News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Wednesday, 3 August 2011

നാനോ എക്‌സല്‍ തട്ടിപ്പ:് പുരോഹിതനെ ചോദ്യംചെയ്തു; നികുതി ഉദ്യോഗസ്ഥന്‍ പ്രതിപ്പട്ടികയിലേക്ക്

തൃശ്ശൂര്‍: നാനോ എക്‌സല്‍ കമ്പനിയില്‍നിന്ന് കോടികള്‍ കൈക്കൂലി വാങ്ങിയ വാണിജ്യനികുതി വകുപ്പിലെ അസിസ്റ്റന്റ് കമ്മീഷണറെ പ്രതിപ്പട്ടികയിലുള്‍പ്പെടുത്താന്‍ ആവശ്യമായ തെളിവുകള്‍ പോലീസിനു ലഭിച്ചു. കമ്പനിക്കും ഉദ്യോഗസ്ഥനും ഇടയില്‍ മധ്യസ്ഥത വഹിച്ചതായി സംശയിക്കപ്പെടുന്ന പുരോഹിതനെ വടക്കാഞ്ചേരി പോലീസ് ബുധനാഴ്ച ചോദ്യംചെയ്തു. കൈക്കൂലി ഇടപാടില്‍ പങ്കുണ്ടെന്ന വാദം പുരോഹിതന്‍ നിഷേധിച്ചു.




വികാരി ഫാ. സന്തോഷ് ആന്റണിയെയാണ് കൈക്കൂലി വിഷയവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി പോലീസ് ചോദ്യം ചെയ്തത്. സെയില്‍സ് ടാക്‌സ് കണ്‍സല്‍ട്ടന്റായ പുരോഹിതനെക്കുറിച്ച് കഴിഞ്ഞദിവസമാണ് പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ഉദ്യോഗസ്ഥനും വൈദികനും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയുകയായിരുന്നു.



2010ലാണ് വാണിജ്യനികുതി വകുപ്പ് തൃശ്ശൂരിലെ നാനോ എക്‌സല്‍ കമ്പനിയില്‍ പരിശോധന നടത്തിയത്. ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് കമ്പനി അക്കൗണ്ടുകള്‍ ഉദ്യോഗസ്ഥര്‍ മരവിപ്പിച്ചു. അക്കൗണ്ടുകള്‍ തുറന്നുകൊടുക്കാന്‍ വേണ്ടിയാണ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയത്. പണം കൈപ്പറ്റിയതിനുള്ള വ്യക്തമായ തെളിവുകള്‍ പോലീസിനു ലഭിച്ചു. തുടരന്വേഷണത്തിന്റെ ഭാഗമായി ആരോപണവിധേയരായ ഉദ്യോഗസ്ഥരെ പോലീസ് വരുംദിവസങ്ങളില്‍ ചോദ്യംചെയ്യും.



ഒന്നരക്കോടി കൈപ്പറ്റിയ വകുപ്പിലെ അസിസ്റ്റന്റ് കമ്മീഷണര്‍ ഇപ്പോള്‍ തിരുവനന്തപുരത്താണ് ജോലിചെയ്യുന്നത്. ഇയാള്‍ക്കെതിരെ ബുധനാഴ്ച തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ ഒന്നരലക്ഷത്തിന്റെ ഒരു തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് മറ്റൊരു പരാതി ലഭിച്ചിട്ടുണ്ട്. നാനോ എക്‌സല്‍ കമ്പനിയുടെ തട്ടിപ്പിനു കൂട്ടുനിന്ന വാണിജ്യനികുതി ഉദ്യോഗസ്ഥനെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാന്‍ റൂറല്‍ എസ്.പി. വടക്കാഞ്ചേരി പോലീസിനോടാവശ്യപ്പെട്ടു. കമ്പനി ഡയറക്ടര്‍മാരിലൊരാളായ പാട്രിക്ക് തോമസ് നിര്‍ദ്ദേശിച്ച രണ്ടുപേരാണ് വാണിജ്യനികുതി ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ട സ്ഥലത്ത് പണം എത്തിച്ചത്. ഇതില്‍ ഒരാള്‍ ഗള്‍ഫിലേക്ക് കടന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവരെക്കുറിച്ചുള്ള അന്വേഷണം ശക്തമാക്കിയതായി വടക്കാഞ്ചേരി സി.ഐ. മുരളീധരന്‍ പറഞ്ഞു.



നാനോ എക്‌സല്‍ കമ്പനിയുടെ തട്ടിപ്പിനു കൂട്ടുനിന്ന നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ അടുത്തദിവസം പോലീസ് പുറത്തുവിടുമെന്നാണ് സൂചന. തൃശ്ശൂര്‍ ജില്ലയിലെ ഒരു എസ്.ഐ. ഭാര്യയുടെ പേരില്‍ നാനോ എക്‌സല്‍ കമ്പനിയില്‍ 12000 രൂപ നിക്ഷേപിച്ച് ഇരുപതോളംപേരെ കമ്പനിയില്‍ ചേര്‍ത്തതു സംബന്ധിച്ച വിവരങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്.



No comments:

Post a Comment