മഞ്ഞനിക്കര: പുണ്യപിതാക്കന്‍മാര്‍ കബറടങ്ങിയ മണ്ണില്‍ത്തന്നെ വേണം അന്ത്യവിശ്രമമെന്ന ആഗ്രഹം സഫലീകരിച്ച്, യാക്കോബായ സുറിയാനിസഭയിലെ സിംഹാസന പള്ളികളുടെ മുതിര്‍ന്ന മെത്രാപ്പോലീത്ത കുറിയാക്കോസ് മോര്‍ യൂലിയോസിന്റെ ഭൗതികശരീരം മഞ്ഞനിക്കര ദയറായില്‍ കബറടക്കി.
രാവിലെ ഒമ്പതു മണിയോടെ ദയറായില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ചു. ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ മുഖ്യകാര്‍മികത്വം വഹിച്ചു. അന്ത്യോഖ്യന്‍ പ്രതിനിധി അപ്രേം കരീം മെത്രാപ്പോലീത്തയും സഭയിലെ മുഴുവന്‍ മെത്രാപ്പോലീത്തമാരും സഹകാര്‍മികരായി.
മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്‌റ്റം, ക്‌നാനായ ആര്‍ച്ച് ബിഷപ് കുറിയാക്കോസ് മാര്‍ സേവേറിയോസ്, മലങ്കര കത്തോലിക്കാസഭ മാവേലിക്കര ഭദ്രാസന മെത്രാപ്പോലീത്ത ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് എന്നിവര്‍ സംബന്ധിച്ചു.
ശുശ്രൂഷകള്‍ക്കുശേഷം നഗരികാണിക്കല്‍ ചടങ്ങു നടന്നു. പള്ളിയോടും ജനത്തോടും വിടപറഞ്ഞു സമീപ ഇടവകയായ സെന്റ് സ്‌റ്റീഫന്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലിലേക്കായിരുന്നു നഗരികാണിക്കല്‍ ചടങ്ങ്. ഇവിടെ പത്തു മിനിറ്റോളം പൊതുദര്‍ശനത്തിനുവച്ചു. തുമ്പമണ്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മോര്‍ മിലിത്തിയോസ്, ഭദ്രാസനത്തിലെ വിശ്വാസികള്‍ എന്നിവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. ഇതിനുശേഷം ഭൗതികശരീരം ദയറായിലേക്കു തിരികെ കൊണ്ടുവന്നു.
തുടര്‍ന്നുള്ള പ്രാര്‍ഥനയ്‌ക്കുശേഷം മദ്‌ബഹായിലെ ബലിപീഠത്തോടും പട്ടക്കാരോടും ജനങ്ങളോടും യാത്രചോദിച്ചു. കസേരയില്‍ ഇരുത്തി വൈദികര്‍ മൂന്നുതവണ നാലു ദിക്കിലേക്ക് എടുത്തുയര്‍ത്തി. പിന്നീടു പള്ളിക്കുള്ളില്‍ തയാറാക്കിയ കല്ലറയില്‍ സംസ്‌കാരം നടത്തി.
മെത്രാപ്പോലീത്ത സേവനമനുഷ്‌ഠിച്ച വടക്കന്‍ മേഖലകളിലെ പള്ളികളില്‍നിന്നും നിരവധി വിശ്വാസികളും വൈദികരും ആദരാഞ്‌ജലി അര്‍പ്പിക്കാനെത്തി.
പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, എം.എല്‍.എമാരായ അടൂര്‍ പ്രകാശ്, കെ. ശിവദാസന്‍ നായര്‍, കെ.സി. രാജഗോപാല്‍, ആന്റോ ആന്റണി എം.പി, പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ സുരേഷ്‌കുമാര്‍, ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി എന്‍. സജികുമാര്‍, അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍ എന്നിവര്‍ ആദരാഞ്‌ജലി അര്‍പ്പിച്ചു.
സഭയില്‍ മൂന്നുദിവസം ദുഃഖാചരണവും 40 ദിവസം പ്രാര്‍ഥനയും ഉണ്ടായിരിക്കുമെന്നു ശ്രേഷ്‌ഠ കാതോലിക്കബാവ അറിയിച്ചു.
No comments:
Post a Comment