News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Friday 17 June 2011

ലജ്‌ജിച്ചു തലതാഴ്‌ത്താം

മലയാളിയെന്ന്‌ അഭിമാനത്തോടെ ലോകമെങ്ങും പറഞ്ഞു നടന്നവര്‍ക്കിടയില്‍ ഇത്തരക്കാരുമുണ്ടെന്ന്‌ പറയാന്‍ ലജ്‌ജിക്കുക തന്നെ വേണം. വിദ്യാഭ്യാസത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നുവെന്ന്‌ പറയുന്നവര്‍ തന്നെ, സര്‍വ്വ അധാര്‍മിക പ്രവര്‍ത്തനങ്ങളിലും ഉള്‍പ്പെടുന്നു. നാലു വയസുകാരി മുതല്‍ 65 കാരി വരെ പീഡിപ്പിക്കപ്പെടുന്നു, പീഡിപ്പിച്ച്‌ കൊല്ലുന്നു. ഒരു കേസില്‍ എട്ടും പൊട്ടും തിരിയാത്ത എന്നു പറയപ്പെടുന്ന എട്ടാംക്ലാസുകാരന്‍ പ്രതിയാകുമ്പോള്‍, സ്വന്തം അമ്മയെ പീഡിപ്പിക്കാന്‍ മകന്‍ കൂട്ടുനില്‍ക്കുന്ന കാഴ്‌ച. എന്തിനും ഏതിനും അഭിമാനം പറയുന്ന മലയാളിയുടെ 'ഹുങ്ക്‌'നുള്ള തിരിച്ചടിയാണ്‌ ഇത്‌. ഇതിനെക്കുറിച്ച്‌ ചോദിച്ചാല്‍, ആര്‌ ഉത്തരം പറയും, അല്ലെങ്കില്‍ എന്ത്‌ ഉത്തരം പറയും?. സമൂഹത്തിലെ ആപത്‌ക്കരമായ ഈ യാത്രയില്‍ നേര്‍വഴിക്ക്‌ ആരു മുമ്പന്തിയിലുണ്ടാകും?. ചോദ്യങ്ങള്‍ പലപ്പോഴും ചോദ്യങ്ങള്‍ തന്നെയായി അവശേഷിക്കുന്നു. ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്നത്‌ ബാലികമാരും വൃദ്ധകളും. പ്രതിരോധിക്കാന്‍ പോലും ശേഷിയില്ലാത്ത ഇത്തരക്കാരെ പീഡിപ്പിക്കുന്നവര്‍ ലൈംഗിക വൈകൃതത്തിന്റെ ഉടമകളാണ്‌, അല്ലെങ്കില്‍ രോഗത്തിന്‌ അടിമകളാണ്‌ എന്നു പറഞ്ഞ്‌ തള്ളിക്കളയാന്‍ വരട്ടെ. ഇവര്‍ എന്തുകൊണ്ട്‌ ഇങ്ങനെയായെന്ന്‌ ചിന്തിക്കേണ്ടിയിരിക്കുന്നു. അനാശാസ്യ കേസുകളില്‍ പിടിയിലാകുന്നവരില്‍ ഏറെയും സമ്മതത്തോടെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണ്‌. ഇവരില്‍ ഏറിയ പങ്കും യുവതികളോ, മധ്യവയ്‌സകകളോ ആയിരിക്കും. എന്നാല്‍, ഇപ്പോള്‍ പീഡനത്തിനിരയാകുന്നതോ പിഞ്ചു ബാലികമാരും വൃദ്ധകളും. ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തെരയപ്പെടുന്നത്‌ മുതിര്‍ന്നവരുടെ സെക്‌സിനെപ്പറ്റിയാണെന്ന്‌ കൂടി പറയുമ്പോള്‍ മനുഷ്യ മനസിനുണ്ടായിരിക്കുന്ന രൂപമാറ്റത്തെക്കുറിച്ച്‌ ഏകദേശ സൂചന ലഭിക്കും. തെറ്റായ ഉറവിടങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരങ്ങളാണ്‌ പലരെയും ഇത്തരം ലൈംഗിക വൈകൃതങ്ങളിലേക്ക്‌ നയിക്കുക. കുട്ടികള്‍ക്ക്‌ ആവശ്യമുള്ള സമയത്ത്‌ ലൈംഗിക വിദ്യാഭ്യാസം നല്‍കാത്തതിന്റെ അഭാവവും ഇത്തരം മൂല്യചോഷണത്തിനു കാരണമാകുന്നു. കുമളിയില്‍ നാലര വയസുകാരിയെ പീഡിപ്പിച്ചു കൊന്ന്‌ മരപ്പൊത്തില്‍ തള്ളിയെന്ന വാര്‍ത്ത മലയാളികള്‍ ശ്രവിച്ചത്‌ ഞെട്ടലോടെ, ഒടുവില്‍ ആ കേസിലെ പ്രതി വെറും 13 വയസുകാരന്‍ മാത്രമായിരുന്നുവെന്ന്‌ പോലീസ്‌ കണ്ടെത്തിയപ്പോള്‍ ജനങ്ങള്‍ അതിലേറെ ഞെട്ടി. ഒരു പതിമൂന്നുകാരന്‍ ഇത്തരത്തില്‍ ചെയ്യണമെങ്കില്‍ അവന്റെ ജീവിത സാഹചര്യം എന്താകും. സ്‌കൂള്‍ തുറന്ന്‌ കുട്ടികള്‍ സന്തോഷത്തോടെ സ്‌കൂളിലേക്ക്‌ പോകുന്ന ജൂണ്‍ ഒന്നാം തീയതിയാണ്‌ കേരളം കുമളിയില്‍ നിന്ന്‌ ഈ നടുക്കുന്ന വാര്‍ത്ത കേള്‍ക്കുന്നത്‌. ഇടുക്കി ആനവിലാസത്തിനു സമീപം മേപ്പാറ പത്തരയേക്കര്‍ എസ്‌റ്റേറ്റില്‍ പിഞ്ചുബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു കേസ്‌. എസ്‌റ്റേറ്റ്‌ തൊഴിലാളികളായ ശശികുമാറിന്റെയും മാലതിയുടെയും ഏകമകള്‍ ശ്രീജ (നാലര)യാണ്‌ കൊല്ലപ്പെട്ടത്‌. ഏലത്തോട്ടത്തിലെ വൃക്ഷത്തിന്റെ വേരുകള്‍ക്കിടയിലുള്ള പൊത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. എസ്‌റ്റേറ്റില്‍ ജാതിപത്രി പെറുക്കാന്‍ പോയ നാലു കുട്ടികളാണു മൃതദേഹം ആദ്യം കണ്ടത്‌. മൃതദേഹം കണ്ടെത്തിയപ്പോള്‍ പ്രതിയും ഒപ്പമുണ്ടായിരുന്നു. പ്രതിയായ എട്ടാംക്ലാസുകാരന്‍ ബാലികയെ അനുനയിപ്പിച്ചു വശത്താക്കി മാനഭംഗപ്പെടുത്തി. അതിനിടെ ശ്വാസംമുട്ടി പെണ്‍കുട്ടി കൊല്ലപ്പെട്ടു. തുടര്‍ന്ന്‌ മൃതദേഹം മരപ്പൊത്തില്‍ ഒളിപ്പിച്ചശേഷം പ്രതി കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്നു. തുടര്‍ന്ന്‌ മൂവര്‍സംഘത്തെ കൂട്ടി ജാതിപത്രി പെറുക്കാന്‍ സംഭവസ്‌ഥലത്തേക്കു പോയി. ഇതിനിടെ കൂട്ടുകാരില്‍ ഒരാള്‍ മൃതദേഹം കണ്ടു. തുടര്‍ന്ന്‌ വിവരം നാട്ടില്‍ പരന്നെങ്കിലും കുട്ടിക്കൊലയാളിയെപ്പറ്റി