News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Wednesday, 14 September 2011

മലങ്കരസഭാ കാതോലിക്കേറ്റ്‌ സ്‌ഥാപനത്തിന്‌ ഇന്നു നൂറാം പിറന്നാള്‍ - മംഗളം

മലങ്കര ഓര്‍ത്തഡോക്‌സ് സഭാ കാതോലിക്കേറ്റ്‌ സ്‌ഥാപനത്തിന്റെ നൂറാം പിറന്നാള്‍. 99 വര്‍ഷംമുമ്പ്‌ ഇന്നേദിവസമാണ്‌ പ്രഥമ കാതോലിക്കയായി മുറിമറ്റത്തില്‍ പൗലോസ്‌ മാര്‍ ഈവാനിയോസ്‌ വാഴിക്കപ്പെട്ടത്‌. നിരണം പള്ളിയില്‍ നടന്ന സ്‌ഥാനാരോഹണ ശുശ്രൂഷയില്‍ പരിശുദ്ധ അബ്‌ദല്‍ മശിഹാ പാത്രിയര്‍ക്കീസ്‌ ബാവ അദ്ദേഹത്തെ പരിശുദ്ധ ബസേലിയോസ്‌ പൗലോസ്‌ പ്രഥമന്‍ എന്ന പേരില്‍ വാഴിച്ചു.

സഭാ കാതോലിക്കേറ്റ്‌ ഇന്നു നൂറാം വര്‍ഷത്തിലേക്കു പ്രവേശിക്കുമ്പോള്‍ വളര്‍ച്ചയുടേയും നേട്ടങ്ങളുടേയും വ്യക്‌തമായ ചിത്രങ്ങള്‍ ചരിത്രത്താളുകള്‍ അലങ്കരിക്കുന്നു. ഒപ്പം നൂറ്റാണ്ടിനുമേല്‍ പ്രായമുള്ള സഭാ കേസുകളും കൂട്ടിനുണ്ട്‌. 19-ാം നൂറ്റാണ്ടില്‍ തുടങ്ങിയ സഭാകേസുകള്‍ 21-ാം നൂറ്റാണ്ടിലും തുടരുമ്പോഴും സമാധാനകാലമെന്ന്‌ അല്‍പമെങ്കിലും പറയാവുന്നത്‌ 1958 മുതല്‍ 1970 വരെയുള്ള 12 വര്‍ഷം മാത്രമാണ്‌. 

ഇന്ന്‌ സഭാതര്‍ക്കങ്ങളുടെ പ്രധാനവേദിയായി തീര്‍ന്നിരിക്കുന്ന കോലഞ്ചേരി ഇടവകയും തര്‍ക്കങ്ങളുടെ ശതാബ്‌ദിയിലേക്കു പ്രവേശിക്കുകയാണ്‌. ഈ ഇടവകക്കാരനായ മുറിമറ്റത്തില്‍ പൗലോസ്‌ മാര്‍ ഈവാനിയോസ്‌ കാതോലിക്ക സ്‌ഥാനം സ്വീകരിച്ചതില്‍ ഇടവകയിലെ ഒരു വിഭാഗം എതിര്‍ത്തു. 

സ്‌ഥാനാരോഹണത്തിനുശേഷം അധികം വൈകാതെ 1912 വൃശ്‌ചികം ആറിനു കോലഞ്ചേരി പള്ളിക്കാര്‍ കോട്ടയം ഡിവിഷന്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ കേസ്‌ ഫയല്‍ ചെയ്‌തു. ആഴ്‌ചകള്‍ക്കുള്ളില്‍ പരിശുദ്ധ കാതോലിക്കാ ബാവയെ മറുപക്ഷം കോലഞ്ചേരി പള്ളിയില്‍നിന്ന്‌ ഇറക്കിവിടുകയും അദ്ദേഹം കോട്ടയം പഴയ സെമിനാരിയില്‍ താമസമാക്കുകയും ചെയ്‌തു. അന്ത്യനാളുകളില്‍ കോലഞ്ചേരി പള്ളിയില്‍ പ്രവേശിക്കാന്‍ സാധിക്കാതെ 1913 മേയ്‌ രണ്ടിന്‌ അദേഹം പാമ്പാക്കുട ചെറിയ പള്ളിയില്‍ കാലംചെയ്‌ത് അവിടെ കബറടക്കപ്പെടുകയും ചെയ്‌തു.

