News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Tuesday 20 September 2011

സഭാതര്‍ക്കം: കോലഞ്ചേരിയില്‍ ഇതര സഭകളും പ്രാര്‍ഥനാ ഗ്രൂപ്പുകളും പിടിമുറുക്കുന്നു - മംഗളം

വര്‍ഷങ്ങളായി പള്ളിത്തര്‍ക്കം നിലനില്‍ക്കുന്ന കോലഞ്ചേരി ഇടവകയില്‍നിന്ന്‌ ഇതര സഭകളിലേക്കും പ്രാര്‍ഥനാ ഗ്രൂപ്പുകളിലേക്കും വിശ്വാസികള്‍ ചേക്കേറുന്നു.

എട്ടുവര്‍ഷത്തിനിടെ ഇടവകപരിധിയില്‍ 11 പ്രാര്‍ഥനാ ഹാളുകളാണ്‌ പെന്തക്കോസ്‌ത് സഭകള്‍ ആരംഭിച്ചത്‌. തങ്കു ബ്രദറിന്റെ സ്വര്‍ഗീയ വിരുന്നും ഇതില്‍പെടും. സഭാതര്‍ക്കത്തിനു നേതൃത്വം നല്‍കിയവര്‍ മുതല്‍ വൈദികരുടെ കുടുംബാംഗങ്ങള്‍വരെ വിടുതല്‍, റിവൈവല്‍ പ്രസ്‌ഥാനങ്ങളില്‍ അഭയം തേടുന്നു. 

കോലഞ്ചേരി പള്ളി സംബന്ധിച്ച പ്രധാന കേസുകളില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിനുവേണ്ടി വാദിയായ എന്‍.പി. ജോണ്‍ ഇപ്പോള്‍ പെന്തക്കോസ്‌ത് സഭയിലാണ്‌. പള്ളിയിലെ മൂന്നു പ്രധാന ശുശ്രൂഷകരില്‍ (കപ്യാര്‍) രണ്ടുപേരുടെ കുടുംബം ഇപ്പോള്‍ പെന്തക്കോസ്‌ത് സഭയിലാണ്‌.

ഇടവകയിലെ പ്രമുഖരായ പലരും ഇപ്പോള്‍ പള്ളിയില്‍ വരാറേയില്ലെന്നാണ്‌ ഇരുവിഭാഗത്തെയും വൈദികര്‍ പറയുന്നത്‌. ഇവരുടെ മക്കളില്‍ പലര്‍ക്കും പള്ളിത്തര്‍ക്കത്തോടു കമ്പവുമില്ല. അവരില്‍ ചിലര്‍ നവീന ഗ്രൂപ്പുകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. ഞായറാഴ്‌ച കുര്‍ബാനയില്‍ പള്ളിയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പകുതിയായി. പെന്തക്കോസ്‌ത് ഹാളുകളിത്തെുന്ന അമ്പതുപേരെങ്കിലും കോലഞ്ചേരി ഇടവകക്കാരാണ്‌.

കോലഞ്ചേരി പള്ളിക്കു സമീപം പുതുതായി ആരംഭിച്ച റോമന്‍ കത്തോലിക്കാ പള്ളിയിലെ നൊവേനയില്‍ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ കൂട്ടമായി പങ്കെടുക്കുന്നുവെന്നാണു കുറച്ചുനാള്‍മുമ്പ്‌ പരിശുദ്ധ കാതോലിക്ക ബാവയ്‌ക്കു നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നത്‌. 

മുരിങ്ങൂര്‍ കേന്ദ്രമായുള്ള കത്തോലിക്കാ കരിസ്‌മാറ്റിക്‌ പ്രസ്‌ഥാനത്തിന്‌ കഴിഞ്ഞ പത്തുവര്‍ഷമായി കോലഞ്ചേരിയില്‍ എല്ലാ ഞായറാഴ്‌ചയും യോഗങ്ങളുണ്ട്‌. അതിന്റെ മുഖ്യസംഘാടകരും ഓര്‍ത്തഡോക്‌സ് സഭാംഗങ്ങള്‍ തന്നെയെന്നാണ്‌ നിവേദനത്തില്‍ പറയുന്നത്‌. 

