ചമഞ്ഞെത്തിയിരുന്നത്‌ പെയിന്റ്‌ കമ്പനിയില്‍ ഒപ്പം ജോലി ചെയ്‌തിരുന്നവരാണ്‌. വിവിധ സ്‌ഥലങ്ങളില്‍ ഇയാളുടെ അമ്മായിയും അമ്മാവനും ചമഞ്ഞ്‌ എത്തിയിരുന്ന ഈ രണ്ടുപേരെയും പോലീസ്‌ തെരയുന്നുണ്ട്‌. സമാന രീതിയിലാണ്‌ ഐ.പി.എസ്‌. ഉദ്യോഗസ്‌ഥന്‍ ചമഞ്ഞ്‌ പത്തനംതിട്ട സ്വദേശിയായ സജി മെയ്‌ മാസത്തില്‍ കാഞ്ഞാറില്‍ തട്ടിപ്പിന്‌ ശ്രമിച്ചത്‌. കാഞ്ഞാര്‍ സ്വദേശിനിയായ ഒരു യുവതി പുനര്‍വിവാഹത്തിനായി നല്‍കി പത്രപരസ്യം കണ്ടാണ്‌ ഇയാള്‍ പത്തനംതിട്ട കാവുംഭാഗം ഗൗരീശങ്കര്‍ എന്ന പേരില്‍ ഇവരുമായി ബന്ധപ്പെട്ടത്‌. ഡല്‍ഹി എന്‍.ഐ.എയില്‍ ഡി.വൈ.എസ്‌.പിയാണെന്നും ഐ.പി.എസ്‌ ഉദ്യോഗസ്‌ഥനാണെന്നും പരിചയപ്പെടുത്തിയാണ്‌ ഇയാള്‍ ഫോണിലൂടെ ബന്ധപ്പെട്ടത്‌.



ഫോണില്‍ പറഞ്ഞുറപ്പിച്ചതനുസരിച്ച്‌ ഇയാള്‍ പെണ്ണുകാണാനുമെത്തി. താന്‍ വന്ന ജീപ്പ്‌ മുണ്ടക്കയത്തിനു സമീപം തകരാറിലായെന്നും മുണ്ടക്കയം എസ്‌.ഐയെ വാഹനം നന്നാക്കാനായി ഏല്‍പ്പിച്ചിരിക്കുകയാണെന്നും വീട്ടുകാരെ ധരിപ്പിച്ചു. ഇതിനുശേഷം രണ്ടു ദിവസം ഇവിടെ താമസിക്കുകയും പിന്നീട്‌ നാട്ടില്‍പോകുകയും തിരികെവരുകയും ചെയ്‌തിരുന്നു. ഇതിനിടെ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ യുവതിയുടെ വീട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ചാണ്‌ പോലീസ്‌ എത്തി നാടകീയമായി അറസ്‌റ്റ് ചെയ്‌തത്‌. കാക്കി പാന്റും പോലീസ്‌ ഷൂസും സോക്‌സുമാണ്‌ ഇയാള്‍ ധരിച്ചിരുന്നത്‌. കൂടാതെ ഐ.പി.എസ്‌ മുദ്രയുള്ള ബെല്‍റ്റും അണിഞ്ഞിരുന്നു. വികലാംഗയായ ഭാര്യയും രണ്ടു മക്കളുമുള്ള ഇയാള്‍ സമാനമായ മറ്റൊരു കേസില്‍ കൊട്ടാരക്കരയുള്ള ഒരു യുവതിയുടെ വീട്ടില്‍ വിവാഹാലോചനയുമായി ചെന്ന്‌ ഒരാഴ്‌ച അവിടെ താമസിച്ച്‌ 40,000 രൂപയുമായി മുങ്ങിയിരുന്നു. പെണ്‍വാണിഭ കേസുകളാല്‍ കുപ്രശസ്‌തിയാര്‍ജിച്ച ജില്ലയില്‍ ഒരേ ജില്ലക്കാരായ ഇവര്‍ സമാന രീതിയില്‍ തട്ടിപ്പ്‌ നടത്തിയത്‌ ആശങ്കയോടെയാണ്‌ ജനം കാണുന്നത്‌.



No comments:

Post a Comment