കോലഞ്ചേരി പള്ളിയില്‍ ഇരുവിഭാഗമായി വിശ്വാസികള്‍ തുടരുമ്പോഴും ആരാധനാദി കാര്യങ്ങളും പള്ളിഭരണവും യോജിച്ച്‌ കൊണ്ടുപോയി വന്നു. 1943ല്‍ പരിശുദ്ധ ഗീവര്‍ഗീസ്‌ ദ്വിതിയന്‍ കാതോലിക്ക ബാവ കോലഞ്ചേരി പള്ളിയില്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട്‌ തര്‍ക്കം ഉടലെടുത്തു. 1943 മേയ്‌, ജൂണ്‍, ജൂലൈ മാസങ്ങളിലായി 89 ദിവസം പള്ളി അടയ്‌ക്കപ്പെട്ടു. 

തുടര്‍ന്ന്‌ ഇടവക വൈദികരായിരുന്ന ഗീവര്‍ഗീസ്‌ മുറിമറ്റത്തില്‍, തേനുങ്കല്‍ ഗീവര്‍ഗീസ്‌ മല്‌പാന്‍ എന്നിവരുടെ ശ്രമഫലമായി 90-ാം ദിവസം ആരാധന പുനരാരംഭിച്ചു. 1958 സഭായോജിപ്പ്‌ നടന്നു. യോജിച്ച സഭയുടെ കണ്ടനാട്‌ ഭദ്രാസനാധിപനായിരുന്ന പൗലോസ്‌ മോര്‍ പിലക്‌സിനോസ്‌ നിയമിച്ച ഓടോളില്‍ പൗലോസ്‌ കത്തനാര്‍, കളപ്പുരക്കല്‍ ജോണ്‍ കത്തനാര്‍, പൂവത്തുവീട്ടില്‍ അബ്രാഹാം കത്തനാര്‍ എന്നിവരാണ്‌ പിന്നീട്‌ മുപ്പതുവര്‍ഷം കോലഞ്ചേരി പള്ളിയില്‍ ശുശ്രൂഷിച്ചത്‌. 1975ല്‍ മോര്‍ പിലക്‌സിസോസ്‌ മെത്രാപ്പോലീത്തയെ മലങ്കരയുടെ കാതോലിക്കയായി പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവ വാഴിച്ചു. ഈ കാലഘട്ടത്തില്‍ തന്നെ പരിശുദ്ധ ബസേലിയോസ്‌ മര്‍ത്തോമ മാത്യുസ്‌ പ്രഥമന്‍ ബാവ കാതോലിക്കയായി കോട്ടയത്ത്‌ വാഴിക്കപ്പെട്ടു. സഭയില്‍ വീണ്ടും തര്‍ക്കങ്ങള്‍ രൂക്ഷമായി. അന്ന്‌ പള്ളിയില്‍ ശുശ്രൂഷിച്ചിരുന്ന മൂന്ന്‌ വൈദികരില്‍ പൂവത്തുംവീട്ടില്‍ അബ്രാഹാം കശീശയും ഓടോളില്‍ പൗലോസ്‌ കശീശയും ഓര്‍ത്തഡോക്‌സ് വിഭാഗം കതോലിക്ക പരിശുദ്ധ മാത്യൂസ്‌ പ്രഥമന്‍ ബാവയ്‌ക്കൊപ്പംനിന്നു. 

