News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Wednesday, 8 June 2011

ഓര്‍ത്തഡോക്‌സ് സഭ ചര്‍ച്ചയ്‌ക്കു തയാറാവണം: യാക്കോബായ സുന്നഹദോസ്‌

പുത്തന്‍കുരിശ്‌: തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും ഒഴിവാക്കി സമാധാനത്തിന്റെ പാതയില്‍ പ്രവര്‍ത്തിക്കാന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ വ്യവഹാരങ്ങള്‍ അവസാനിപ്പിച്ചു ചര്‍ച്ചയ്‌ക്കു തയാറാവണമെന്നു യാക്കോബായ സുറിയാനി സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ ആവശ്യപ്പെട്ടു. കോടതിവിധിയുടെ അന്തഃസത്ത ഉള്‍ക്കൊണ്ടു മധ്യസ്‌ഥരുടെ സാന്നിധ്യത്തില്‍ ചര്‍ച്ചയ്‌ക്കു തയാറാവുകയാണ്‌ ഓര്‍ത്തഡോക്‌സ് സഭ ചെയ്യേണ്ടതെന്നും സുന്നഹദോസ്‌ വ്യക്‌തമാക്കി. യാക്കോബായ സുറിയാനി സഭ നിയമങ്ങള്‍ അനുസരിച്ചും കോടതിവിധികളെ ആദരിച്ചുമാണു മുന്നോട്ടു പോകുന്നതെന്നു പുത്തന്‍കുരിശ്‌ പാത്രിയര്‍ക്കാ സെന്ററില്‍ ചേര്‍ന്ന സുന്നഹദോസ്‌ വ്യക്‌തമാക്കി. ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ അധ്യക്ഷത വഹിച്ചു. ഒഴിവുള്ള ഭദ്രാസനങ്ങളിലേക്കു മെത്രാപ്പോലീത്തമാരെ വാഴിക്കണമെന്ന സഭാസമിതികളുടെ അഭ്യര്‍ഥന പാത്രിയര്‍ക്കീസ്‌ ബാവയെ ധരിപ്പിക്കും. സഭയിലെ സണ്‍ഡേസ്‌കൂള്‍ പ്രസ്‌ഥാനത്തിന്റെ ചുമതല കുര്യാക്കോസ്‌ മോര്‍ ദിയസ്‌കോറസ്‌, വിദ്യാര്‍ഥി പ്രസ്‌ഥാനം കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌, യൂത്ത്‌ അസോസിയേഷന്‍ മാത്യൂസ്‌ മോര്‍ തേവോദോസിയോസ്‌, വനിതാ സമാജം കുര്യാക്കോസ്‌ മോര്‍ യൗസേബിയോസ്‌ എന്നീ മെത്രാപ്പോലീത്തമാര്‍ക്കു നല്‍കും. സഭയുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ കോളജ്‌ ആരംഭിക്കണമെന്ന സഭാ സമിതികളുടെ ശിപാര്‍ശ സുന്നഹദോസ്‌ പരിഗണിച്ചു. കുടുംബ യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും സുന്നഹദോസ്‌ തീരുമാനിച്ചു. പരുമലയില്‍ നിരണം ഭദ്രാസനം വാങ്ങിയിട്ടുള്ളതായ സ്‌ഥലത്ത്‌ അഗതികളെയും നിരാലംബരെയും സംരക്ഷിക്കാനുള്ള കേന്ദ്രം നിര്‍മിക്കണമെന്നുള്ള സഭാ സമിതികളുടെ ശിപാര്‍ശയ്‌ക്കു സുന്നഹദോസ്‌ അംഗീകാരം നല്‍കി.രാജ്യത്തിന്റെ പുരോഗതിക്കായി കക്ഷി രാഷ്‌ട്രീയ ഭേദമെന്യേ യോജിച്ചു പ്രവര്‍ത്തിക്കേണ്ടത്‌ അനിവാര്യമാണെന്നു സുന്നഹദോസ്‌ വിലയിരുത്തി. മതസൗഹാര്‍ദത്തിനു കളങ്കമാകുന്ന ഒരു നടപടിയും ആരുടെ ഭാഗത്തു നിന്നും ഉണ്ടാകാതെ കരുതേണ്ടത്‌ ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്‌. എക്യുമെനിക്കല്‍ മേഖലയില്‍ ക്രൈസ്‌തവ സഭകള്‍ക്ക്‌ കൂടുതല്‍ ആഴത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കണമെന്ന്‌ സുന്നഹദോസ്‌ അഭിപ്രായപ്പെട്ടു. വൈദിക സെമിനാരിയുടെ ജൂബിലി ആഘോഷം 2012 ഫെബ്രുവരി 18ന്‌ ആഘോഷിക്കാന്‍ സുന്നഹദോസ്‌ തീരുമാനിച്ചു.സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച്‌ ബിഷപ്പായി ചുമതലയേറ്റ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ സുന്നഹദോസ്‌ ആശംസകളും നേര്‍ന്നു.

No comments:

Post a Comment