സഭാതര്‍ക്കത്തില്‍ നിരാശയുള്ളവരെ വലവീശാന്‍ വിവിധ എപ്പിസ്‌കോപ്പല്‍ സഭകളും ഇവിടെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്‌. അന്ത്യോഖ്യന്‍ ആരാധന പിന്തുടരുന്ന മലങ്കര കത്തോലിക്കാ റീത്ത്‌ മൂവാറ്റുപുഴ കേന്ദ്രമാക്കി രൂപത ആരംഭിച്ചു. കോഴഞ്ചേരി പോലെ എല്ലാ സഭാ വിഭാഗങ്ങള്‍ക്കും വളക്കൂറുള്ള മണ്ണായി കോലഞ്ചേരിയും മാറാന്‍ കാരണം ശതാബ്‌ദം പിന്നിട്ട കക്ഷിവഴക്കുതന്നെ.

സഭാതര്‍ക്കത്തിനു ശാശ്വത പരിഹാരം കാണാന്‍ ഇടവക പൊതുയോഗം വിളിക്കണമെന്നു യാക്കോബായ വിഭാഗവും, ഓര്‍ത്തഡോക്‌സ് കക്ഷിയിലെ ഒരുകൂട്ടരും നിരന്തരം ആവശ്യപ്പെട്ടുവരുന്നതാണ്‌. പൊതുയോഗം ചേര്‍ന്ന്‌ ഇടവകയുടെ ഭരണകാര്യങ്ങള്‍ തീരുമാനിക്കട്ടെയെന്നാണ്‌ അവരുടെ നിലപാട്‌. കോടതി വിധിയിലൂടെ എങ്ങനെയും പള്ളിയില്‍ അധികാരമുറപ്പിക്കാനാണ്‌ ഓര്‍ത്തഡോക്‌സ് നേതൃത്വത്തിന്റെ ശ്രമമെന്നു മറുപക്ഷം ആരോപിക്കുന്നു. പൊതുയോഗം ചേര്‍ന്ന്‌ ജനാധിപത്യരീതിയില്‍ തീരുമാനമെടുക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാകാതെ കോലഞ്ചേരി പള്ളിത്തര്‍ക്കത്തിനു ശാശ്വത പരിഹാരമുണ്ടാക്കാന്‍ കഴിയില്ല. യാക്കോബായ സഭയുടെ 2002 ലെ ഭരണഘടനയോ, ഓര്‍ത്തഡോക്‌സ് സഭയുടെ 1934 ലെ ഭരണഘടനയോ തെരഞ്ഞെടുക്കാന്‍ ഇടവകയ്‌ക്ക് അവകാശമുണ്ട്‌. 

ഇടവകക്കാര്‍ സ്‌ഥാപിച്ച പള്ളികള്‍ ഭരിക്കാനുള്ള അവകാശം അവര്‍ക്കു മാത്രമാണെന്നാണ്‌ 1995 ലെ സുപ്രീംകോടതിയുടെയും 2003 ജനുവരി 26 ലെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെയും വിധി. മലങ്കര മെത്രാപ്പോലീത്തായ്‌ക്ക് തനിച്ചു പള്ളികളില്‍ അവകാശമോ നിയന്ത്രണമോ ഇല്ല. ഇടവക പള്ളികളെ ബാധിക്കുന്ന യാതൊരു ഉത്തരവും 1995 ല്‍ സുപ്രീംകോടതി നല്‍കിയിട്ടില്ല. 

പള്ളി സ്വത്തുക്കളുടെ ഭരണം സംബന്ധിച്ചല്ല പ്രസ്‌തുത വിധി. ജനാധിപത്യം സഭയുടെ അടിസ്‌ഥാന തത്വങ്ങളില്‍ ഒന്നായി സുപ്രീംകോടതി നിരീക്ഷിച്ചു. കോടതി ഉത്തരവ്‌ നടപ്പാക്കേണ്ടത്‌ സര്‍ക്കാരല്ലെന്നും കോടതിവിധികള്‍ നിയമം അനുശാസിക്കുന്ന നടപടികളിലൂടെ മാത്രമേ നടപ്പാക്കാവൂ എന്നുമാണ്‌ 2003 ല്‍ ഹൈക്കോടതി വിധിച്ചത്‌. ഈ വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്യാത്തതിനാല്‍ നിലനില്‍ക്കുകയാണ്‌.

No comments:

Post a Comment