News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Monday 27 June 2011

ഉറ്റവര്‍ ഉപേക്ഷിച്ച വൃദ്ധന്‌ നല്ല ഇടയന്റെ സഹായ ഹസ്‌തം

അടിമാലി: ഉറ്റവര്‍ ഉപേക്ഷിച്ച രോഗിയായ വൃദ്ധന്‌ നല്ല ഇടയന്റെ സഹായഹസ്‌തം. നിരാലംബരുടെ ആശ്രയകേന്ദ്രമായ കുളപ്പാറച്ചാല്‍ ഗുഡ്‌ സമരിറ്റന്‍ ആശ്രമവും ഫാ.ബെന്നി ഉലഹന്നാനുമാണ്‌ കോട്ടയം മറ്റത്തില്‍ ഫിലിപ്പ്‌ എന്ന തൊണ്ണൂറ്റഞ്ചുകാരന്‌ അഭയമൊരുക്കിയത്‌. ശാന്തമ്പാറ എസ്‌.ഐ: ഫിന്നി വര്‍ഗീസിന്റെ നേതൃത്വത്തില്‍ വഴിയില്‍ അവശനിലയില്‍ കണ്ടെത്തിയ വൃദ്ധനെ ആശ്രമം ഡയറക്‌ടര്‍ ഫാ.ബെന്നി ഉലഹ്നഹന്നാന്‌ കൈമാറുകയായിരുന്നു. അശരണര്‍ക്ക്‌ തല ചായ്‌ക്കാനിടവും സ്‌നേഹ സാന്ത്വന പരിചരണങ്ങളും നല്‍കി കനിവിന്റെ ഉറവയായി ഗുഡ്‌ സമരിറ്റന്‍ ആശ്രമം അനുദിനം വളരുകയാണ്‌. 1999 സെപ്‌റ്റംബര്‍ ഒന്‍പതിന്‌ കടത്തിണ്ണയില്‍ അവശനിലയില്‍ കണ്ടെത്തിയ 104 കാരനെ സ്വവസതിയിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി പരിചരിച്ചായിരുന്നു തുടക്കം. കുമളിയില്‍ വികാരിയായി സേവനമനുഷ്‌ഠിക്കുന്നതിനിടെ ലക്ഷ്‌മി രാഘവനെന്ന വൃദ്ധയുടെ സംരക്ഷണവും ഏറ്റെടുത്തു. അഭയം തേടിയെത്തുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ കുടുംബ വിഹിതമായി കിട്ടിയ സ്‌ഥലത്ത്‌ ചെറിയ ഒരു കെട്ടിടം നിര്‍മിച്ച്‌ അന്തേവാസികള്‍ക്കൊപ്പം താമസം തുടങ്ങുകയായിരുന്നു. പിന്നീട്‌ നാട്ടുകാരുടെ സഹായത്തോടെ കെട്ടിടം വിപുലീകരിച്ചു. കഴിഞ്ഞ പതിനൊന്ന്‌ വര്‍ഷത്തിനുള്ളില്‍ ഇരുനൂറോളം പേര്‍ക്ക്‌ ഇവിടം അഭയമായി. പകുതിയിലധികം പേര്‍ വാര്‍ധക്യത്തില്‍ മരിച്ചു. ഇരുപതിലധികം പേരെ ഉറ്റവരെ കണ്ടെത്തി ഏല്‍പ്പിച്ചു. ഭിക്ഷാടകരും, അവിവാഹിതരും അനാഥരുമായ ഇരുപത്തെട്ട്‌ പേരാണ്‌ നിലവില്‍ ആശ്രമത്തിന്റെ തണലില്‍ കഴിയുന്നത്‌. ജീവകാരുണ്യ പ്രവര്‍ത്തകരുടെ സഹായങ്ങളാണ്‌ ആശ്രമത്തിന്റെ വരുമാനം. പരിമിതികളെ അതിജീവിക്കാന്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നുണ്ട്‌. എല്ലാ വിഭാഗത്തില്‍പ്പെട്ട മതസ്‌ഥരുടെയും പ്രാര്‍ഥനാ രീതികള്‍ ഇവിടെ ഉണ്ട്‌. ആംഗ്ലിക്കന്‍ സഭാ വൈദികനായ ഫാ.ബെന്നി ഉലഹന്നാന്‌ 2006 ലെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള അംബേദ്‌കര്‍ അവാര്‍ഡ്‌, മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യയുടെ അവാര്‍ഡ്‌ എന്നിവ ലഭിച്ചിട്ടുണ്ട്‌. വൈദികനൊപ്പം ഭാര്യ ബിജി, സന്നദ്ധ സേവകരായ സിസ്‌റ്റര്‍ ജയ്‌നി തങ്കച്ചന്‍, സെക്രട്ടറി ഫാ. റോണി സെബാസ്‌റ്റ്യന്‍ എന്നിവരും പ്രവര്‍ത്തിക്കുന്നുണ്ട്‌. എല്ലാ വെള്ളിയാഴ്‌ചകളിലും മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവര്‍ക്കായി പ്രത്യേക പ്രാര്‍ഥനയും കൗണ്‍സലിംഗും ആശ്രമത്തില്‍ നല്‍കുന്നുണ്ട്‌.

1 comment: