News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Sunday, 31 July 2011

ദൈവത്തെ അറിയുന്ന നിമിഷങ്ങള്‍

ഒരു പൊതു പരീക്ഷ എഴുതാന്‍ ഏറണാകുളത്തു പോയി മടങ്ങുകയായിരുന്നു ഞങ്ങള്‍ അഞ്ചു സുഹൃത്തുക്കള്‍ . പാതി രാത്രി കഴിഞ്ഞിരുന്നു. വന്ന ഉദ്യമം കഴിഞ്ഞു ബാക്കിയുള്ള സമയം ചെറായി കടപ്പുറത്ത് തിരമാലകളോട് മല്ലിട്ടതിന്റെ ക്ഷീണം എല്ലാവര്ക്കും ഉണ്ടായിരുന്നു. കാര്‍ ഓടിച്ചിരുന്ന ഉണ്ണിയേട്ടന്‍ കൂടി മയങ്ങും എന്നാ അവസ്ഥ വന്നപ്പോള്‍ അല്പസമയം വഴിയോരത്തു വണ്ടി നിര്‍ത്തി ഉറങ്ങി ക്ഷീണം തീര്‍ത്തിട്ടു പോകാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു.


എറണാകുളം - പാലക്കാട് ദേശീയപാത. ഏതു പാതിരാത്രിയിലും വാഹനങ്ങള്‍ മരണപ്പാച്ചില്‍ തുടരുന്ന അപകടമേറിയ റോഡ്‌. ദേശീയപാതകള്‍ അവയുടെ ഭീകരമുഖം കൈവരിക്കുന്നത് രാത്രിയിലാണ്. വിജനതയുടെയും നിയന്ത്രണങ്ങളുടെയും ആനുകൂല്യം മുതലെടുത്ത്‌ ലക്ഷ്യസ്ഥാനത്ത് എത്തി തലചായ്ക്കാന്‍ ഉള്ള തത്രപ്പാടില്‍ ശരവേഗത്തില്‍ തൊടുത്തു വിടുന്ന വാഹനങ്ങള്‍ ! അതില്‍ ഏറെയും ചരക്കു ലോറികള്‍ .

തൃശൂര്‍ എത്താറായി എന്നതിന് പുറമേ വാഹനം പാര്‍ക്ക് ചെയ്ത സ്ഥലത്തെ കുറിച്ചു യാതൊരു ധാരണയും ഞങ്ങള്‍ക്ക് ഇല്ലായിരുന്നു. ക്ഷീണം തോന്നുന്ന ഡ്രൈവര്‍മാര്‍ ഇത്തരത്തില്‍ പാതയോരത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് സാധാരണയാണ്.



ഏകദേശം അരമണിക്കൂര്‍ കഴിഞ്ഞുകാണും. തൊട്ടടുത്ത്‌ ഇരിക്കുന്ന അനീഷിന്റെ അലര്‍ച്ച കേട്ടാണ് ഞാന്‍ ഞെട്ടി ഉണര്‍ന്നത്‌. ഞെട്ടി തരിച്ചിരിക്കുന്ന അവന്‍ മുന്നിലേക്ക്‌ കൈ ചൂണ്ടി. ഒരു നിമിഷം! എന്റെ കണ്ണിലെ ഉറക്കം ആവിയായി പോയി.
ഞങ്ങളുടെ കാറിനു നൂറു മീറ്റര്‍ മാത്രം മുന്‍പില്‍ വലിയൊരു ചരക്കു ലോറി മലക്കം മറിയുകയാണ്. ആ വലിയ വാഹനം ഒരു കളിപ്പാട്ടമെന്ന പോലെ മൂന്നോ നാലോ തവണ സ്വയം എടുത്തെറിയപ്പെട്ടു. പിന്നെ ഞങ്ങളുടെ കണ്മുന്‍പില്‍ തെന്നിമാറി റോഡ്‌ സൈഡിലെ ആഘാതമായ താഴ്ചയിലേക്ക് തെറിച്ചു പോയി. അത്തരമൊരു കാഴ്ച ടെര്‍മിനേറ്റര്‍ പോലുള്ള ഇംഗ്ലീഷ് സിനിമകളില്‍ മാത്രമാണ് ഞങ്ങള്‍ കണ്ടിട്ടുള്ളത്.




