News

പരുമല പള്ളിയില്‍ യാക്കോബായ സഭാവിശ്വാസികള്‍ക്ക്‌ വിശ്വാസത്തിനനുസരിച്ച്‌ ആരാധനകള്‍ അര്‍പ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന്‌ യാക്കോബായ സഭ

Saturday, 11 February 2012

പ്രാര്‍ഥനാ മന്ത്രങ്ങളുടെ പുണ്യത്തില്‍ ഭക്‌തിസാഗരമായി മഞ്ഞനിക്കര

മഞ്ഞനിക്കര: അന്ത്യോക്യയിലെ പുണ്യാളന്റെ അനുഗ്രഹം തേടിയെത്തിയ ആയിരങ്ങള്‍ക്ക്‌ വിശ്വാസത്തിന്റെ പാരമ്യതയില്‍ മഞ്ഞനിക്കരയിലേക്കുളള പാതയോരങ്ങളില്‍ സ്വീകരണം. ഇന്നലെ ഉച്ചയ്‌ക്ക് ശേഷം ഓമല്ലൂര്‍ കുരിശിങ്കല്‍ തീര്‍ഥാടകര്‍ സംഗമിച്ചു. പെരുന്നാള്‍ കമ്മിറ്റിയുടേയും ഓമല്ലൂര്‍ പൗരാവലിയുടെയും നേതൃത്വത്തില്‍ തീര്‍ഥാടകരെ സ്വീകരിച്ചു. വടക്കന്‍ ഭദ്രാസനങ്ങളിലെ ദേവാലയങ്ങളുടെ ആഭിമുഖ്യത്തില്‍ നടന്ന കാല്‍നട തീര്‍ഥയാത്രയെ ആര്‍ച്ച്‌ ബിഷപ്‌ കുര്യാക്കോസ്‌ മാര്‍ സേവേറിയോസ്‌, യൂഹാനോന്‍ മാര്‍ മിലിത്തിയോസ്‌, ഡോ.ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌, കുര്യാക്കോസ്‌ മാര്‍ ഗ്രീഗോറിയോസ്‌, കുര്യാക്കോസ്‌ മാര്‍ ഈവാനിയോസ്‌, ഏലിയാസ്‌ മാര്‍ അത്താനാസിയോസ്‌, സഖറിയാസ്‌ മാര്‍ പീലക്‌സിനോസ്‌, സഖറിയാസ്‌ മാര്‍ പോളിക്കാര്‍പ്പസ്‌ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ച്‌ ആശീര്‍വദിച്ച്‌ മഞ്ഞനിക്കരയിലേക്ക്‌ ആനയിച്ചു. ഹൈറേഞ്ച്‌, റാന്നി മേഖലകളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കും തെക്കന്‍ ഭദ്രാസനങ്ങളിലെ ദേവാലയങ്ങളില്‍ നിന്നെത്തിയ വിശ്വാസികള്‍ക്കും സ്വീകരണം നല്‍കി. തീര്‍ഥാടകസംഘങ്ങളെ മഞ്ഞനിക്കരയില്‍ ദയറാ തലവന്‍ ഗീവര്‍ഗീസ്‌ മാര്‍ ദിവന്നാസിയോസ്‌, ഗീവര്‍ഗീസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്തമാരുടെയും ദയറാ കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തില്‍ സ്വീകരിച്ചു. മഞ്ഞനിക്കരയില്‍ പാത്രിയര്‍ക്കീസ്‌ ബാവയുടെ കബര്‍ മുത്തിയാണ്‌ തീര്‍ഥയാത്രയ്‌ക്ക് പരിസമാപ്‌തിയായത്‌. രാവിലെ ദയറാ കത്തീഡ്രലില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും വൈകുന്നേരം ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവയുടെ പ്രധാന കാര്‍മികത്വത്തില്‍ സന്ധ്യാപ്രാര്‍ഥനയും കബറിങ്കല്‍ ധൂപപ്രാര്‍ഥയും നടന്നു. വൈകുന്നേരം നടന്ന തീര്‍ഥയാത്രാ സമാപന സമ്മേളനത്തില്‍ കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു. അന്ത്യോക്യയില്‍ നിന്നും പരിശുദ്ധ പാത്രിയര്‍ക്കീസ്‌ സഖാ പ്രഥമന്‍ ബാവയുടെ പ്രതിനിധിയായി എത്തിയ ബെയ്‌റൂട്ട്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ദാനിയേല്‍ ഖൂറിയ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. മഞ്ഞനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന മാര്‍ യൂലിയോസ്‌ ബാവയുടെ അമ്പതാമത്‌ ഓര്‍മപ്പെരുന്നാളിനോടുബന്ധിച്ച അുസ്‌മരണവും സമ്മേളത്തില്‍ ഉണ്ടായിരുന്നു. പേട്രിയര്‍ക്കല്‍ അസിസ്‌റ്റന്റ്‌ മെത്രാപ്പോലീത്ത മാര്‍ പീലക്‌സിനോസ്‌ മത്യാസ്‌ നയീസ്‌ അനുഗ്രഹ പ്രഭാഷണം നടത്തി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാവിലെ മഞ്ഞനിക്കര ദയറായില്‍ എത്തി കബറിങ്കല്‍ പ്രാര്‍ഥിച്ചു. ദയറാതലവന്‍ ഗീവര്‍ഗീസ്‌ മാര്‍ ദിവന്നാസിയോസിന്റെ തേൃത്വത്തില്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു. ശ്രേഷ്‌ഠ കാതോലിക്കാ തോമസ്‌ പ്രഥമന്‍ ബാവയെയും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ഇന്നു പുലര്‍ച്ചെ മൂന്നിനു ദയറാ കത്തീഡ്രലില്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തിലും അഞ്ചിനു ദയറാ കത്തീഡ്രലില്‍ ശ്രേഷ്‌ഠ കാതോലിക്കാ ബസേലിയോസ്‌ പ്രഥമന്‍ ബാവയുടെ കാര്‍മികത്വത്തിലും വിശുദ്ധ കുര്‍ബാന നടക്കും. എട്ടിനു പെരുന്നാള്‍ കുര്‍ബാനയ്‌ക്കു പാത്രിയര്‍ക്കീസ്‌ ബാവയുടെ പ്രതിനിധികളായെത്തിയ മെത്രാപ്പോലീത്തമാര്‍ മുഖ്യകാര്‍മികത്വം വഹിക്കും.

No comments:

Post a Comment