News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Thursday 7 July 2011

എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ തീരുമാനം :ഓര്‍ത്തഡോക്‌സ് പുസ്‌തകം ഉപയോഗിക്കരുതെന്ന്‌ യാക്കോബായ പള്ളികള്‍ക്ക്‌ നിര്‍ദേശം

കൊച്ചി: യാക്കോബായ പള്ളികളില്‍ ഒരു സാഹചര്യത്തിലും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പേരിലുള്ള ആരാധന, കൂദാശ പുസ്‌തകങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന്‌ യാക്കോബായ സഭാ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ നിര്‍ദേശിച്ചു.




അന്തോഖ്യന്‍ ആരാധനാക്രമം അച്ചടിച്ച പുസ്‌തകങ്ങളുടെ ഉടമസ്‌ഥാവകാശം യാക്കോബായ സഭയ്‌ക്ക് മാത്രം അവകാശപ്പെട്ടതാണ്‌. ആരാധനാക്രമം സംബന്ധിച്ച്‌ ഇന്ത്യക്ക്‌ അകത്തും വെളിയിലും സുന്നഹദോസ്‌ അനുവദിച്ചിട്ടുള്ള പുസ്‌തകങ്ങള്‍ ഉപയോഗിക്കണം.



പെസഹാ, ഉയിര്‍പ്പ്‌, ക്രിസ്‌മസ്‌ എന്നിവയുടെ സമയക്രമീകരണം സംബന്ധിച്ച തീരുമാനം സഭയിലെ ഭൂരിപക്ഷം പള്ളികളും നടപ്പാക്കിയതായി സുന്നഹദോസ്‌ വിലയിരുത്തി. എന്നാല്‍ പാരമ്പര്യമായി തുടരുന്ന സമയക്രമീകരണം മാറ്റുന്നതിനു വിമുഖതയുള്ള ചുരുക്കം പള്ളികളില്‍ പെസഹായുടെ ശുശ്രൂഷ ശ്രേഷ്‌ഠ ബാവായും ഭദ്രാസന മെത്രാപ്പോലീത്തായുമായി ആലോചിച്ചു ചെയ്യണം.



മദ്‌ബഹയിലെ ശുശ്രൂഷകര്‍ കാസക്ക്‌ ധരിക്കുന്നതും കറുത്ത ഇടക്കെട്ട്‌ കെട്ടുന്നതും നിര്‍ത്തണം. എല്ലാവരും വെള്ളയങ്കി ധരിച്ചാല്‍ മതിയാകും. ഗായകസംഘത്തിലെ അംഗങ്ങള്‍ക്ക്‌ പ്രത്യേകം രൂപകല്‍പന ചെയ്‌ത ഏകീകൃത വസ്‌ത്രമുണ്ടാകണം. കുര്‍ബാനയിലും കൂദാശകളിലും ഗായകസംഘത്തില്‍ പാടുന്നവരും പ്രതിവാക്യം പറയുന്നവരും സഭയിലെ വിശ്വാസികള്‍ തന്നെയാകണം. കുമ്പസാരിപ്പിക്കുന്ന വൈദികര്‍ക്ക്‌ ഇരിക്കാന്‍ പീഠവും കുമ്പസാരിക്കുന്നവര്‍ക്ക്‌ മുട്ടിന്മേല്‍ നില്‍ക്കാന്‍ ഹാന്‍ഡ്‌ റെസ്‌റ്റോടുകൂടിയ സംവിധാനവും ഇനിമുതല്‍ എല്ലാ പള്ളികളിലും ഉണ്ടാകണം.



ചാപ്പലായി പണിതീര്‍ക്കാത്ത കുരിശിന്‍ തൊട്ടികളില്‍ കുര്‍ബാന അനുവദിക്കില്ല. സന്ധ്യാ പ്രാര്‍ഥന കുരിശിന്‍ തൊട്ടിയില്‍ നടത്താം. ആവശ്യാനുസരണം പ്രദക്ഷിണം കുരിശിന്‍ തൊട്ടിയില്‍ ആരംഭിക്കുകയോ അവസാനിക്കുകയോ ആവാം.



പള്ളികളില്‍ ഒന്നില്‍ കൂടുതല്‍ ത്രോണോസുകളില്‍ ഒരേസമയത്ത്‌ കുര്‍ബാന നടക്കുമ്പോള്‍ പ്രധാന ത്രോണോസിലെ പുരോഹിതനെ കേന്ദ്രീകരിച്ചാകണം ആരാധന നിവൃത്തിക്കാന്‍. പെരുന്നാളുകള്‍ക്ക്‌ വിശ്വാസികളുടെ ഓഹരി സ്വീകരിക്കുമ്പോള്‍ ഓഹരി എന്നല്ലാതെ മറ്റു പദങ്ങള്‍ ഉപയോഗിക്കരുത്‌. കുടുംബ യൂണിറ്റുകള്‍ വഴി പള്ളി ഭരണസമിതിയിലേക്ക്‌ അംഗങ്ങളെ തെരഞ്ഞെടുക്കാനോ നാമനിര്‍ദേശം ചെയ്യാനോ പാടില്ല.



വിദ്യാര്‍ഥി പ്രസ്‌ഥാനത്തിന്റെ ശാഖകള്‍ എല്ലാ ഭാഗങ്ങളിലും ആരംഭിക്കും. ബംഗളുരു, മൈലാപ്പൂര്‍, മുംബൈ, കോയമ്പത്തൂര്‍, മംഗലാപുരം, തിരുവനന്തപുരം, എറണാകുളം, കോട്ടയം എന്നിവിടങ്ങളില്‍ സ്‌റ്റുഡന്റ്‌സ് സെന്ററുകള്‍ ആരംഭിക്കാനും സുന്നഹദോസ്‌ ശിപാര്‍ശ ചെയ്‌തു.



സഭയുടെ ഉടമസ്‌ഥതയില്‍ മെഡിക്കല്‍ കോളജ്‌ ആരംഭിക്കാനുള്ള നടപടികള്‍ക്കായി എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി ഡോ. ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌ കണ്‍വീനറായ കമ്മിറ്റിയെ ചുമതലപ്പെടുത്തി.



കൂനന്‍കുരിശ്‌ സത്യവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ മലങ്കര സഭാചരിത്രത്തിന്റെ ഭാഗമാകയാല്‍ മട്ടാഞ്ചേരിയില്‍ സ്‌മാരകം നിര്‍മിക്കുന്നതിനു നിര്‍ദേശം സമര്‍പ്പിക്കാന്‍ പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തി. സുന്നഹദോസില്‍ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവാ അധ്യക്ഷനായിരുന്നു.

No comments:

Post a Comment