കാഴ്ചയുടെ ആഘാതത്തില്‍ ഞങ്ങള്‍ രണ്ടു പേരും ഇടിവെട്ട് ഏറ്റ പോലെ ഇരിക്കുമ്പോള്‍ ഉണര്‍ന്നെണീറ്റ മറ്റുള്ളവര്‍ ഞങ്ങളെ മിഴിച്ചു നോക്കി. അവര്‍ക്ക് ചൂണ്ടി കാണിച്ചു കൊടുക്കാന്‍ ഒന്നും ഇല്ലായിരുന്നു! ഇരുണ്ട ആ താഴ്ചയിലേക്ക് ഒരു ലോറി തെറിച്ചു പോയിരിക്കുന്നു എന്ന് കണ്ടിരുന്ന ഞങ്ങള്‍ക്ക് പോലും വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥ!



ഏതാനും നിമിഷത്തെ അമ്പരക്കലിനു ശേഷം ഞങ്ങള്‍ കാറില്‍ നിന്നിറങ്ങി ലോറി തെറിച്ചു പോയ താഴ്ചയിലേക്ക് കുതിച്ചു. വെപ്രാളത്തില്‍ ചെരുപ്പ് പോലും എടുത്തില്ല. അരണ്ട രാവെളിച്ചത്തില്‍ ആ താഴ്ച്ചക്കപ്പുറം നീണ്ട പാടശേഖരമാണ് എന്ന് മനസ്സിലായി. പക്ഷെ ലോറി കിടക്കുന്ന ഘര്‍ത്തത്തില്‍ ഒരു നുറുങ്ങു വെട്ടം പോലും ഉണ്ടായിരുന്നില്ല.



കൂട്ടത്തില്‍ രണ്ടു പേര്‍ ആ വഴി ചീറി പാഞ്ഞു പോകുന്ന മറ്റു ചരക്കു ലോറികള്‍ക്ക് കൈ കാട്ടി, താഴ്ചയിലേക്ക് ചൂണ്ടി അലറി വിളിച്ചു കൊണ്ടിരുന്നു. വാഹനങ്ങളുടെ ഇരമ്പലില്‍ ആ വിളികള്‍ വിഫലമാകവേ , മൊബൈല്‍ ഫോണിന്റെ ഇത്തിരി വെട്ടത്തില്‍ ഞങ്ങള്‍ ആ ചെങ്കുത്തായ ചെരിവ് ഇറങ്ങി. അതീവ ദുര്‍ഘടം ആയിരുന്നെങ്കിലും , താഴെ പിടിച്ചു കയറ്റാന്‍ ഒരു ജീവനെങ്കിലും ബാക്കി ഉണ്ടാകണേ എന്ന പ്രാര്‍ഥനയില്‍ ഞങ്ങള്‍ ആ തകര്‍ന്ന വാഹനത്തിനു അടുത്ത് എത്തുക തന്നെ ചെയ്തു.
ഒരുപാട് മലക്കം മറിച്ചിലിന് ശേഷം തലകീഴായ നിലയില്‍ കാണപ്പെട്ട ആ ചരക്കു ലോറി തകര്‍ന്നു തരിപ്പണമായിരുന്നു. ഡ്രൈവറുടെ കാബിന്‍ ഞങ്ങള്‍ക്ക് പുറത്തു നിന്ന് കാണാന്‍ കഴിയാത്ത വിധം അടിയില്‍ പെട്ടിരുന്നു.




ഒരു ഞെരക്കമെങ്കിലും കേള്‍ക്കാന്‍ കാതോര്‍ത്ത് കൊണ്ട് ഞങ്ങള്‍ ആ കാബിന് ചുറ്റും തട്ടി വിളിച്ചു കൊണ്ടിരുന്നു. മുകളില്‍ റോഡ്‌ സൈഡില്‍ ഉള്ളവര്‍ അപ്പോഴും നിര്‍ത്താത്ത വാഹനങ്ങള്‍ക്ക് കൈ കാണിക്കുകയായിരുന്നു.



