News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Thursday 29 September 2011

കോലഞ്ചേരി പള്ളിത്തര്‍ക്കത്തിന്‌ 'മലബാര്‍ മോഡല്‍' പരിഹാര നിര്‍ദേശം


മീനങ്ങാടി: യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള കോലഞ്ചേരി പള്ളിത്തര്‍ക്കം ശാശ്വതമായി പരിഹരിക്കാന്‍ 'മലബാര്‍ മോഡല്‍' ചര്‍ച്ചയ്‌ക്കു നിര്‍ദേശം. മലബാര്‍ ഭദ്രാസനത്തില്‍ തര്‍ക്കം നിലനിന്ന 17 പള്ളികളില്‍ പതിനഞ്ചിലും പരിഹാരമുണ്ടായതു രണ്ടു വിഭാഗത്തിലെയും വിശ്വാസികളുടെ സംയുക്‌ത ചര്‍ച്ചയിലൂടെയാണ്‌.

കോലഞ്ചേരിയില്‍ ഇരുവിഭാഗം സഭാധ്യക്ഷന്‍മാരും സമരപാതയിലിറങ്ങിയ സാഹചര്യത്തില്‍ മലങ്കര സഭാംഗങ്ങളില്‍ ചിലര്‍തന്നെയാണു 'മലബാര്‍ മോഡല്‍' നിര്‍ദേശിക്കുന്നത്‌. സഭാതര്‍ക്കത്തിനു ശാശ്വത പരിഹാരം വേണമെന്നാണു വിശ്വാസികളുടെ നിലപാട്‌.

മലബാറില്‍ ഇടവകാംഗ കമ്മിറ്റികളാണു ചര്‍ച്ചയ്‌ക്കു മുന്‍കൈയെടുത്തത്‌. സഭാധ്യക്ഷന്‍മാരുടെ അനുമതിയുണ്ടായിരുന്നുവെന്നു മാത്രം. 17 പള്ളികള്‍ സംബന്ധിച്ച്‌ യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്ന മലബാര്‍ ഭദ്രാസനത്തില്‍ രണ്ടെണ്ണത്തില്‍ മാത്രമാണു പരിഹാരമുണ്ടാകാനുള്ളത്‌. വയനാട്ടിലെ കോറോം സെന്റ്‌ മേരീസ്‌ പള്ളി, കൊളഗപ്പാറ സെന്റ്‌ തോമസ്‌ പള്ളി എന്നിവയാണവ.

മറ്റിടങ്ങളിലെല്ലാം പള്ളിയും അനുബന്ധ സ്വത്തുക്കളും ഇരു വിഭാഗവും ചര്‍ച്ചയിലൂടെ പങ്കിടുകയായിരുന്നു. ചില പള്ളികളില്‍ യാക്കോബായ വിഭാഗത്തിനു കൂടുതല്‍ സ്വത്തു ലഭിച്ചപ്പോള്‍ മറ്റിടങ്ങളില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിനാണു കൂടുതല്‍ ലഭിച്ചത്‌.

പള്ളിയുടെയും സ്വത്തുക്കളുടെയും അധികാരം ഇടവകാംഗങ്ങള്‍ക്കായതിനാല്‍ സ്വത്ത്‌ വീതംവയ്‌പില്‍ സഭാധ്യക്ഷന്മാരുടെ കാര്യമായ ഇടപെടലുണ്ടായില്ല. ഇരുവിഭാഗവും ചര്‍ച്ച നടത്തിയുണ്ടാക്കിയ സമവായ നിര്‍ദേശം അതതു പള്ളിക്കമ്മിറ്റി അംഗീകരിച്ചതോടെ പ്രശ്‌നങ്ങളുടെ കുരുക്കഴിഞ്ഞു.

ഇരുവിഭാഗവും കേസുകള്‍ പിന്‍വലിക്കുകയും ചെയ്‌തു. ഒത്തുതീര്‍പ്പ്‌ കരാര്‍ കോടതികളില്‍ സമര്‍പ്പിച്ച്‌ അംഗീകാരവും നേടി. സെമിത്തേരികള്‍ പൊതുവായാണ്‌ ഉപയോഗിക്കുന്നത്‌.