ആരും സംശയിച്ചില്ല. പ്രതിയെക്കുറിച്ചു തുടക്കത്തിലേ പോലീസിനു സൂചന ലഭിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ തെളിവു ശേഖരിക്കുന്നതിനായി അന്വേഷണസംഘം രൂപീകരിച്ചു. പോസ്‌റ്റ്മോര്‍ട്ടത്തിനുശേഷം ശ്രീജയുടെ മൃതദേഹം സംസ്‌കാരത്തിനായി തമിഴ്‌നാട്ടിലെ മുത്തലാപുരത്തേക്കു കൊണ്ടുപോയപ്പോഴും അന്വേഷണസംഘം പിന്തുടര്‍ന്നു. തെളിവെടുപ്പു പൂര്‍ത്തിയായി ഒടുവില്‍ ഇന്നലെ പതിമൂന്നുകാരനെ പോലീസ്‌ അറസ്‌റ്റ് ചെയ്യുകയായിരുന്നു. പതിമൂന്നുകാരന്‍ തന്നെയാണ്‌ സംഭവത്തിനു പിന്നിലെന്ന്‌ മനസിലായതോടെ പോലീസ്‌ ഇയാളെ നിരീക്ഷിക്കാന്‍ സഹോദരനെ ചുമതലപ്പെടുത്തി. ഇതില്‍ സംശയം തോന്നിയതിനാല്‍ സഹോദരനെയും അമ്മയെയും കൊല്ലാന്‍ ഈ 'കുട്ടിക്കുറ്റവാളി' ശ്രമിച്ചുവെന്ന്‌ പോലീസ്‌ പറയുന്നു. കടുത്തുരുത്തിയില്‍ വൃദ്ധയായ മാതാവിനെ സ്വന്തം മകന്റെ സഹായത്തോടെ പീഡിപ്പിച്ച കേസില്‍ പ്രതിയ്‌ക്കു കൂട്ടുനിന്നത്‌ വൃദ്ധയുടെ മകന്‍. കഴിഞ്ഞ ദിവസമാണ്‌ കെ.എസ്‌. പുരം സ്വദേശിനിയായ 65വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസി അറസ്‌റ്റിലാകുന്നത്‌. ഇയാളെ ചോദ്യം ചെയ്‌തപ്പോഴാണ്‌ മകന്‍ കൂട്ടുനിന്നതായി വെളിപ്പെട്ടത്‌. തുടര്‍ന്ന്‌ ഇയാളെ അറസ്‌റ്റ്ചെയ്‌തു. ചില്ല്‌ മോഹനന്‍ എന്ന പേരിലറിയപ്പെടുന്ന കുറ്റിങ്ങല്‍ മോഹനനെ(50)യയും മകന്‍ ജോജോയെയുമാണ്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. കഴിഞ്ഞ ഫെബ്രുവരി 20-നാണു പരാതിക്കാസ്‌പദമായ സംഭവം നടന്നത്‌. 23 വര്‍ഷം മുമ്പു ഭര്‍ത്താവ്‌ മരിച്ച വൃദ്ധ മക്കളായ തങ്കച്ചന്‍, ജോജോ എന്നിവരോടൊപ്പമായിരുന്നു താമസിച്ചിരുന്നത്‌. 20-നു രാത്രി മൂത്ത മകന്‍ തങ്കച്ചന്‍ പുറത്തുപോയ സമയത്തു വീട്ടിലെത്തിയ ചില്ല്‌ മോഹനന്‍ ഇളയ മകന്‍ ജോജോയുടെ സഹായത്തോടെ വൃദ്ധയെ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച അമ്മയെ മദ്യലഹരിയിലായിരുന്ന മകന്‍ ജോജോ കൈകളിലും കാലുകളിലും പിടിച്ചു പ്രതിക്കു സഹായം നല്‍കുകയായിരുന്നുവത്രേ. ഫെബ്രുവരി 22-നു പീഡനത്തിനിരയായ സ്‌ത്രീ പരാതി നല്‍കി. അന്ന്‌ എസ്‌.