കളപ്പുരയ്‌ക്കല്‍ ജോണ്‍ കശീശ പൗലോസ്‌ ദ്വിതീയന്‍ ബാവയ്‌ക്കൊപ്പവുംനിന്നു. ഇത്‌ തികച്ചും അവരുടെ വ്യക്‌തിപരമായ തീരുമാനമായിരുന്നു. അന്നുമുതലാണ്‌ കോലഞ്ചേരി പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്‌ രണ്ടു വീതം, പാത്രിയര്‍ക്കീസ്‌ വിഭാഗത്തിന്‌ ഒന്ന്‌ എന്ന ക്രമീകരണം നിലവില്‍ വന്നത്‌. ഇരുവിഭാഗങ്ങളും യോജിച്ചു ആരാധന നടത്തിവരവേ, 1998 ല്‍ ഓര്‍ത്തഡോക്‌സ് വിഭാഗം മെത്രാപ്പോലീത്ത യാക്കോബായ വിഭാഗം വൈദികനെ സ്‌ഥലം മാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ പള്ളിപൂട്ടപ്പെട്ടു. എട്ടു വര്‍ഷത്തോളം പള്ളി പൂട്ടിക്കിടന്നു. 2005ല്‍ ഇരുവിഭാഗം വിശ്വാസികളും കൈകോര്‍ക്കുകയും സമവായത്തിലൂടെ പള്ളി തുറക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്‌തു. 

അന്ന്‌ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പ്രത്യേക ഉത്സാഹവും പ്രോത്സാഹനവും സംയുക്‌ത നീക്കത്തിന്‌ ഊര്‍ജം പകര്‍ന്നു. പള്ളി തുറക്കപ്പെട്ടു. ഇപ്രകാരം ഇരുകൂട്ടം വിശ്വാസികളും സംയുക്‌തമായി നടത്തിയ നീക്കത്തിന്‌ സഭാ നേതൃത്വങ്ങളുടെ ചില കോണുകളില്‍നിന്ന്‌ എതിര്‍പ്പുണ്ടായിരുന്നു. എങ്കിലും അന്നത്തെ സാഹചര്യത്തില്‍ ജനമുന്നേറ്റത്തിനു മുന്നില്‍ തടസങ്ങള്‍ വിലപ്പോയില്ല. 

ഇപ്പോള്‍ ഉണ്ടായ കീഴ്‌ക്കോടതിവിധി മുന്‍നിര്‍ത്തി തര്‍ക്കങ്ങള്‍ മുന്നണിയിലെത്തിക്കാന്‍ പരിശ്രമിക്കുന്നവരില്‍ ഇടവകാംഗങ്ങളുടെ പങ്കാളിത്തം കുറയുന്ന സൂചനയാണ്‌ കാണുന്നത്‌. 

കോലഞ്ചേരിയെ സംബന്ധിച്ച്‌ കഴിഞ്ഞ നൂറു വര്‍ഷമായി കേസുകള്‍ നിലനിന്നിട്ടുള്ളതും വിധികള്‍ പലതും വന്നിട്ടുള്ളതുമാണെങ്കിലും, ആരാധനയ്‌ക്ക് തടസം വന്ന്‌ പള്ളി പൂട്ടിയിടപ്പെട്ടത്‌ ഇടവക ജനങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ മൂലമായിരുന്നില്ല. സഭാ നേതൃത്വങ്ങളുടെ ഇടപെടല്‍ ഉണ്ടായ അവസരങ്ങളില്‍ മാത്രമായിരുന്നു. തര്‍ക്കങ്ങളെത്തുടര്‍ന്ന്‌ ഭരണസംവിധാനത്തില്‍ പ്രശ്‌നങ്ങളുംറിസീവര്‍ ഭരണവും മറ്റും ഉണ്ടായിട്ടുണ്ടെങ്കിലും ഇരുവിഭാഗവും പരസ്‌പര ധാരണയോടെ ഒരു മദ്‌ബഹയില്‍ ഒന്നിച്ച്‌ ആരാധന നടത്തിവന്ന പാരമ്പര്യം ഇവിടത്തെ പ്രത്യേകതയായിരുന്നു. പള്ളിയില്‍ മാത്രമല്ല, മെഡിക്കല്‍ കോളജ്‌, സെന്റ്‌ പീറ്റേഴ്‌സ് കോളജ്‌, സ്‌കൂള്‍ തുടങ്ങിയ സ്‌ഥാപനങ്ങളുടെ ഭരണസമിതിയിലും ഇരുവിഭാഗവും ഒന്നിച്ചിരുന്ന്‌ കാര്യങ്ങള്‍ തീരുമാനിക്കുന്ന ശ്രേഷ്‌ഠമായ പാരമ്പര്യം. 