ഇടവക സ്വത്തുക്കള്‍ ഭദ്രാസനത്തിന്റെയോ സഭയുടെയോ പൊതുസ്വത്തല്ല. ഇടവക ജനങ്ങളാല്‍ സമ്പാദിക്കുകയും പരിരക്ഷിക്കുകയും ചെയ്യേണ്ടതാണെന്നാണു വിശ്വാസികളുടെ നിലപാട്‌. മലങ്കര സഭയില്‍ ഇടവക സ്വത്തുക്കളിന്മേല്‍ ഇടവക പൊതുയോഗത്തിനാണു പൂര്‍ണ അധികാരം. അര്‍ഹമായ വിധത്തില്‍ സ്വത്തുക്കള്‍ ഭാഗിച്ചു പിരിഞ്ഞാല്‍ ശാശ്വത പരിഹാരവും സമാധാനവും ഉണ്ടാകുമെന്നാണു മലബാറിലെ ഇരുവിഭാഗം വിശ്വാസികളുടെയും വൈദികരുടെയും നിലപാട്‌.

വ്യവഹാരമുള്ള ഓരോ ഇടവകയും കേസ്‌ നടത്തിപ്പിനു ലക്ഷങ്ങളാണു ചെലവഴിച്ചുകൊണ്ടിരിക്കുന്നത്‌. ഓരോ കോടതിവിധിയും അപ്പീലുകളാല്‍ ചോദ്യംചെയ്യപ്പെടുമ്പോള്‍ നിയമക്കുരുക്കു സങ്കീര്‍ണമാവുകയാണ്‌. കേസ്‌ നടത്തിപ്പിന്‌ ഓരോ ഇടവകയും ചെലവഴിച്ച പണമുണ്ടായിരുന്നെങ്കില്‍ ഇരുവിഭാഗത്തിനും 10 പള്ളികള്‍ വീതം നിര്‍മിക്കാമായിരുന്നുവെന്നു യാക്കോബായ സഭ മലബാര്‍ ഭദ്രാസന വര്‍ക്കിംഗ്‌ കമ്മിറ്റിയംഗം റവ. ഡോ. ജേക്കബ്‌ മിഖായേല്‍ പുല്യാട്ടേല്‍ ചൂണ്ടിക്കാട്ടുന്നു.

മലബാറില്‍ തര്‍ക്കപരിഹാരമുണ്ടാക്കിയ പള്ളികള്‍ (പള്ളി, പ്രശ്‌നപരിഹാരമുണ്ടായ വര്‍ഷം, സ്വത്തുക്കള്‍ വീതംവച്ചതിലെ അനുപാതം എന്നിവ യഥാക്രമം ചുവടെ)

1. പുതുപ്പാടി സെന്റ്‌ മേരീസ്‌ പള്ളി-1985-യാക്കോബായ വിഭാഗം-65 %. ഓര്‍ത്തഡോക്‌സ് വിഭാഗം-35%.

2. മീനങ്ങാടി സെന്റ്‌ പീറ്റേഴ്‌സ് പള്ളി-1985-65%, 35%.

3. തോട്ടാമൂല സെന്റ്‌ കുര്യാക്കോസ്‌ പള്ളി- 1988. 55%, 45%.

4. മണിക്കോട്‌ സെന്റ്‌ മേരീസ്‌ പള്ളി- 1989-65%, 35%.

5. പുല്‍പ്പള്ളി സെന്റ്‌ ജോര്‍ജ്‌ജ് പള്ളി -1990 -65%, 35%.

6. കല്ലുമുക്ക്‌ സെന്റ്‌ ജോര്‍ജ്‌ജ് പള്ളി-2002-50%, 50%.

7. മൂലങ്കാവ്‌ സെന്റ്‌ ജോണ്‍സ്‌ പള്ളി -2002-65%, 35%.

8. മലങ്കരക്കുന്ന്‌ സെന്റ്‌ തോമസ്‌ പള്ളി -2002-65%, 35%.

9. മൈക്കാവ്‌ സെന്റ്‌ മേരീസ്‌ പള്ളി-2003-45%, 55%.

10. വേളംകോട്‌ സെന്റ മേരീസ്‌ പള്ളി-2004-70%, 30%.

11. താളൂര്‍ സെന്റ്‌ മേരീസ്‌ പള്ളി -2005-35%, 65%.

12. വടക്കനാട്‌ സെന്റ്‌ മേരീസ്‌ പള്ളി-2005-35%, 65%.

13. ബത്തേരി സെന്റ്‌ മേരീസ്‌ പള്ളി -2008-30%, 70%.

14, ചീങ്ങേരി സെന്റ്‌ മേരീസ്‌ പള്ളി -2010-65%, 35%.

15. കണിയാമ്പറ്റ സെന്റ്‌ മേരീസ്‌ പള്ളി 2010-65%, 35%.

No comments:

Post a Comment