ഇടയിലെപ്പോഴോ .അള്ളാ. എന്ന് ആരോ വിളിച്ച പോലെ! തോന്നിയതല്ല. ഞെരങ്ങുന്നുണ്ട്. ക്യാബിന്റെ പുറത്തു കാണുന്ന പിളര്‍പ്പിലൂടെ വളരെ പണിപ്പെട്ട് ഞങ്ങളില്‍ ഒരാള്‍ കയറി നോക്കി ആളുണ്ടെന്നു വിളിച്ചു പറഞ്ഞു.



ഞങ്ങളുടെ സാന്നിധ്യം മനസിലാക്കിയത് കൊണ്ടാകാം, അകത്തുള്ള ആള്‍ തന്‍റെ കാല്‍ അനക്കാന്‍ കഴിയുന്നില്ലെന്നും എങ്ങേനെയെന്കിലും പുറത്തു ഇറക്കാനും യാചിച്ചു. ഒടുവില്‍ ആ ക്യാബിന്റെ മുന്നിലെ ചില്ല് പണിപ്പെട്ട് തകര്‍ത്ത് മൂന്നു പേര്‍ ചേര്‍ന്ന് ആ വലിയ മനുഷ്യനെ പുറത്തെടുത്തു. അയാളിലേക്ക് കണ്ണയക്കാതെയാണ് ഞാന്‍ കൈ കൊടുത്ത് സഹായിച്ചത് എന്നാണു സത്യം. ദാരുണമായ ഒരു മുറിവോ ഒടിവോ കാണാന്‍ വയ്യായിരുന്നു എനിക്ക്.



പുറത്തിറങ്ങിയ അയാള്‍ രണ്ടു കാല്‍ നില്‍ക്കാന്‍ പാട് പെട്ടു. വലതു കാലില്‍ നിന്നും ഇടതു തോളില്‍ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു. പരിക്ക് അതീവ ഗുരുതരമായിരുന്നില്ല. എങ്കിലും ആ അപകടത്തിന്റെ ആഘാതത്തില്‍ നിന്ന് അയാള്‍ മോചിതനായിരുന്നില്ല. ബുദ്ധിഭ്രമം ബാധിച്ച പോലെ അയാള്‍ എന്തൊക്കെയോ പുലമ്പികൊണ്ടിരുന്നു. ഇടയ്ക്കു തന്‍റെ ചെരുപ്പുകള്‍ക്കും മൊബൈലിനും വേണ്ടി അവിടമാകെ പരതി. സൈനബാ എന്നോ മറ്റോ ഇടയ്ക്കിടെ വിളിക്കുണ്ടായിരുന്നു. അയാളുടെ ഭാര്യയായിരിക്കണം. അപ്രതീക്ഷിതമായ ആഘാതങ്ങള്‍ മനുഷ്യന്റെ മാനസിക നില ഇത്രത്തോളം തകര്‍ക്കുന്നത് ഞാന്‍ ആദ്യമായി കാണുകയായിരുന്നു
അപ്പോഴേക്കും കൈകാണിച്ചു നിര്‍ത്തിയ മൂന്നു നാല് ഡ്രൈവര്‍മാര്‍ക്ക് ഒപ്പം ഞങ്ങളുടെ സുഹൃത്തുക്കള്‍ താഴേക്ക്‌ ഇറങ്ങി വന്നു. ഞങ്ങള്‍ എല്ലാവരും കൂടി അയാളെ മുകളില്‍ എത്തിച്ചു. അയാളെ ഒരുഭാഗത്ത്‌ അടക്കി ഇരുത്തുകയും വെള്ളം കൊടുക്കുകയും ചെയ്തു. അതിനിടക്ക് വാഹനത്തില്‍ മറ്റാരും ഉണ്ടായിരുന്നില്ല എന്ന് ഉറപ്പു വരുത്തി. ഒരു കുപ്പി വെള്ളം അയാള്‍ തന്‍റെ തലയ്ക്കു മുകളിലൂടെ കമിഴ്ത്തി അനങ്ങാതെ ഇരുന്നു.