ഐയായിരുന്ന എ.ബി. ബിബിന്റെ നേതൃത്തിലാണ്‌ കേസ്‌ അന്വേഷണം ആരംഭിച്ചത്‌. തുടര്‍ന്നു പോലീസ്‌ ഇവരെ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പരിശോധനയ്‌ക്കു വിധേയമാക്കി. എന്നാല്‍, പരാതിയില്‍ പോലീസിന്‌ സംശയം തോന്നിയതിനെത്തുടര്‍ന്ന്‌ കൂടുതല്‍ പരിശോധനകള്‍ക്ക്‌ തീരുമാനിക്കുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ നിന്ന്‌ ലഭിച്ച റിപ്പോര്‍ട്ട്‌ തിരുവനന്തപുരം ഫോറന്‍സിക്‌ കെമിക്കല്‍ ലാബില്‍ പരിശോധന നടത്തിയപ്പോള്‍ പ്രതി ചില്ല്‌ മോഹനനാണെന്ന്‌ കണ്ടെത്തുകയും ഇയാളെ അറസ്‌റ്റ് ചെയ്യുകയുമായിരുന്നു. കുറവലങ്ങാടിനു സമീപം തൊണ്ണൂറുകാരിയെ സ്വകാര്യ ബാങ്ക്‌ ജീവനക്കാരന്‍ മാനഭംഗപ്പെടുത്തിയത്‌ ഏതാനും ദിവസങ്ങള്‍ മുമ്പ്‌. അവിവാഹിതയായ മകള്‍ക്കൊപ്പം താമസിക്കുകയായിരുന്ന, ശയ്യാവലംബയായ വൃദ്ധയെയാണ്‌ നാല്‌പത്തഞ്ചുകാരന്‍ മാനഭംഗപ്പെടുത്തിയത്‌. എതിര്‍ക്കാന്‍ പോലും കഴിയാത്ത അവസ്‌ഥയില്‍ ജീവിക്കുന്ന വൃദ്ധയെ ഇയാള്‍ മാനഭംഗപ്പെടുത്തുകയായിരുന്നു. ജോലിക്കു പോയി മടങ്ങിയെത്തിയ കൊച്ചുമകളാണ്‌ അമ്മ പീഡിപ്പിക്കപ്പെട്ട വിവരം അറിയുന്നതും പോലീസില്‍ പരാതി നല്‍കുന്നതു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പ്രതി ഇതിനിടെ മുങ്ങി, ഒടുവില്‍ പോലീസ്‌ പിടിയിലാകുമെന്ന്‌ ഉറപ്പായപ്പോള്‍ ഏറ്റുമാനൂര്‍ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ലൈംഗിക വൈകൃതം പെരുകുമ്പോള്‍, പരിഹാരം എന്തെന്ന ചോദ്യം ഉയരുന്നു. ശരിയായ ലൈംഗിക വിദ്യാഭ്യാസം നല്‍കുക മാത്രമാണ്‌ പരിഹാരമെന്ന്‌ ഈ മേഖലയിലെ വിദഗ്‌ധര്‍ പറയുന്നു. പോലീസും ഇത്തരം ഒരു കാര്യത്തിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. സ്വന്തം വീട്ടില്‍ സ്‌നേഹം ലഭിക്കാതെ പോകുന്നതാണ്‌ ഇത്തരത്തില്‍ പല 'കുട്ടിക്കുറ്റവാളികളുടെയും' പിറവിക്ക്‌ കാരണമാകുന്നത്‌. കേരളത്തില്‍ കുടുംബബന്ധങ്ങളിലുണ്ടാകുന്ന വിള്ളലിനെക്കുറിച്ചും ഇത്തരം കാര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നു.

No comments:

Post a Comment