News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Wednesday, 29 June 2011

പ്രൊഫ. എം.പി. വര്‍ഗീസിന്റെ നവതിയാഘോഷം തുടങ്ങി

കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജ് അസോസിയേഷന്‍ സ്ഥാപക സാരഥി പ്രൊഫ. എം.പി. വര്‍ഗീസിന്റെ നവതിയാഘോഷങ്ങള്‍ ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. വി.എന്‍. രാജശേഖരന്‍പിള്ള ഉദ്ഘാടനം ചെയ്തു. വന്‍ജനാവലിയുടെ സാന്നിധ്യത്തിലാണ് നവതിയാഘോഷങ്ങള്‍ ആരംഭിച്ചത്. ജന്മദിന ശുശ്രൂഷയ്ക്കും വി. കുര്‍ബാനയ്ക്കുംശേഷം കോളേജിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ആഘോഷച്ചടങ്ങുകള്‍ നടന്നത്. എം.എ. ഇന്റര്‍ നാഷണല്‍ സ്‌കൂളിലെ 90 കുട്ടികള്‍ചേര്‍ന്ന് അവതരിപ്പിച്ച ഗുരുപൂജ നൃത്തശില്പം ആകര്‍ഷകമായി. തുടര്‍ന്ന് കുട്ടികള്‍ പ്രൊഫ. എം.പി. വര്‍ഗീസിന്റെ കാല്‍കഴുകി പുഷ്പാര്‍ച്ചനയും ഗുരുവന്ദനവും നടത്തി. വിദ്യാഭ്യാസരംഗത്തെ വളര്‍ച്ചയ്ക്ക് അദ്ദേഹംനല്‍കിയ മികച്ച സംഭാവനകള്‍ സ്മരണീയമാണ്. പരിസ്ഥിതി സംരക്ഷണത്തിന് കേരളത്തില്‍ തുടക്കംകുറിച്ച അപൂര്‍വം വ്യക്തിത്വങ്ങളിലൊരാളാണ് അദ്ദേഹമെന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ, ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ അഭിപ്രായപ്പെട്ടു. മാതൃകാ അധ്യാപകനായിട്ടാണ് പ്രൊഫ. എം.പി. വര്‍ഗീസിനെ കാണാനാകൂയെന്ന് അധ്യക്ഷതവഹിച്ച കോളേജ് അസോസിയേഷന്‍ ചെയര്‍മാന്‍ മാത്യൂസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത പറഞ്ഞു. ആധുനിക കോതമംഗലത്തിന്റെ മുഖ്യശില്പിയാണ് എം.പി. വര്‍ഗീസെന്ന് മുഖ്യപ്രഭാഷണം നടത്തിയ സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍ പറഞ്ഞു. നഗരസഭാധ്യക്ഷന്‍ കെ.പി. ബാബു, പ്രൊഫ. ബേബി എം. വര്‍ഗീസ്, വര്‍ഗീസ് ജോര്‍ജ് പള്ളിക്കര, അഡ്വ. കെ.എം. എബ്രഹാം എന്നിവര്‍ സംസാരിച്ചു. പ്രൊഫ. എം.പി. വര്‍ഗീസിന്റെ നവതിയാഘോഷ പുരസ്‌കാരമായി ഒരുലക്ഷം രൂപയുടെ അവാര്‍ഡ് എല്ലാവര്‍ഷവും ഇന്ത്യയിലെ പ്രഗത്ഭ വ്യക്തികളിലൊരാള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചതായി കോളേജ് അസോസിയേഷന്‍ വൈസ് ചെയര്‍മാന്‍ അഡ്വ. കെ.എം. എബ്രഹാം പ്രഖ്യാപിച്ചു. എം.എ. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വിന്നി വര്‍ഗീസ്, എന്‍ജിനീയറിങ് കോളേജിനുവേണ്ടി ഡോ. കെ.എം. ലൗലി, ഇന്റര്‍നാഷണല്‍ സ്‌കൂളിനുവേണ്ടി പ്രിന്‍സിപ്പല്‍ സ്റ്റാന്‍ലി ജോര്‍ജ്, അടിമാലി ബസ്സേലിയോസ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. സി.ഒ. ജോര്‍ജ്, നോണ്‍ ടീച്ചിങ് സ്റ്റാഫിനുവേണ്ടി എല്‍ദോ പോള്‍ എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി. കോളേജ് അസോസിയേഷന്റെ വക സ്വര്‍ണപ്പതക്കം ട്രഷറര്‍ കുഞ്ഞച്ചന്‍ എ. കുരുവിള അണിയിച്ചു. നവതി സ്മാരക വൃക്ഷ സമര്‍പ്പണം ഡോ. വി.എന്‍. രാജശേഖരന്‍ പിള്ള നിര്‍വഹിച്ചു

No comments:

Post a Comment