ഈ സമയത്താണ് വണ്ടി നിര്‍ത്തിയവരുടെ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ തകര്‍ന്ന ലോറി ഞങ്ങള്‍ വ്യക്തമായി കാണുന്നത്. അതില്‍ നിന്നും ഒരാള്‍ അംഗഭംഗം പോലും കൂടാതെ രക്ഷപ്പെട്ടിരിക്കുന്നു എന്ന് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. വല്ലാര്‍പാടത്ത് നിന്നും തൃശൂരിലേക്ക് പോകുന്ന ലോറിയില്‍ കപ്പല്‍ നങ്കൂരമിടുന്ന വലിയ ചങ്ങലകള്‍ ആയിരുന്നു. ടണ്‍ കണക്കിന് ഭാരം വരുന്നത്. അവയെല്ലാം മുന്നോട്ടടിച്ചു കാബിന് മുകളില്‍ വീണിരുന്നു എങ്കില്‍ ഡ്രൈവറുടെ പൊടി പോലും കിട്ടില്ലായിരുന്നു.



വാഹനങ്ങള്‍ നിര്‍ത്തി വെള്ളം കൊണ്ട് വന്നവര്‍ അവരുടെ കടമ തീരത്ത പോലെ അയാളെ ഞങ്ങളുടെ അടുത്തു വിട്ട് വളരെ വേഗം സ്ഥലം കാലിയാക്കി. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നിര്‍ത്ത്താതെ പോയ മറ്റുള്ളവരേക്കാള്‍ ഭേദം!



കുറച്ചു കഴിഞ്ഞപ്പോള്‍ അപകടത്തില്‍ പെട്ട ഡ്രൈവര്‍ സ്ഥലകാല ബോധം വീണ്ടെടുത്തു. അയാള്‍ പാലക്കാട് പുത്തൂര്‍ സ്വദേശിയാണ്. ആറു മാസമായി ഈ വാഹനം ഓടിക്കുന്നു. തുടര്‍ച്ചയായ ദിവസങ്ങളിലെ അധ്വാനഭാരവും ലോറി ഷെഡ്ഡിലെ കൊതുകുശല്യം മൂലം ഉറക്കം നഷ്ടപ്പെട്ടതും , അങ്ങനെ വണ്ടിയോടിക്കുമ്പോള്‍ അറിയാതെ ഉറങ്ങി പോയതാണെന്നും എല്ലാം ഞങ്ങളോട് പറഞ്ഞു. ഒരു നിമിഷം കണ്ണൊന്നു പാളിയപ്പോള്‍ നിയന്ത്രണം വിട്ട വണ്ടി നിര്‍ത്താന്‍ അയാള്‍ സഡന്‍ ബ്രേക്ക്‌ ചെയ്തതാണ് വാഹനം തല കുത്തി മറിയാന്‍ കാരണം. ജീവിതത്തിനും മരണത്തിനും ഇടക്കുള്ള നൂല്പാലം വരെ പോയി വന്ന അയാളെ ആ അശ്രദ്ധയുടെ പേരില്‍ ശകാരിക്കാന്‍ ഞങ്ങള്‍ക്ക് തോന്നിയില്ല. ഏതായാലും വലിയൊരു ദുരന്തം ഒഴിവായല്ലോ എന്ന് സമാധാനിച്ചു.
കൊച്ചിന്‍ സ്വദേശിയാണ് വാഹന ഉടമ. അയാള്‍ പറഞ്ഞ നമ്പറില്‍ ഞങ്ങള്‍ ഉടമയെ വിളിച്ചു. വളരെ തണുത്ത പ്രതികരണം ആയിരുന്നു അയാള്‍ക്ക്‌. .ആരും ചാത്തില്ലല്ലോ?. എന്നാണ് അയാള്‍ ചോദിച്ചത്. നമളിങ്ങനെ എത്ര അപകടം കണ്ടിരിക്കുന്നു എന്ന ഭാവത്തില്‍ . അയാള്‍ക്ക്‌ തകര്‍ന്ന വാഹനത്തിനു ഇന്‍ഷുറന്‍സ്‌ പരിരക്ഷ കാണുമായിരിക്കും!




