News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Saturday, 4 June 2011

കൊച്ചി കൈകോര്‍ത്തു; വളരുന്ന നഗരത്തിനായി

കൊച്ചി: വളരുന്ന കൊച്ചിയെക്കുറിച്ചുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും ആശങ്കകളും പങ്കുവയ്ക്കുന്നതിനായി ക്ലബ് എഫ്എമ്മും പുറവങ്കര ബില്‍ഡേഴ്‌സും ചേര്‍ന്ന് സംഘടിപ്പിച്ച ചര്‍ച്ച നവീനമായ ആശയങ്ങള്‍ക്കും അര്‍ഥവത്തായ സംവാദത്തിനുമുള്ള വേദിയായി. 'ബില്‍ഡിങ് ഗ്രേറ്റര്‍ കൊച്ചി' എന്ന പേരില്‍ ഡ്രീം ഹോട്ടലില്‍ നടന്ന ചര്‍ച്ച മഹാനഗരത്തിന്റെ നല്ല നാളെയെക്കുറിച്ചുള്ള പങ്കുവയ്ക്കലായി മാറി.




കൊച്ചിയിലെ വിവിധ രംഗങ്ങളില്‍ നിന്നുള്ള 150ഓളം പേരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. പൗരപ്രമുഖരും പ്രൊഫഷണലുകള്‍ മുതല്‍ സാധാരണക്കാര്‍ വരെയുള്ളവരും അണിനിരന്ന സംവാദം കാഴ്ചപ്പാടുകളുടെ വൈവിധ്യത്താലും ശ്രദ്ധേയമായി.



ഡോ. ഡി. ബാബുപോളാണ് ചര്‍ച്ച നയിച്ചത്. 'ഭാവിയിലേക്ക് നോക്കാനുള്ള നമ്മുടെ കഴിവുകള്‍ മരവിച്ചുപോയതായി' ചര്‍ച്ചകള്‍ക്ക് ആമുഖമായി അദ്ദേഹം പറഞ്ഞു. 'ആശയങ്ങളുടെ ദാരിദ്ര്യമല്ല അത് നടപ്പാക്കാനുള്ള ഇച്ഛാശക്തിയുടെ കുറവാണ് നമ്മെ പുറകോട്ടുവലിക്കുന്നത്. അടിസ്ഥാന സൗകര്യവികസനം, പദ്ധതി നിര്‍മാണത്തില്‍ നിയമങ്ങള്‍ക്കപ്പുറം കടന്ന് ചിന്തിക്കാനുള്ള ധൈര്യം, കാര്യനിര്‍വഹണത്തിലെ കാര്യക്ഷമത എന്നിവയാണ് കൊച്ചിയുടെ വികസനത്തിനാവശ്യമായ മൂന്ന് ഘടകങ്ങള്‍' -ഡോ ബാബുപോള്‍ പറഞ്ഞു.



കുടിവെള്ളം, സ്വീവേജ്, റോഡുകള്‍ എന്നിവയ്ക്കാകണം മുന്‍ഗണനയെന്ന് ഡൊമിനക് പ്രസന്‍േറഷന്‍ എംഎല്‍എ പറഞ്ഞു. കൊച്ചിയുടെ പ്രശ്‌നങ്ങള്‍ ഓരോദിവസവും വര്‍ധിച്ചുവരികയാണ്. ഇത് പരിഹരിക്കാന്‍ ഒറ്റമൂലിയില്ല. എല്ലാവരും ചേര്‍ന്നുള്ള പരിശ്രമമാണ് വേണ്ടത് -അദ്ദേഹം പറഞ്ഞു.



അടിസ്ഥാന സൗകര്യ വികസനത്തിലൂന്നിയാകണം വികസനത്തിന്റെ ഫോക്കസെന്നായിരുന്നു ഹൈബി ഈഡന്‍ എംഎല്‍എയുടെ നിര്‍ദ്ദേശം. മെട്രോ റെയിലിനെ സംബന്ധിച്ച് എപ്പോള്‍ തീരുമെന്ന ആശങ്ക പരക്കെയുണ്ട്. ഇത് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോഷമാണുണ്ടാകുക -ഹൈബി പറഞ്ഞു.



ജലഗതാഗത മാര്‍ഗങ്ങളെ ഫലപ്രദമായി ഉപയോഗിക്കാന്‍ നമുക്ക് കഴിയണമെന്ന് ജില്ലാകളക്ടര്‍ പി.ഐ. ഷെയ്ക് പരീത് അഭിപ്രായപ്പെട്ടു. മെട്രോ റെയില്‍ നടപ്പാക്കുന്നതിനു മുന്നോടിയായി ചെയ്യേണ്ട കാര്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.



റോഡുകളുടെ അറ്റകുറ്റപ്പണി ഏകോപിപ്പിക്കുന്നതിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സംയുക്ത സമിതിയുണ്ടാക്കിയാല്‍ ഗതാഗത പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിയുമെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജമാലുദ്ദീന്‍ പറഞ്ഞു. ബസ്‌ബേകള്‍ പുനഃക്രമീകരിക്കുക, ഇടറോഡുകള്‍ വികസിപ്പിക്കുക, തുടങ്ങിയ നിര്‍ദ്ദേശങ്ങളും അദ്ദേഹം മുന്നോട്ടുവച്ചു.



വികസനത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ശബ്ദമില്ലാത്തവരും മുഖമില്ലാത്തവരുമായ വലിയൊരു കൂട്ടം ജനങ്ങളെക്കുറിച്ച് ചിന്തിക്കണമെന്ന് നഗരസഭാ നഗരാസൂത്രണ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജെ. സോഹന്‍ പറഞ്ഞു. 'നമുക്ക് എപ്പോഴും പരിഹാരങ്ങളേയുള്ളൂ. പ്രശ്‌നങ്ങള്‍ അറിയാനാകുന്നില്ല. യാഥാര്‍ഥ്യബോധത്തോടെയാകണം വികസനം' -അദ്ദേഹം പറഞ്ഞു.



കൊച്ചിയുടെ വികസനം സമീപപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുതകുന്ന പദ്ധതികള്‍ വേണമെന്നും, പുതിയ മന്ത്രിസഭയില്‍ എറണാകുളത്തിന്റെ ചുമതലയുള്ള മന്ത്രി കൊച്ചിക്ക് വേണ്ട വിവിധ പദ്ധതികള്‍ മുന്‍ഗണനാക്രമത്തില്‍ തയ്യാറാക്കണമെന്നും ജിസിഡിഎ സെക്രട്ടറി ജോര്‍ജ് വള്ളക്കാലില്‍ നിര്‍ദ്ദേശിച്ചു.



മെട്രോ റെയില്‍ മുതല്‍ കൊച്ചിയുടെ നിത്യശാപമായ കൊതുകുവരെയുള്ള വിഷയങ്ങളെക്കുറിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മുന്നോട്ടുവച്ചു. കുടിവെള്ളം, മാലിന്യം, ഗതാഗതക്കുരുക്ക് തുടങ്ങിയ ദുരിതങ്ങള്‍ തന്നെയായിരുന്നു ഏറെപ്പേരും ഉന്നയിച്ചത്.



മാതൃഭൂമി കൊച്ചി യൂണിറ്റ് മാനേജര്‍ വി. ഗോപകുമാര്‍ സ്വാഗതവും പുറവങ്കര പ്രോജക്ട് ലിമിറ്റഡ് ജി.എം (സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്) ജോസ് പാലത്തിങ്കല്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment