News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Saturday, 23 July 2011

നോര്‍വേയില്‍ പോലീസ് വേഷം ധരിച്ചെത്തിയ ഒരാള്‍ നടത്തിയ വെടിവെയ്പില്‍ മരിച്ചവരുടെ എണ്ണം 91 ആയി.

ഓസ്‌ലോ: നോര്‍വേയില്‍ പോലീസ് വേഷം ധരിച്ചെത്തിയ ഒരാള്‍ നടത്തിയ വെടിവെയ്പില്‍ മരിച്ചവരുടെ എണ്ണം 91 ആയി. ഉട്ടോയ ദ്വീപില്‍ ഭരണകക്ഷിയുടെ യുവജന വിഭാഗത്തിന്റെ ക്യാമ്പിലേക്ക് ഇരച്ചുകയറിയാണ് അക്രമി ക്രൂരമായ നരഹത്യ നടത്തിയത്. ഇയാളുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആന്‍ഡേഴ്‌സ് ബെഹ്‌റിങ് ബ്രെവിക് എന്നയാളാണ് ആക്രമണം നടത്തിയത്.




ഇയാള്‍ തീവ്ര വലതുപക്ഷക്കാരനാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ക്രൈസ്തവ വിഭാഗത്തില്‍ പെട്ടയാളാണ് അക്രമി. മുസ്‌ലീം വിരുദ്ധ സന്ദേശങ്ങള്‍ പ്രചരിക്കുന്ന ആളാണ് ആന്‍ഡേഴ്‌സ് എന്നും ഇത്തരത്തിലുള്ള ആക്രമണമായിരുന്നു ഇതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ 10 പേര്‍ മാത്രമാണ് മരിച്ചതെന്നായിരുന്നു പോലീസിന്റെ വിശദീകരണം.



മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമിയെ കീഴ്‌പ്പെടുത്തിയ ശേഷം നടത്തിയ തിരച്ചിലില്‍ തന്നെ 80 മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്ന് പോലീസ് മേധാവി വെളിപ്പെടുത്തി. വെള്ളിയാഴ്ച നടന്ന കൂട്ടക്കൊലയുടെ യഥാര്‍ഥ ചിത്രം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പോലും ബോധ്യപ്പെട്ടത് മണിക്കൂറുകള്‍ കഴിഞ്ഞാണ്.



തലസ്ഥാനമായ ഓസ്‌ലോയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനും സര്‍ക്കാര്‍ കാര്യാലയങ്ങള്‍ക്കും സമീപമുണ്ടായ അതിശക്തമായ സ്‌ഫോടനത്തിന്റെ മറവിലാണ് നരവേട്ട അരങ്ങേറിയത്. സ്‌ഫോടനത്തിന് പിന്നിലും വെടിവെയ്പ് നടത്തിയ അക്രമി തന്നെയാണെന്നാണ് പോലീസിന്റെ നിഗമനം. സ്‌ഫോടനത്തില്‍ ഏഴ് പേര്‍ മരിച്ചു.



സ്‌ഫോടനത്തെ തുടര്‍ന്ന് പോലീസിന്റെ ശ്രദ്ധ തിരിച്ചുവിട്ട ശേഷമാണ് 20 മൈല്‍ അകലെ ഉട്ടോയ ദ്വീപില്‍ ഭരണകക്ഷി തന്നെ സംഘടിപ്പിച്ച ക്യാമ്പ് നടക്കുന്ന സ്ഥലത്ത് ആക്രമി വെടിവെയ്പ് നടത്തിയത്. യൂത്ത് വിങ്ങിന്റെ ക്യാമ്പിനെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി ഉട്ടോയയില്‍ ശനിയാഴ്ച എത്താനിരിക്കുകയായിരുന്നു.



കണ്ണില്‍ കണ്ടവരെയെല്ലാം വെടിവെച്ചുവീഴ്ത്തിയ അക്രമി വെടിയൊച്ച കേട്ട് വെള്ളത്തിലേക്ക് ചാടിയവരെ വെള്ളിത്തിലിട്ടും നിറയൊഴിച്ചുവെന്ന് രക്ഷപെട്ടവരില്‍ ഒരാള്‍ പറഞ്ഞു. വെള്ളിയാഴ്ചത്തെ ഈ ഞെട്ടിക്കുന്ന സംഭവത്തിന് പിന്നില്‍ രാജ്യത്തിന് പുറത്ത് നിന്നുള്ള ശക്തികളുടെ പങ്കില്ലെന്നാണ് പോലീസ് പറയുന്നത്. വെള്ളിയാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ പ്രധാനമന്ത്രി ജെന്‍സ് സ്റ്റോള്‍ട്ടെന്‍ബര്‍ഗിന്റെ ഓഫീസുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ പറ്റിയതായി പോലീസ് അറിയിച്ചു.



പ്രധാനമന്ത്രി ഈ സമയത്ത് ഓഫീസിലുണ്ടായിരുന്നില്ല. അദ്ദേഹം സുരക്ഷിതനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സമീപത്തുണ്ടായിരുന്ന മറ്റ് ഓഫീസുകള്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും സ്‌ഫോടനത്തില്‍ കേടുപറ്റിയിട്ടുണ്ട്. 2005 ല്‍ ലണ്ടനില്‍ നടന്ന സ്‌ഫോടനപരമ്പരയ്ക്ക് ശേഷം പടിഞ്ഞാറന്‍ യൂറോപ്പിലുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത്.



No comments:

Post a Comment