സാധാരണക്കാരായ വിശ്വാസികളുടെ ഉല്‍കണ്‌ഠ ഇതാണ്‌. പൂര്‍വപിതാക്കന്‍മാരായി നിര്‍മിച്ച്‌ പരിപാലിച്ചുപോരുന്ന ഈ വിശ്വാസഗോപുരത്തില്‍നിന്ന്‌ ഒരു വിഭാഗത്തെ ഇറക്കിവിടാനുള്ള ശ്രമങ്ങള്‍ക്ക്‌ ഇടവകയിലെ മറുവിഭാഗം പോലും പൂര്‍ണ പിന്തുണ നല്‍കുന്നില്ല. ഒരു വിഭാഗത്തെ പള്ളിയില്‍ പ്രവേശിപ്പിക്കുകയില്ല എന്നും സെമിത്തേരിക്ക്‌ വാതില്‍ വച്ചുതരാം എന്നും മറ്റുമുള്ള പ്രസ്‌താവനകള്‍ കേള്‍ക്കുമ്പോള്‍ ഇടവക ജനം അമ്പരക്കുകയാണ്‌. തങ്ങളുടെ പള്ളി പ്രശ്‌നം തീര്‍ക്കാന്‍ സഭയിലെ മറ്റ്‌ ഇടവകകളില്‍നിന്നു ജനം വണ്ടിപിടിച്ചു വരുന്ന കാഴ്‌ച കണ്ട്‌ ഇടവകാംഗങ്ങള്‍ ആകുലപ്പെടുന്നു. ഇരുവിഭാഗം വൈദികര്‍ യോജിച്ച്‌ നടത്തിവന്ന പെരുന്നാള്‍ ശുശ്രൂഷകളും വിവാഹ കൂദാശകളും ശവസംസ്‌കാരശുശ്രൂഷകളും ഈ ഇടവകയ്‌ക്ക് അന്യമാവുകയാണ്‌. 

ഇന്ന്‌ ഓര്‍ത്തഡോക്‌സ് സഭാ കാതോലിക്കേറ്റ്‌ നൂറാം ജന്മദിനം ആഘോഷിക്കുമ്പോള്‍ കോലഞ്ചേരിക്കാരനായിരുന്ന ഒന്നാം കാതോലിക്ക പരിശുദ്ധ പൗലോസ്‌ പ്രഥമന്‍ ബാവയുടെ പിന്‍ഗാമി പരിശുദ്ധ പൗലോസ്‌ ദ്വിതിയന്‍ ബാവ കോലഞ്ചേരി പള്ളിക്കുമുന്നില്‍ സത്യഗ്രഹ സമരത്തിലാണ്‌. അകലെയല്ലാതെ യാക്കോബായ സഭാ കാതോലിക്കാബാവയും. മലങ്കരസഭാ തര്‍ക്കം എങ്ങോട്ട്‌ എന്നത്‌ നൂറു വര്‍ഷത്തിനുശേഷവും സമസ്യയായി അവശേഷിക്കുന്നു.

നിയമപുസ്‌തകം ഉപയോഗിച്ച്‌ നടപ്പാക്കുന്ന സാങ്കേതിക തീരുമാനങ്ങളും വിധികളും വിശ്വാസവിഷയങ്ങളിലെങ്കിലും അപ്രായോഗികമായേക്കാം എന്ന്‌ ഇതു വിളിച്ചുപറയുന്നു. കോടതി വിധികള്‍ക്കും നിയമത്തിന്റെ കടിഞ്ഞാണിനുമപ്പുറം സമവായത്തിലൂടെ കോടതിവിധി നടപ്പാക്കുക എന്നതാണ്‌ തര്‍ക്കങ്ങളുടെ നൂറ്റാണ്ടിനുമിപ്പുറം തുടരുന്ന ഈ ഉപവാസ സമരം നല്‍കുന്ന സന്ദേശം.

No comments:

Post a Comment