ഇത്തരം വലിയ വാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമേ ഒരു സഹായി കൂടി ഉണ്ടാകാറില്ലേ എന്ന് ഞങ്ങള്‍ ചോദിച്ചു. ആ കീഴ്വഴക്കമോന്നും ഉടമസ്ഥര്‍ പാലിക്കാറില്ലത്രേ! അഥവാ സഹായിയെ വേണമെങ്കില്‍ അത് ഡ്രൈവര്‍ തന്നെ സ്വന്തം കയ്യില്‍ നിന്ന് ശമ്പളം കൊടുത്തു നിര്‍ത്തണം പോലും!



ഡ്രൈവറുടെ നിര്‍ദേശ പ്രകാരം അയാളുടെ സഹോദരനെ വിളിച്ചു. അയാള്‍ ഉടനെ വരാം എന്ന് അറിയിച്ചു. പക്ഷെ പാലക്കാട് നിന്ന് അവിടെ എത്താന്‍ രണ്ടു മണിക്കൂര്‍ എങ്കിലും പിടിക്കും അതുവരെ എന്ത് ചെയ്യും? പരുക്കേറ്റ ഇയാളെ തൃശൂരില്‍ ഏതെന്കിലും ആശുപത്രിയില്‍ എത്തിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.



ഞങ്ങളോടൊപ്പം കാറില്‍ ഇരിക്കവെയാണ് അയാള്‍ ആത്മഗതമെന്നോണം പറഞ്ഞത്. തനിക്ക് മൂന്നു പെണ്മക്കള്‍ ആണെന്ന്. മൂന്നു പെണ്മക്കള്‍ ! മലബാറിലെ ഒരു ദരിദ്രമുസ്ലീം കുടുംബത്തില്‍ നാഥനില്ലാതെയായി തീരുന്ന മൂന്നു പെണ്‍കുട്ടികളുടെ അവസ്ഥ ഒരു നിമിഷം മനസ്സിലൂടെ മിന്നി മറഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആണ് ഈശ്വരന്റെ അപാരമായ വൈഭവത്തില്‍ , കരുണയില്‍ നമ്മള്‍ അളവറ്റു വിശ്വസിച്ചു പോകുന്നത് .



തൃശൂരിലെ ഒരു പ്രമുഖ ആശുപത്രിയില്‍ പരിക്കേറ്റയാളെ പ്രവേശിപ്പിച്ച്, വിവരം അയാളുടെ സഹോദരനെ വിളിച്ചറിയിച്ച് ഞങ്ങള്‍ ഇറങ്ങി. ആരാലും ശ്രദ്ധിക്കപ്പെടാതെ ആ രാത്രി മുഴുവന്‍ ലോറിക്കകത്ത് കിടന്നു രക്തം വാര്‍ന്നു മരിക്കേണ്ടിയിരുന്നു അയാള്‍ ! നിറകണ്ണുകളോടെ അയാള്‍ ഞങ്ങളെ യാത്രയാക്കി.



തുടര്‍ന്നുള്ള യാത്രയില്‍ ഞങ്ങള്‍ക്ക്‌ ആര്‍ക്കും ഒരു തരിമ്പു പോലും ഉറക്കം വന്നില്ല. മൂന്നു പെണ്‍കുട്ടികള്‍ക്ക്‌ അവരുടെ ബാപ്പയെയും സൈനബ താത്തായ്ക്ക് അവരുടെ ഭര്‍ത്താവിനെയും മുടിയിഴ വ്യത്യാസത്തില്‍ നഷ്ടപ്പെടാതിരുന്നതിനെ ഓര്‍ത്ത്‌ മാത്രമല്ല, തെന്നിത്തെറിച്ച ആ ചരക്ക് ലോറി ഘര്‍ത്തത്തിലേക്ക് വീഴും മുന്‍പ്‌ ഏതാനും മീറ്റര്‍ കൂടി മുന്നോട്ടു വന്നിരുന്നെങ്കില്‍ മാധ്യമങ്ങളില്‍ അഞ്ചു കോളം വാര്‍ത്തയും പ്രിയപ്പെട്ടവര്‍ക്ക് കണ്ണുനീരും ബാക്കി വെച്ചു ഞങ്ങള്‍ അഞ്ചു പേരും അവസാനിച്ചേനെ ! ദൈവത്തിനു നന്ദി. അടുത്ത അവസരം വരെ എന്നെയും മറ്റുള്ളവരെയും ബാക്കി വെച്ചതിന്.

No comments:

Post a Comment